ഇന്ത്യയില്‍ നിന്നുള്ള വ്യാപാര തിരിച്ചടിയേറ്റ് പാക്കിസ്ഥാന്‍

ഉഭയകക്ഷി വ്യാപാരത്തിലെ ഇടിവ് പാക്കിസ്ഥാനു ഹാനികരമെന്ന് പാക് മാധ്യമമായ 'ഡോണ്‍'

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനുള്ള ശിക്ഷ വ്യാപാര മേഖലയിലെ വന്‍ തിരിച്ചടിയിലൂടെ പാക്കിസ്ഥാന്‍ അനുഭവിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ ചൂണ്ടിക്കാട്ടി പാക് മാധ്യമമായ ‘ഡോണ്‍’ ആണ് ഉഭയകക്ഷി വ്യാപാരത്തിലെ ഇടിവ് വ്യക്തമാക്കിയത്.

ഇന്ത്യയിലേക്ക് 2018-19 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ- ഡിസംബര്‍ കാലയളവില്‍, 213 ദശലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് പാക്കിസ്ഥാനില്‍ നിന്ന് കയറ്റി അയച്ചത്. ഇത് 2019-20 സാമ്പത്തിക വര്‍ഷത്തിലെ സമാന കാലയളവില്‍ നാമമാത്രമായി. 16.8 ദശലക്ഷം ഡോളറായി ഇടിഞ്ഞു. 92.2 ശതമാണു താഴ്ന്നത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 865 ദശലക്ഷം ഡോളറില്‍ നിന്ന് 286.6 ദശലക്ഷം ഡോളറിലേക്കും ഇടിഞ്ഞു.

പാകിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാകട്ടെ 4.8 ബില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5 ബില്യണ്‍ ഡോളറായിരുന്നു. എങ്കിലും, കയറ്റുമതി 889 മില്യണ്‍ ഡോളറില്‍ നിന്ന് 936 മില്യണ്‍ ഡോളറായി ഉയര്‍ന്നു.ചൈനയുമായുള്ള വ്യാപാര കമ്മി 864 ബില്യണ്‍ ഡോളറാണ്.രണ്ടാമത്തെ വലിയ പങ്കാളിയായ യുണൈറ്റഡ് അറബ് എമിറേറ്റ്സിനൊപ്പം ഗള്‍ഫ് രാജ്യത്തേക്കുള്ള കയറ്റുമതിയാകട്ടെ 638 മില്യണ്‍ ഡോളറില്‍ നിന്ന് 827 മില്യണ്‍ ഡോളറായി ഉയര്‍ന്നു.

അതേസമയം, ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിയും ഉയര്‍ന്നു.കയറ്റുമതി കുറഞ്ഞു. ബംഗ്ലാദേശുമായുള്ള ഇറക്കുമതിയും കയറ്റുമതിയും താഴ്ന്നു. പ്രോത്സാഹന ശ്രമങ്ങളുണ്ടായിരുന്നിട്ടും കയറ്റുമതിക്ക് പ്രതീക്ഷിച്ച വളര്‍ച്ച നല്‍കാന്‍ കഴിയാത്തതിന്റെ ആശങ്കയിലാണ് പാകിസ്ഥാനെന്ന് ഡോണ്‍ ചൂണ്ടിക്കാട്ടുന്നു. സേവനങ്ങളുടെ കയറ്റുമതി കാര്യത്തിലും വളര്‍ച്ചയുണ്ടാകുന്നില്ല.

പഴങ്ങള്‍, സിമന്റ്, പെട്രോളിയം ഉല്‍പന്നങ്ങള്‍, ധാതുക്കള്‍, അയിരുകള്‍, ഫിനിഷ്ഡ് ലെതര്‍ എന്നിവയാണ് പാകിസ്ഥാനില്‍നിന്നുള്ള ഇന്ത്യയുടെ പ്രാധാന ഇറക്കുമതി ഇനങ്ങള്‍. അസംസ്‌കൃത പരുത്തി, പരുത്തി നൂല്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, മനുഷ്യനിര്‍മിത നൂല്‍, ചായങ്ങള്‍ എന്നിവ പാകിസ്ഥാനിലേക്കു കയറ്റുമതി ചെയ്തുവരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here