ജോൺസൺസ് ബേബി പൗഡർ ഉൽപ്പാദനം നിർത്തുന്നു, കാരണങ്ങൾ അറിയാം

ലോകത്ത് ഏറ്റവും അധികം വിലക്കപ്പെടുന്ന ജോൺസൻസ് ബേബി പൗഡർ (Johnsons Baby Powder) ഉൽപ്പാദനം നിർത്തുന്നു. 2023 മുതൽ ഇത് ലഭ്യമാകില്ല. കൺസ്യൂമർ കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമ രംഗത്തെ ബഹുരാഷ്ട്ര കമ്പനിയായ ജോൺസൻ & ജോൺസൻ ബേബി പൗഡർ ഉൽപ്പാദനവും വിതരണവും നിർത്താൻ പ്രധാന കാരണം ഇതിൽ അർബുദം ഉണ്ടാക്കുന്ന മാരകമായ ആസ്ബസ്റ്റോസ് (asbestos) അടങ്ങിയിട്ടുണ്ട് എന്ന ആരോപണമാണ്. കമ്പനി അത് നിഷേധിച്ചെങ്കിലും തെറ്റായ പ്രചരണം നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക വ്യാപകമായി ബേബി പൗഡർ വിൽപ്പന നിർത്താൻ തീരുമാനിച്ചതായി അറിയിച്ചു.

കാനഡയിലും, അമേരിക്കയിലും ജോൺസൺ ബേബി പൗഡർ വിപണനം 2020 ൽ നിർത്തലാക്കിയിരുന്നു. കുട്ടികളുടെ ചര്മത്തിന് ജോൺസൻ പൗഡർ സുരക്ഷിതമല്ലന്ന് ആരോപണം വന്നതോടെ ഇരു രാജ്യങ്ങളിലും വിൽപ്പന കുറഞ്ഞിരുന്നു.

നിലവിൽ ജോൺസൺ കമ്പനി ബേബി പൗഡർ സംബന്ധിച്ച 38,000 കേസുകൾ നേരിടുന്നുണ്ട്. വർധിച്ചു വരുന്ന നഷ്ടപരിഹാര തുകകൾ കോടതികൾ വിധിച്ചത് കമ്പനിക്ക് സാമ്പത്തിക ഭാരം ഉണ്ടാകാതിരിക്കാൻ ബേബി പൗഡർ ബിസിനസിനെ ഒരു സബ്സിഡിയറി കമ്പനിക്ക് കീഴിൽ കൊണ്ടു വന്നു. തുടർന്ന് കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ നിലവിലുള്ള കേസുകളിൽ അനിശ്ചിതത്ത്വം നിലനിൽക്കുന്നു.

പാപ്പരത്തം പ്രഖ്യാപിച്ചില്ലെങ്കിൽ 3.5 ശതകോടി ഡോളർ നഷ്ടപരിഹാരമായി ജോൺസൺ & ജോൺസൺ നൽകേണ്ടി വരുമായിരുന്നു. ഇതിൽ 22 വനിതകൾ നൽകിയ കേസുകളിൽ മൊത്തം നഷ്ടപരിഹാരം വിധിച്ച 2 ശതകോടി ഡോളറും ഉൾപ്പെടും.

ജോൺസൺ & ജോൺസൺ (Johnson & Johnson) നടത്തിയ ലാബ് പരിശോധനകളിൽ ആസ്ബസ്റ്റോസ് കണ്ടെത്താൻ കഴിഞ്ഞില്ലന്ന് കമ്പനി കോടതികളെ അറിയിച്ചിരുന്നു. ചോള പൊടി ഉപയോഗിച്ചു കൊണ്ടുള്ള ബേബി പൗഡർ നിർമിക്കാനാണ് ജോൺസൺ & ജോൺസൺ കമ്പനിയുടെ തീരുമാനം. ഇത്തരം ബേബി പൗഡറുകൾ വിവിധ രാജ്യങ്ങളിൽ നിലവിൽ ലഭ്യമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it