പ്‌ളാസ്റ്റിക് വ്യവസായ മേഖല പ്രതിസന്ധിയില്‍: 1,200 കോടിയുടെ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു

മുന്നൊരുക്കമില്ലാതെയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയും ഏകപക്ഷീയമായാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ പ്‌ളാസ്റ്റിക് നിരോധിച്ചതെന്ന് കേരള പ്‌ളാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഈമാസം ഒമ്പതിന് നിക്ഷേപക സംഗമം നടക്കുന്ന കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം സത്യാഗ്രഹം നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണ ഭട്ട് പറഞ്ഞു.

നിര്‍മ്മാതാക്കളുടെയും കച്ചവടക്കാരുടെയും പക്കല്‍ 1,200 കോടി രൂപയുടെ ഉത്പന്നങ്ങളുണ്ട്. ഇവ വിറ്റഴിയ്ക്കാന്‍ ആറു മാസം പോലും അനുവദിച്ചില്ല. സംസ്ഥാനത്ത് 1,300 ഓളം പ്‌ളാസ്റ്റിക് വ്യവസായങ്ങളാണുള്ളത്. മൂവായിരം കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങള്‍ 540 കോടി രൂപ നികുതി അടയ്ക്കുന്നുണ്ട്. നേരിട്ട് 35,000 പേരും പരോക്ഷമായി 60,000 പേരും ജോലി ചെയ്യുന്നു. പ്‌ളാസ്റ്റിക് കവറുകളില്‍ ഉത്പന്നങ്ങള്‍ പായ്ക്കു ചെയ്തു നല്‍കുന്ന കുടില്‍ വ്യവസായങ്ങളും നിരോധനത്താല്‍ തകരും.

മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ച നടത്തിയില്ല. പ്‌ളാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായികളോടും ആലോചിട്ടില്ല. ചില ഉദ്യോഗസ്ഥരുടെ താത്പര്യങ്ങളാണ് നിരോധനം വേഗത്തില്‍ നടപ്പാക്കാന്‍ കാരണം.

പ്‌ളാസ്റ്റിക്കിന് പകരം നിര്‍ദേശിക്കപ്പെട്ട ഇലകളും മറ്റും സുലഭമല്ല. ഒരു തവണ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് വസ്തുക്കള്‍ സംസ്‌കരിക്കുകയും ടാറിംഗിന് ഉപയോഗിക്കുകയും ചെയ്താല്‍ മാലിന്യം ഇല്ലാതാക്കാം. പ്‌ളാസ്റ്റിക് വലിച്ചെറിയുന്ന പ്രവണത മാറ്റാന്‍ ശുചിത്വം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അസോസിയേഷന്‍ രൂപീകരിച്ച കമ്പനിക്ക് സ്ഥലം നല്‍കിയാല്‍ പ്‌ളാസ്റ്റിക് മാലിന്യം പൂര്‍ണമായി സംസ്‌കരിക്കാന്‍ സന്നദ്ധമാണ്. അടച്ചുപൂട്ടേണ്ടിവരുന്ന വ്യവസായങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും തൊഴിലാളികളെ പുനര്‍വിന്യസിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it