ജെഫ് ബെസോസ് 2026 ല്‍ ആദ്യത്തെ 'ട്രില്യണയര്‍' ആകും;അംബാനി 2033 ല്‍

ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആയി ചരിത്രത്തിലേക്കു കടക്കാനുള്ള ഭാഗ്യം ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിനായിരിക്കുമെന്ന് ബിസിനസ് ഗവേഷണ രംഗത്തെ അന്താരാഷ്ട്ര കമ്പനിയായ കോമ്പാരിസന്‍ പ്രവചിക്കുന്നു. 2026 ല്‍ 62 വയസ്സ് തികയുമ്പോഴേക്കും അദ്ദേഹത്തിന്റെ സ്വത്ത് ലക്ഷം കോടി ഡോളര്‍ കടന്നേക്കുമെന്നാണ് ഗവേഷണത്തിലൂടെ കോമ്പാരിസന്‍ കണ്ടെത്തിയിരിക്കുന്നത്.

അടുത്തിടെ വിവാഹമോചനത്തിന്റെ ഭാഗമായി 38 ബില്യണ്‍ ഡോളര്‍ നഷ്ടമായെങ്കിലും, ബെസോസ് ഇപ്പോഴും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന്റെ ആസ്തി ശരാശരി 34 ശതമാനം വര്‍ദ്ധിച്ചു.ചൈനീസ് റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ സൂ ജിയാന്‍ ബെസോസിനെ പിന്തുടര്‍ന്ന് 2027 ല്‍ ലോകത്തിലെ രണ്ടാമത്തെ കോടീശ്വരനാകും.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ബെസോസിനേക്കാള്‍ ഒരു പതിറ്റാണ്ടു കൂടി കാത്തിരിക്കേണ്ടിവരും ട്രില്യണയര്‍ പദവി നേടാന്‍. അപ്പോഴേക്കും അദ്ദേഹത്തിന് 51 വയസാകും. ഇന്ത്യയുടെ മുകേഷ് അംബാനിക്ക് 2033 ല്‍ 75 വയസ്സ് തികയുമ്പോള്‍ ട്രില്യണ്‍ പട്ടികയിലെ മഹാകോടീശ്വരനാകാന്‍ കഴിയുമെന്ന് ഗവേഷണത്തില്‍ പറയുന്നു. അലിബാബയുടെ ജാക്ക് മാ 2030 ല്‍ 65 വയസ്സ് തികയുമ്പോള്‍ ട്രില്യണയര്‍ ആയേക്കും.

കമ്പനി വിശകലനം ചെയ്ത 25 വ്യക്തികളില്‍ പതിനൊന്ന് പേര്‍ക്കാണ് സമീപകാല സമ്പദ്‌വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ അവരുടെ ജീവിതകാലത്ത് ഒരു ട്രില്യണ്‍ കോടീശ്വരനാകാനുള്ള അവസരം ലഭിക്കുക. ആപ്പിള്‍ കമ്പനിയാണ് കോര്‍പ്പറേറ്റ് രംഗത്ത് ആദ്യമായി ട്രില്യണ്‍ ഡോളര്‍ ഓഹരി മൂല്യം നേടിയത്, കഴിഞ്ഞ വര്‍ഷം. 2025 ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനുള്ള ലക്ഷ്യമാണ് ഇന്ത്യാ ഗവണ്‍മെന്റ് അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it