സ്വാദൂറും രുചികള്‍ വിളമ്പി കുടുംബശ്രീ കിച്ചന്‍ വരുന്നു

മൈക്രോ സംരംഭങ്ങളുടെ വരുമാന വര്‍ദ്ധനവും കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള തൊഴില്‍ സാധ്യതയും ലക്ഷ്യമിട്ടാണ് കുടുംബശ്രീ കിച്ചന്‍ ആരംഭിക്കുന്നത്

Chicken biriyani
-Ad-

വീട്ടകങ്ങളില്‍ ഒതുങ്ങാറുള്ള രുചി വൈവിധ്യങ്ങള്‍ തനത് ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്കായി എത്തിച്ചു നല്‍കി കുടുംബശ്രീ കിച്ചന്‍ സജീവമാകുകയാണ്. കുടുംബശ്രീ കിച്ചനുകളുടെ എറണാകുളം ഉദ്ഘാടനം ഓഗസ്റ്റ് 9 ന് നടക്കും. എന്നാല്‍ സ്വാദൂറും രുചികള്‍ക്കായി അതുവരെ കാത്തിരിക്കേണ്ട. ഓഗസ്റ്റ് 6 മുതല്‍ കുടുംബശ്രീ കിച്ചനുകളുടെ ട്രയല്‍ റണ്‍ ഒരുക്കിയിട്ടുണ്ട്. കാക്കനാടും വൈറ്റിലയിലുമുള്ള ഈ കുടുംബശ്രീ കിച്ചനുകള്‍ പ്രാരംഭ ഘട്ടത്തില്‍ റസ്റ്റോറന്റ് സെര്‍വിങ്ങിന് പകരം സൊമാറ്റോയിലൂടെ മാത്രമാകും ലഭ്യമാകുക. ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഉള്‍പ്പെടുന്ന മെനുവില്‍ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ബിരിയാണിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ ഏഴ് മണിമുതല്‍ വൈകുന്നേരം 4.30 വരെയാകും സര്‍വീസ് ഉണ്ടായിരിക്കുക. കാക്കനാട്, വൈറ്റില ഭാഗത്തുള്ളവര്‍ക്കായിരിക്കും ഇപ്പോള്‍ ഭക്ഷണമെത്തിക്കുക. ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലി സെറ്റ്, അപ്പം മുട്ടക്കറി സെറ്റ്, ഇടിയപ്പം സെറ്റ് എന്നിവയും ലഞ്ച് വെറൈറ്റിയായി ബീഫ്, ചിക്കന്‍ ബിരിയാണിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ട്രയല്‍ റണ്‍ മെനു മാത്രമാണ് ആവശ്യക്കാരുടെ ഫീഡ്ബാക്കിലൂടെ കൂടുതല്‍ വിഭവങ്ങള്‍ എത്തിക്കാനും പദ്ധതിയുണ്ട്.

ഓണ്‍ലൈന്‍ ഫുഡ് മാര്‍ക്കറ്റിങ്ങിലെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കുടുംബശ്രീ മൈക്രോ സംരംഭങ്ങളുടെ വരുമാന വര്‍ദ്ധനവും കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള തൊഴില്‍ സാധ്യതയും ലക്ഷ്യമിട്ടാണ് കുടുംബശ്രീ കിച്ചന്‍ ആരംഭിക്കുന്നത്.

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here