കശ്മീര്‍ വീണ്ടും സഞ്ചാരികളുടെ സ്വര്‍ഗ്ഗമാകും: പ്രഹ്ലാദ് പട്ടേല്‍

സമാധാനവാഴ്ചയെപ്പറ്റിയുള്ള ആശങ്ക മൂലം വിനോദ സഞ്ചാരികള്‍ താല്‍ക്കാലികമായി ജമ്മു കശ്മീരിനെ കയ്യൊഴിഞ്ഞെങ്കിലും ഇത്തിരി സമയമെടുത്ത് സ്ഥിതിഗതികള്‍ സുസ്ഥിരമാകുന്നതോടെ താഴ്‌വര പഴയ പ്രതാപം വീണ്ടെടുക്കുമെന്ന കാര്യത്തില്‍ കേന്ദ്ര ടൂറിസം മന്ത്രിക്കു ശുഭാപ്തി വിശ്വാസം.

'കഴിഞ്ഞ വര്‍ഷം 3 കോടി യാത്രക്കാര്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത് രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുമ്പോഴായിരുന്നു. 80 ലക്ഷത്തോളം പേര്‍ വൈഷ്‌നോ ദേവി സന്ദര്‍ശിച്ചു, ഒട്ടേറെപ്പേര്‍ അമര്‍നാഥിലുമെത്തി. ആളുകളുടെ മനസ്സിലുള്ള ഭയം നീക്കം ചെയ്യാനായാല്‍ സാഹചര്യം നന്നാകുക തന്നെ ചെയ്യും' ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ജമ്മു കശ്മീരിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് വിപുലമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി സെപ്റ്റംബറില്‍ ലഡാക്കിലെ ലേ സന്ദര്‍ശിക്കുമെന്നും പട്ടേല്‍ അറിയിച്ചു.

ടൂറിസം വികസനത്തിനായി അടിസ്ഥാനസൗകര്യങ്ങളുറപ്പാക്കുമെന്ന് ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ സിഎംഡി പീയൂഷ് തിവാരി പറഞ്ഞു.

സ്വകാര്യമേഖലയും ആവേശം വീണ്ടെടുത്തു തുടങ്ങി.'പ്രദേശം പൂര്‍ണമായും സുരക്ഷിതമായാല്‍ ടൂറിസ്റ്റുകള്‍ വരും, നിക്ഷേപവുമെത്തും'', ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് പ്രണബ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

'ഞങ്ങള്‍ക്ക് താഴ്വരയില്‍ സമാധാനം ആവശ്യമാണ് ... ആളുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണം'-ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച്സിഎല്‍) സിഇഒ പുനീത് ചട്വാള്‍ പറഞ്ഞു. സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കശ്മീരിലെ ഹോട്ടല്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുത്തി. ഐഎച്ച്സിഎല്‍ കൂടാതെ, ലെമണ്‍ ട്രീ, ദ് പാര്‍ക്ക്, ഷെറാട്ടണ്‍ തുടങ്ങിയ കമ്പനികളും ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സൊന്മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ പണിതുവരുന്നു.

ജമ്മു കശ്മീരിനായി ആദ്യത്തെ നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രിയുടെ ടൂറിസം കമ്മിറ്റി.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it