വിനോദ നികുതി ഒരു വര്‍ഷം ഒഴിവാക്കണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന

ലോക്ഡൗണിനെത്തുടര്‍ന്ന് നാലു മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സാഹചര്യമൊരുക്കണമെന്നും വിനോദ നികുതി ഒരു വര്‍ഷത്തേക്ക് റദ്ദാക്കണമെന്നും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. വൈദ്യുതി ബില്‍, ബാങ്ക് വായ്പ അടവുകള്‍ക്കും ജീവനക്കാരുടെ മാസശമ്പളം നല്‍കുന്നതിനുമെല്ലാം തീയേറ്റര്‍ ഉടമകള്‍ ബുദ്ധിമുട്ടുകയാണെന്ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ സംഘടനയുടെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ സിനിമാ തീയേറ്റര്‍ വ്യവസായം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി ആദ്യം അടച്ചു, മാര്‍ച്ച് 10 ന്. ഇപ്പോഴും എന്നു തുറക്കുമെന്നോ തുറന്നാല്‍ തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഏത് രീതിയില്‍ നഷ്ടമില്ലാതെ പ്രവര്‍ത്തനം സാധ്യമാകുമെന്നോ ഉള്ള ആശങ്കയിലാണ്് തീയേറ്റര്‍ ഉടമകള്‍. ഒരു വരുമാനവുമില്ലാതെ അഞ്ചുമാസത്തില്‍ അധികമായി ജീവനക്കാരുടെ ശമ്പളം പകുതിയെങ്കിലും നല്‍കുന്നു- ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വൈദ്യുതിയുടെ ഫിക്‌സഡ് ചാര്‍ജില്‍ ഇളവ് അനുവദിച്ചെങ്കിലും തുടര്‍ന്ന് വന്ന മാസബില്ലുകള്‍ പലരും അടയ്ക്കാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുന്നു. അടഞ്ഞു കിടക്കുന്ന തീയേറ്ററുകള്‍ നശിക്കാതെ സംരക്ഷിക്കാനും കഷ്ടപ്പെടുന്നു. ബാങ്ക് വായ്പയുടെ മൊറട്ടോറിയത്തിന് അധിക പലിശ നല്‍കേണ്ടി വരും. വലിയ ഒരു പ്രതിസന്ധിയാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഇത് തരണം ചെയ്യാനുള്ള സഹായ അഭ്യര്‍ഥനയാണ് മുന്നോട്ടു വയ്ക്കുന്നത്.

തീയേറ്ററുകളിലെ വൈദ്യുതിയുടെ ഫിക്‌സഡ് ചാര്‍ജ്ജ് 2021 മാര്‍ച്ച് വരെ പൂര്‍ണമായി ഒഴിവാക്കുക,വിനോദ നികുതി ഒരു വര്‍ഷത്തേക്ക് റദ്ദാക്കുക.
തീയേറ്ററുകളുടെ കെട്ടിട നികുതി 50% ഇളവ് നല്‍കുക,2020 മാര്‍ച്ച് 31ന് തീര്‍ന്ന തീയേറ്റര്‍ ലൈസന്‍സ് ഉപാധികളില്ലാതെ 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കുക,സിനിമ തീയേറ്ററുകളിലെ പുതുക്കിയ മിനിമം വേതന ഉത്തരവ് ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കുക, ജി എസ് ടി ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുക, പ്രളയ സെസ് നിര്‍ത്തലാക്കുകയും ക്ഷേമനിധി ഒരു വര്‍ഷത്തേക്ക് പിന്‍വലിക്കുകയും ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

നിരവധി തീയേറ്ററുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിച്ചാല്‍ മുകളില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായമാണ് എന്ന് ബോധ്യപ്പെടുമെന്ന നിവേദനത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കി തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിക്കുന്ന പക്ഷം പുതിയ സിനിമകളുടെ റിലീസ് ഉണ്ടാകാതെ വരും. പഴയ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് തീയേറ്ററുകള്‍ ക്രമേണ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുമോ എന്നുള്ള പരിശ്രമം നടത്തുകയാണ് ലക്ഷ്യം- ഫെഡറേഷന്‍ പ്രസിഡന്റ് അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it