കൊറോണ; കാസര്‍കോട് ഒറ്റപ്പെടുന്നു?

കര്‍ണാടകയിലേക്കുള്ള മിക്ക റോഡുകളും അടച്ചും കടകള്‍ അടപ്പിച്ചും കൊറോണയെ തടയാനുള്ള അധികൃതരുടെ ശ്രമം മുന്നേറുമ്പോള്‍ കാസര്‍കോട് ജില്ല ഒറ്റപ്പെടലിലേക്ക് നീങ്ങുന്നു. ദേശീയ പാതയില്‍ തലപ്പാടി അതിര്‍ത്തിയില്‍ കേരളവും കര്‍ണാടകവും കടുത്ത നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്. ചരക്കു നീക്കത്തെ അത് ബാധിക്കില്ലെന്നാണ് അധികൃതരുടെ ഭാഷ്യമെങ്കിലും അതെന്ത്രമാത്രം പ്രായോഗികമാണെന്ന് കണ്ടറിയേണ്ട സ്ഥിതി.

കാസര്‍കോടിനെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന നഗരമാണ് മംഗലാപുരം. വിദ്യാഭ്യാസത്തിനായും ചികിത്സയ്ക്കായും വ്യാപാരത്തിനായും കാസര്‍കോടിന് മംഗലാപുരത്തെ ആശ്രയിച്ചേ മതിയാകൂ. കാസര്‍കോട് വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന പലരുടെയും താമസം മംഗലാപുരത്താണ് ഇവര്‍ക്കും പോക്കുവരവ് പ്രയാസമുണ്ടാക്കും. കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന 17 റോഡുകളില്‍ 12 എണ്ണവും ഇതിനകം ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട അഞ്ച് റോഡുകളിലൂടെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങളെയും ആളുകളെയും കടത്തി വിടുന്നത്.
അധികൃതരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാതെ തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുന്ന കുറേ പേരാണ് സ്ഥിതി വഷളാക്കുന്നതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ കടകള്‍ തുറക്കാവൂ എന്ന നിര്‍ദ്ദേശം പോലും പലരും അനുസരിക്കാന്‍ തയാറായിട്ടില്ല. ജില്ലാ കളക്ടര്‍ നേരിട്ട് പോയാണ് പല കടകളും അടപ്പിച്ചത്.

ജില്ലയില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണുള്ളത്. വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുന്നു. ഹോട്ടലുകള്‍ പോലും തുറന്നിട്ടില്ല. പട്ടണങ്ങളില്‍ ആള്‍ത്തിരക്കുമില്ല.
അത്യാവശ്യം നടക്കുന്നത് നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ജില്ലാ ജനറല്‍ കണ്‍വീനര്‍ എ കെ ശ്യാംപ്രസാദ് പറയുന്നു. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആരംഭിച്ചതോടെ അതും നിലയ്ക്കുന്ന സ്ഥിതിയാണ്.

ചൈനയിലും ഇറ്റലിയിലും മറ്റുമുണ്ടായതു പോലെ കൊറോണയുടെ സമൂഹ വ്യാപനം കാസര്‍കോടിലൂടെയാകുമോ എന്ന ആശങ്കയാണ് ആരോഗ്യപ്രവര്‍ത്തകരിലും അധികൃതരിലുമുള്ളത്. അതുകൊണ്ടു തന്നെ കണ്ണൂരിന്റെ അതിര്‍ത്തിയിലും കര്‍ശന പരിശോധന ഉണ്ടായേക്കും. കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ച വ്യക്തി കണ്ണൂരിലും ചില ചടങ്ങുകളില്‍ പങ്കെടുത്തെന്ന വാര്‍ത്ത കൂടി അറിഞ്ഞതോടെ കണ്ണൂരും ഭീതിയിലായിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it