ജൂനിയര്‍ 'സൈക്കിള്‍ മേയര്‍' വരുന്നു; ഫിറോസ സുരേഷ് ഇനി ഇരട്ടി വേഗത്തില്‍

മുംബൈയിലെ കുട്ടികള്‍ക്കിടയില്‍ സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്, 2020 ഫെബ്രുവരിയില്‍ നഗരത്തിന് ഒരു ജൂനിയര്‍ 'സൈക്കിള്‍ മേയര്‍' ലഭിക്കും. ഒന്‍പതിനും 16 നും ഇടയിലായിരിക്കും കൊച്ചു മേയറുടെ പ്രായം.

ലോകത്തിലെ പ്രഥമ ജൂനിയര്‍ സൈക്കിള്‍ മേയറെ ആംസ്റ്റര്‍ഡാമില്‍ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയില്‍, ആദ്യത്തെ ജൂനിയര്‍ സൈക്കിള്‍ മേയറെ ലഭിച്ച നഗരം ഗുജറാത്തിലെ വല്‍സാദ് ആണ്. ജനങ്ങളെക്കൊണ്ട് സൈക്കിളോടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബൈസിക്കിള്‍ മേയര്‍മാര്‍ ഒരു വലിയ മാറ്റത്തിനാണ് ശ്രമിക്കുന്നത്. മുംബൈയുടെ ബൈസിക്കിള്‍ മേയറായ ഫിറോസ സുരേഷിന്റെ തനത് രീതികളെ ചൂണ്ടിക്കാട്ടി ബിബിസി 'മെയ്ഡ് ഓണ്‍ എര്‍ത്ത്' എന്ന പരിപാടി ഒരുക്കി. മലയാളിയായ സുരേഷാണ് ഫിറോസയുടെ ഭര്‍ത്താവ്. മകന്‍ ഇഷാന്‍.

ഡല്‍ഹിയെ ശ്വാസംമുട്ടിക്കുന്ന അവസ്ഥ കണക്കിലെടുത്താണ് ബിബിസി ഇത്തരമൊരു പരിപാടി തയ്യാറാക്കിയതും അതില്‍ പരിസ്ഥിതി സൗഹൃദമായ സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കുന്ന ഫിറോസയെ ഭാഗമാക്കിയതും. കാറുകളും മറ്റ് വാഹനങ്ങളും ഉപയോഗിക്കുന്നതിന് വിരുദ്ധമായി കൂടുതല്‍ ആളുകളെ സൈക്ലിങ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് ഫിറോസ പറയുന്നു.കാലക്രമേണ മലിനീകരണം, തിരക്ക്, ഈര്‍പ്പം എന്നിവയോട് ആളുകള്‍ പൊരുത്തപ്പെടാന്‍ സാധ്യതയുണ്ട്.

മുബൈയിലെ ആദ്യത്തെ ബൈസിക്കിള്‍ മേയറാണ് കേരളത്തിന്റെ മരുമകളായ ഫിറോസ സുരേഷ്. മുംബൈയിലെ സുസ്ഥിര ഗതാഗതത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് ഫിറോസയുടെ ലക്ഷ്യം. മുംബൈയില്‍ യാത്രചെയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗം സൈക്കിളാണെന്ന് ഫിറോസ പറയുന്നു.

തന്റെ ലക്ഷ്യം പുര്‍ത്തിയാക്കാന്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുന്നു. ഇന്ത്യയില്‍ 'സ്മാര്‍ട്ട് യാത്രാ' സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഒരു ഉപദേശക സമിതി നയിക്കുന്നുമുണ്ട് ഫിറോസ. സൈക്ലിങ് രാജ്യങ്ങളുടെ ആഗോള ഭൂപടത്തില്‍ ഇന്ത്യയെ രേഖപ്പെടുത്തുകയാണ് ഫിറോസയുടെ മറ്റൊരു ലക്ഷ്യം.

വിവാഹശേഷം സൈക്കിള്‍ ജീവിതത്തിന് ഇടവേള വന്നെങ്കിലും പിന്നിട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു ഫിറോസ. 2010ലെ മുംബൈ സൈക്ലത്തോണാണ് സ്വപ്നങ്ങള്‍ക്ക് പെഡല്‍ നല്‍കിയത്. അതില്‍ പങ്കെടുത്തായിരുന്നു സൈക്ലിങ് രംഗത്തേക്ക് തിരിച്ചുവരവ്. ആംസ്റ്റര്‍ഡാമില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ 2017ലാണ് ബൈസിക്കിള്‍ മേയര്‍ എന്ന ആശയം അറിയുന്നത്. പിന്നീട് അതിന്റെ ഭാഗമാവുകയായിരുന്നു.

ബൈസിക്കിള്‍ മേയര്‍

ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിവൈസിഎസ് ആണ് ബൈസിക്കിള്‍ മേയര്‍ എന്ന ആശയത്തിന്റെ സ്ഥാപകര്‍. 2030തോടെ ലോകത്തില്‍ 60 ശതമാനം പേരും യാത്രയ്ക്ക് സൈക്കിള്‍ ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണ് ബിവൈസിഎസ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ഇവരെ സഹായിക്കുന്നവരാണ് ബൈസിക്കിള്‍ മേയര്‍മാര്‍. ലോകത്താകെ നൂറോളം ബൈസിക്കിള്‍ മേയര്‍മാരാണുള്ളത്. ഇതില്‍ 41 പേര്‍ ഇന്ത്യക്കാരാണ്. ഫിറോസയടക്കം ആറ് പേര്‍ സ്ത്രീകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it