കെല്‍ട്രോണിന് 8.37 കോടിയുടെ കരാര്‍ നാവികസേനയില്‍ നിന്ന്

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് പ്രതിരോധ വകുപ്പില്‍ നിന്ന് 8.37 കോടി രൂപയുടെ ഓര്‍ഡര്‍. നാവികസേനയുടെ കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനത്തിന്റെ രൂപകല്‍പനയ്ക്കും നിര്‍മ്മാണത്തിനുമുള്ളതാണ് ഈ കരാര്‍.

കെല്‍ട്രോണിന്റെ തിരുവനന്തപുരം കരകുളം യൂണിറ്റിലെ സ്പെഷ്യല്‍ പ്രോഡക്റ്റ്സ് ഗ്രൂപ്പാണ് അണ്ടര്‍ വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനം നിര്‍മിക്കുന്നത്. രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് കഴിഞ്ഞ 30 വര്‍ഷമായി ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ കെല്‍ട്രോണ്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. നാവികസേനയുടെ മുങ്ങിക്കപ്പലുകളില്‍ ഉപയോഗിക്കുന്ന എക്കോസൗണ്ടറിന്റെ രൂപകല്‍പനയും നിര്‍മ്മാണവും കെല്‍ട്രോണ്‍ നിര്‍വഹിക്കുന്നുണ്ട്. 5.63 കോടി രൂപയുടെ ഓര്‍ഡറാണ് കഴിഞ്ഞ ഒക്ടോബറില്‍ ലഭിച്ചത്. പ്രതിരോധ മേഖലയില്‍ നിന്ന് 85 കോടിയലേറെ രൂപയുടെ ഓര്‍ഡറുകള്‍ നിലവില്‍ കെല്‍ട്രോണിനുണ്ട്.

റേഡിയോ തരംഗങ്ങള്‍ വഴി കപ്പലുകള്‍ക്കിടയില്‍ ഡാറ്റ, ശബ്ദസന്ദേശം എന്നിവയിലൂടെ ആശയവിനിമയം സാധ്യമാക്കുന്നതാണ് അണ്ടര്‍വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനം. കപ്പലുകള്‍ തമ്മിലുള്ള ദൂരം, മുന്നില്‍ വരുന്ന തടസ്സങ്ങള്‍ എന്നിവ മനസ്സിലാക്കി വിവരങ്ങള്‍ നല്‍കുന്ന സങ്കീര്‍ണ്ണ സാങ്കേതിക വിദ്യയാണിത്. ആധുനിക സോഫ്റ്റ്വെയറില്‍ നിര്‍മിക്കുന്ന ഉപകരണം പ്രവര്‍ത്തനത്തിലും നിലവാരത്തിലും മികവുറ്റതായിരിക്കും.

പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് വ്യവസായ വകുപ്പ് കെല്‍ട്രോണില്‍ ആധുനികവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 9.56 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരത്തെ കരകുളം യൂണിറ്റിലും ആലപ്പുഴയിലെ അരൂര്‍ യൂണിറ്റിലും നടത്തുന്നത്. അണ്ടര്‍ വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനം, എക്കോ സൗണ്ടര്‍ എന്നിവയുടെ കൂടുതല്‍ ഓര്‍ഡറുകള്‍ പ്രതിരോധ വകുപ്പില്‍ നിന്ന് കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നു. ഇതോടെ ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണു പ്രതീക്ഷ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it