'സംരംഭകനെ ആക്രമിച്ചു, നാട് നിശ്ചലമാക്കി; ഇനി നിക്ഷേപക സംഗമമോ ?'

കൊച്ചിയില്‍ സംരംഭകന്‍ ആക്രമിക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെ കേരളത്തെ നിശ്ചലമാക്കിയ പൊതുപണിമുടക്കിന്റെ പിറ്റേന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അസ്സെന്‍ഡ് കേരള 2020 എന്തു ഗുണഫലമുണ്ടാക്കുമെന്ന ആശങ്ക പങ്കുവെച്ച് ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മുന്‍ സിഇഒയുമായ ജി. വിജയരാഘവന്‍.

'വര്‍ഷങ്ങള്‍ക്കുമുമ്പ് ബിഎംഡബ്ല്യു ടീം അവരുടെ ഫാക്ടറി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലമാണോ കേരളം എന്ന് അറിയാന്‍ എത്തിയിരുന്നു. അന്ന് ഒരു ഹര്‍ത്താല്‍ ദിനമായിരുന്നു. പിന്നീട് ബിഎംഡബ്ല്യു ടീം തിരികെ വന്നിട്ടില്ല.'- വിജയരാഘവന്‍ ചൂണ്ടിക്കാട്ടുന്നു.'ഞാന്‍ പരിഹസിക്കുകയല്ല, ഒരുപക്ഷേ പണിമുടക്കും മര്‍ദനവും കേരളം വികസിക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്തതും നിക്ഷേപങ്ങളെ ആകര്‍ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുത്തുന്നതുമായ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഒരു വലിയ ഗൂഢാലോചനയാണെന്ന് തോന്നുകയാണ്.'

'രാജ്യത്ത് ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്ന കേരളത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തോട് എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചാണ്...' എന്ന ആമുഖത്തോടെ, നിക്ഷേപ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതിന്റെ നിരര്‍ത്ഥകതയും നിഷ്ഫലതയും ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍:

ഒരു പതിറ്റാണ്ടോളം മുമ്പ് വളരെ വലിയ ഒരു അമേരിക്കന്‍ കമ്പനി അവരുടെ ഒരു യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയുമായി ചര്‍ച്ചകള്‍ക്ക് വന്നിരുന്നു. അതും ഒരു ഹര്‍ത്താല്‍ ദിനത്തിലായിരുന്നു. റിസ്‌ക് എടുക്കാന്‍ കഴിയാത്തതിനാല്‍ മറ്റാര്‍ക്കോ ബിസിനസ്സ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു അവര്‍.

തൊണ്ണൂറുകളുടെ മധ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഹാര്‍ഡ് ഡിസ്‌ക് നിര്‍മാതാക്കള്‍, അവരുടെ ഹാര്‍ഡ് ഡിസ്‌കിലേക്കുള്ള ഉപഘടകം നിര്‍മിക്കുന്നതിനുള്ള ഒരു യൂണിറ്റ് തുടങ്ങാന്‍ ടെക്‌നോപാര്‍ക്കിനെ പരിഗണിച്ചു. ഐടിഐ പാസായ ആയിരം പെണ്‍കുട്ടികള്‍ക്ക് ജോലി ലഭിക്കുന്ന സംരംഭമായിരുന്നു അത്. സമരരഹിതമായ തൊഴില്‍ അന്തരീക്ഷമാണ് അവര്‍ ചോദിച്ചത്. മറ്റേതൊരു കമ്പനിയെക്കാളും എന്തിന് സര്‍ക്കാര്‍ ജീവനക്കാരുടേതിനെക്കാളും മികച്ച ആനുകൂല്യങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ഇത് സാധ്യമല്ലെന്ന് അറിയിച്ചതോടെ അവര്‍ ചൈനയില്‍ പോയി യൂണിറ്റ് തുടങ്ങി.

മുഴുവന്‍ ദിവസങ്ങളിലും മുഴുവന്‍ സമയത്തും പ്രവര്‍ത്തനം ഉറപ്പാക്കേണ്ടതിനാലാണ് ബിപിഒ മേഖല കേരളത്തെ പൂര്‍ണമായും ഉപേക്ഷിച്ചത്. ഹര്‍ത്താലുകളും പ്രതിഷേധങ്ങളും കാരണം കേരളത്തില്‍ ഇത് സാധ്യമല്ലെന്ന് അവര്‍ വിശ്വസിക്കുന്നു. പതിനായിരക്കണക്കിന് ജോലികള്‍ മറ്റ് നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലേക്ക് പോയി.

മുഖ്യമന്ത്രിമാരും മന്ത്രിമാരും നിരവധി സാധാരണക്കാരും പതിറ്റാണ്ടുകള്‍ നടത്തിയ പരിശ്രമഫലമായാണ് കേരളത്തില്‍ തൊഴില്‍ ഭീകരതയില്ലെന്നും നിക്ഷേപക സൗഹൃദമാണെന്നുമുള്ള പ്രതിച്ഛായ വീണ്ടെടുക്കാന്‍ സഹായിച്ചത്.

മുത്തൂറ്റിന്റെ എംഡി കാറില്‍ യാത്ര ചെയ്യുമ്പോള്‍ പണിമുടക്കിയ ജീവനക്കാരെ പിന്തുണക്കുന്നവര്‍ അദ്ദഹത്തെ ആക്രമിക്കുകയും അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തുവെനാനണ് വാര്‍ത്ത. ഒരു പരിഷ്‌കൃത സമൂഹം തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന രീതി ഇങ്ങനെയാണോ?

അഖിലേന്ത്യാ പൊതു പണിമുടക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അനൗപചാരിക പിന്തുണയുമുണ്ട്. അത് കേരളത്തില്‍ സാധാരണ ജീവിതത്തെ ബാധിക്കും. എന്നാല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ സാധാരണ ദിനംപോലെയായിരിക്കും. യൂണിയനുകള്‍ക്ക് അവിടെ സാന്നിധ്യമില്ലാത്തതിനാലോ അവിടെയുള്ള യൂണിയനുകളിലെ അംഗങ്ങള്‍ക്ക് ഈ സമര രീതി പ്രായോഗികമായി ഫലപ്രദമല്ലെന്ന് അറിയാവുന്നതുകൊണ്ടോ ആകാം ഇത്. ആര്‍ക്കെതിരെയാണോ സമരം നടത്തുന്നത് അവരെ സമരം ബാധിക്കില്ല. പകരം ബാധിക്കുന്നത് ദരിദ്രരില്‍ ദരിദ്രരായ സാധാരണക്കാരെ മാത്രം.

ഒന്‍പത്, പത്ത് തീയതികളില്‍ കൊച്ചിയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സര്‍ക്കാരിന്റെ അസ്സെന്‍ഡ് കേരള 2020 നടക്കുകയാണ്. ജനങ്ങളുടെ പണം ഉപയോഗിച്ചാണിത്. പൊതു പണിമുടക്കും മുത്തൂറ്റിന്റെ എംഡിക്കു നേരെ കൊച്ചിയില്‍ അരങ്ങേറിയ ആക്രമണവും കാരണം പരിപാടിക്കായി ചെലവഴിക്കുന്ന പണവും വിവിധ പ്രമോഷന്‍ പ്രവര്‍ത്തനങ്ങളും വിദേശ സന്ദര്‍ശനങ്ങളും പാഴായി പോവുകയേയുള്ളൂ.

പൊതു പണിമുടക്കിലൂടെ സംസ്ഥാനത്തെ നിശ്ചലമാക്കിയ ഒരു ദിവസത്തിനുശേഷം, കൊച്ചിയുടെ ഹൃദയഭാഗത്തെ റോഡില്‍ ഒരു സംരംഭകനെ തല്ലിച്ചതച്ച് രണ്ട് ദിവസത്തിന് ശേഷം നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന പരിപാടി നടത്താന്‍ നമ്മള്‍ ലജ്ജിക്കേണ്ടതല്ലേ?

നമ്മുടേത് ഒരു ക്ഷേമ രാഷ്ട്രമാണെന്നും പുറത്തുനിന്നുള്ള പണത്തെ ആശ്രയിച്ചുകഴിയുന്നവരാണു നമ്മളെന്നും ഇവിടെ മുതല്‍ മുടക്കുന്നത് സ്വന്തം റിസ്‌കില്‍ വേണമെന്നും കേരളത്തിന് ഔദ്യോഗികമായി പറയേണ്ടിവരില്ലേയെന്ന് ചിലപ്പോള്‍ ഞാന്‍ ചിന്തിച്ചുപോകുന്നു. നിക്ഷേപ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് അവസാനിപ്പിക്കുകയും അത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയുമാണു വേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it