ജോലിക്കൊപ്പമുള്ള പഠനം സ്വപ്നം; കാനഡയിലെ പ്രതിസന്ധിയില്‍ വലഞ്ഞ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

പഠനത്തോടൊപ്പം തൊഴില്‍ വരുമാനവും പഠനശേഷം ജോലിയുമെന്ന വാഗ്ദാനം പാളുന്നു

international students in more trouble due to COVID-19 in Canada

വിദ്യാര്‍ത്ഥി വിസയില്‍ കാനഡയില്‍ പഠനത്തിനായെത്തിയ ഏകദേശം 5 ലക്ഷം കുട്ടികള്‍ രാജ്യത്ത് കോവിഡ് പടരുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിലും ആശങ്കയിലുമെന്നു റിപ്പോര്‍ട്ട്.പകുതിയോളം പെണ്‍ുട്ടികളുള്‍പ്പെടെ ഇവരില്‍ കുടുതലും ചൈനയില്‍നിന്നും ഇന്ത്യയില്‍നിന്നും വന്നവരാണ്.

കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിനിടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈനിലേക്കു പഠനം മാറ്റി. അവശ്യേതര ബിസിനസുകള്‍ അടച്ചുപൂട്ടിയതോടെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ വാടക നല്‍കാനും അടിസ്ഥാന ഭക്ഷണസാധനങ്ങള്‍ വാങ്ങാനും ബുദ്ധിമുട്ടുന്നു. അവരുടെ കരിയര്‍, ഇന്റേണ്‍ഷിപ് സാധ്യതകള്‍ ഏറെക്കുറെ അടഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആപത് സമയങ്ങളില്‍ സഹായവും പിന്തുണയും നല്‍കുന്നതില്‍ ഇതുവരെ ശ്രദ്ധ വച്ചുപോന്ന പ്രധാനമന്ത്രി തല്‍ക്കാലം പകച്ചുനില്‍ക്കുന്ന അവസ്ഥയിലാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കാനഡയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനിഫിറ്റ്, എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് ബെനിഫിറ്റ് എന്നിവയില്‍ നിന്നാണ് നേരത്തെ ആവശ്യമായ സഹായങ്ങളേകിവന്നത്.

ഒട്ടേറെ വിദ്യാര്‍ത്ഥികളുയുടെ സ്റ്റുഡന്റ് വിസ ജൂലൈ 31 ന് അവസാനിക്കും. അതിനുമുമ്പ് ഇവിടെ ജോലി ലഭിക്കണം.പക്ഷേ, ഇപ്പോള്‍ കാനഡയില്‍  ജോലികള്‍ക്ക് വേണ്ടി  അപേക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ബിരുദം നേടി ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ജോലി കണ്ടെത്താത്തവര്‍ക്ക് വെറുംകയ്യോടെ ജന്മനാട്ടിലേക്ക് തിരികെ പോരേണ്ടിവരും. വന്‍ തുക ബാങ്ക് ലോണെടുത്ത് കാനഡയിലെത്തിയവരാണ് അവരില്‍ ഭൂരിഭാഗം പേരും. ഇതില്‍ നാലിലൊന്നാളം വരും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ആയിരക്കണക്കിനുണ്ട് മലയാളി കുട്ടികള്‍.പഠനത്തോടൊപ്പം തൊഴില്‍ വരുമാനവും പഠനശേഷം ജോലിയുമെന്ന വാഗ്ദാനമാണ് കോവിഡ് വന്നതോടെ പാളുന്നത്.

അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന അനുമതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി ജോലി ചെയ്ത് വരുമാനമുണ്ടാക്കാന്‍ കാനഡയില്‍ ആകര്‍ഷകമായ സാഹചര്യമാണുണ്ടായിരുന്നത്. പക്ഷേ ജോലികള്‍ വന്‍ തോതില്‍ അപ്രത്യക്ഷമായിരിക്കവേ ഈ സൗകര്യം മിക്കവാറും നഷ്ടമാകുമെന്നുറപ്പായിക്കഴിഞ്ഞു. വിദ്യാര്‍ത്ഥി വിസകളുടെ വിപുലീകരണത്തിനുള്ള സാധ്യത, അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലിക്കാരായി തൊഴില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കാനുള്ള യോഗ്യത എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും സഹായവും സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്നു അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍.

മുഴുവന്‍ സമയ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് കാലയളവില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ കാമ്പസിന് പുറത്തുപോയി ജോലി ചെയ്യാന്‍ കഴിയുമായിരുന്നു കാനഡയില്‍. ഇതിനു പുറമേ അവധി ദിവസങ്ങളിലും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത ഇടവേളകളിലും ഇപ്രകാരം ജോലി ചെയ്ത് വരുമാനം നേടാന്‍ അനുവദിക്കുന്നുണ്ട്. ഓണ്‍ലൈനില്‍ ആണ് ക്ലാസുകളെങ്കിലും ഓരോ വിദ്യാര്‍ത്ഥിക്കും ആഴ്ചയില്‍ 20 മണിക്കൂര്‍ പ്രവൃത്തിയെടുക്കാം.

പക്ഷേ, കോവിഡ് ബാധ വന്നതോടെ ഒരു ദശലക്ഷത്തിലധികം കാനഡക്കാര്‍ പുതുതായി തൊഴില്‍ രഹിതരായി മാറിയ സാഹചര്യത്തില്‍ ഓഫ് കാമ്പസ് ജോലിയും അതിന്റെ വരുമാനവും സ്വപ്‌നമായി മാറുകയാണ്.കാനഡയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 7500 പിന്നിട്ടു. മരണസംഖ്യ നൂറോളവും. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ കഴിഞ്ഞ ദിവസമാണ് രോഗവിമുക്തയായത്. സ്ഥിതിഗതികള്‍ അടുത്ത കാലത്തൊന്നും പഴയ നിലയിലാകുമെന്ന പ്രതീക്ഷ എവിടെയുമില്ല.

കാനഡയില്‍ 65 ശതമാനം ആളുകള്‍ക്കും കോവിഡ് ബാധിച്ചത് സമൂഹ വ്യാപനം വഴിയെന്ന പഠന റിപ്പോര്‍ട്ട് അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ക്ലേശമാണുണ്ടാക്കുന്നത്. പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട് വന്നതോടെ ഇവരെ തദ്ദേശവാസികള്‍ പൊതുവേ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നു. വിദേശ യാത്ര ചെയ്തതിലൂടെയോ വിദേശത്തുനിന്നു വന്നവരിലൂടെയോ 35 ശതമാനം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. എവിടെ നിന്നാണ് ആരില്‍നിന്നാണ് രോഗം പകര്‍ന്നതെന്ന് അറിയാന്‍ കഴിയാത്ത സാഹചര്യം കാനഡയില്‍ നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here