നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 4  

1. ഇക്കണോമിക് സർവേ ഇന്ന് പാർലമെൻറിൽ

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഔദ്യോഗിക അവലോകന റിപ്പോർട്ടായ വാർഷിക ഇക്കണോമിക് സർവേ ഇന്ന് പാർലമെൻറിൽ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് ഒരു ദിവസം മുൻപാണ് ഇക്കണോമിക് സർവേ റിപ്പോർട്ട് സഭയിൽ വെക്കുക. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂർത്തി സുബ്രഹ്മണ്യനും അദ്ദേഹത്തിന്റെ ടീമും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കുക.

2. കാർഷിക കടാശ്വാസ പരിധി 2 ലക്ഷം രൂപയാക്കി ഉയർത്തും

കാർഷിക കടാശ്വാസ പരിധി 2 ലക്ഷം രൂപയാക്കി ഉയർത്തുന്നതിനുള്ള കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഇനിമുതൽ കർഷക കടാശ്വാസ കമ്മീഷന്റെ നിർദേശമനുസരിച്ച് 2 ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാം. സഹകരണ ബാങ്കുകളിലെ കാർഷിക വായ്പകൾ കൂടാതെ, പൊതുമേഖലാ ഷെഡ്യൂൾഡ് ബാങ്ക് വായ്പകളും ഇനി കമ്മീഷന്റെ പരിധിയിൽ വരും.

3. എൽ & ടി ഔദ്യോഗികമായി മൈൻഡ്ട്രീ പ്രൊമോട്ടർ പദവിയിൽ

ഐറ്റി കമ്പനിയായ മൈൻഡ്ട്രീയുടെ 60.06 ശതമാനം ഓഹരികൾ വാങ്ങി എൽ & ടി മൈൻഡ്ട്രീയുടെ പ്രൊമോട്ടർ പദവി ഔദ്യോഗികമായി ഏറ്റെടുത്തു. മൈൻഡ്ട്രീയുടെ 31 ശതമാനം ഓഹരികൾ വാങ്ങാനുള്ള എൽ & ടിയുടെ ഓപ്പൺ ഓഫർ ഓവർ സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ജൂൺ 17 മുതൽ ജൂൺ 28 വരെയായിരുന്നു ഓപ്പൺ ഓഫർ.

4. 3 എയർപോർട്ടുകൾ അദാനിക്ക് കൈമാറാൻ മന്ത്രിസഭാ അനുമതി

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) യുടെ മൂന്ന് എയർപോർട്ടുകൾ നടത്തിപ്പിനായി അദാനി എന്റർപ്രൈസിന് കൈമാറാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. അഹമ്മദാബാദ്. ലക്‌നൗ, മംഗളൂരു എന്നിവയാണവ. 50 വർഷത്തെ ലീസിനാണ് നൽകുന്നത്. ബിഡിങ്ങിൽ 6 എയർപോർട്ടുകളും അദാനിയ്ക്ക് ലഭിച്ചിരുന്നു. തിരുവനന്തപുരം, ഗുവാഹത്തി, ജയ്‌പൂർ എന്നിവയുടെ കൈമാറ്റം ഇതിനു ശേഷം ആരംഭിക്കും.

5. ജിയോ ഇൻസ്റ്റിട്യൂട്ടിൽ അംബാനി 1500 കോടി രൂപ നിക്ഷേപിക്കും

ജിയോ ഇൻസ്റ്റിട്യൂട്ടിൽ മുകേഷ് അംബാനി 1500 കോടി രൂപ നിക്ഷേപിക്കും. 2018 എച്ച്ആർഡി മന്ത്രാലയം ഇൻസ്റ്റിട്യൂട്ടിന് ‘eminence’ സ്റ്റാറ്റസ് നൽകിയിരുന്നു. നിലവിൽ 770 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. നവി മുംബൈയിലായിരിക്കും ഇൻസ്റ്റിട്യൂട്ട് സ്ഥാപിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it