ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 18

1. എഫ്എടിഎഫ് യോഗം: പാക്കിസ്ഥാനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ ഇന്ത്യ ആവശ്യപ്പെടും

പാരിസിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പ്ലീനറി മീറ്റിംഗിൽ പാകിസ്താനെ കരിംപട്ടികയിൽ പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഫെബ്രുവരി 17 മുതൽ 22 വരെയാണ് യോഗം. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടു വെക്കുന്നത്. നിലവിൽ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ആണ് പാക്കിസ്ഥാൻ. ഭീകര സംഘടനകൾക്ക് ഫണ്ടിംഗും, വൻ തോതിലുള്ള സാമ്പത്തിക തട്ടിപ്പുകളും നിർത്തലാക്കിയില്ലെങ്കിൽ ഒക്ടോബർ 2019 ആകുമ്പോഴേക്കും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നാണ് എഫ്എടിഎഫ് അറിയിച്ചിട്ടുള്ളത്. കരിംപട്ടികയിൽ പെടുത്തിയാൽ പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അത് തിരിച്ചടിയാകും.

2. അരുൺ ജെയ്റ്റ്ലി ഇന്ന് ആർബിഐ ബോർഡ് യോഗത്തിൽ പങ്കെടുക്കും

ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ന് ആർബിഐ ബോർഡ് യോഗത്തിൽ പങ്കെടുക്കും. ബജറ്റിന് ശേഷമുള്ള ആദ്യ യോഗമാണിത്. റിസർവ് ബാങ്ക് സർക്കാരിന് നൽകുമെന്ന് പ്രഖ്യാപിച്ച ഇടക്കാല ഡിവിഡൻഡ് ചർച്ചയാകും. 2018-19 സാമ്പത്തിക വർഷത്തിൽ 28,000 കോടി രൂപ ഇടക്കാല ഡിവിഡൻഡ് ആണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും ചെലവുചുരുക്കൽ നടപടികളും ചർച്ച ചെയ്യും.

3. റീസ്ട്രക്ച്ചർ ചെയ്ത ജെറ്റ് എയർവേയ്‌സിൽ 51% ബാങ്കുകൾക്കും സർക്കാർ ഫണ്ടിനും

റീസ്ട്രക്ച്ചർ ചെയ്ത ജെറ്റ് എയർവേയ്‌സിന്റെ 51 ശതമാനം ഓഹരിപങ്കാളിത്തം എസ്ബിഐ നയിക്കുന്ന ബാങ്ക് കൺസോർഷ്യത്തിനും സർക്കാരിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിനും (NIIF) ആയിരിക്കുമെന്ന് റിപ്പോർട്ട്. ജെറ്റിന്റെ 600 കോടി രൂപയുടെ വായ്പ ബാങ്കുകൾ ഇക്വിറ്റിയാക്കി മാറ്റും. ഇത് എയർലൈനിന്റെ 32 ശതമാനം ഓഹരിയോളം വരും.1400 കോടി നിക്ഷേപിച്ച് 19.5 ശതമാനം ഓഹരി NIIF നേടും. എത്തിഹാദും 1400 കോടി നിക്ഷേപിച്ച് ഓഹരി പങ്കാളിത്തം ഉയർത്തും. ബാക്കിയുള്ള 6,000 കോടി രൂപ കടം പുനഃക്രമീകരിക്കും.

4. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: അദാനിയും ജിഎംആറും രംഗത്ത്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം തേടി കെഎസ്ഐഡിസിക്കൊപ്പം അദാനി ഗ്രൂപ്പും ജിഎംആറും കൂടി രംഗത്തെത്തി. തിരുവനന്തപുരം ഉൾപ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു കൈമാറാനാണ് എയർപോർട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. കേരളം നടത്തിപ്പവകാശത്തിനായി സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പിന്നീടു തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി. മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെഎസ്ഐഡിസിയുടെ പേരിലാണു ബിഡിൽ പങ്കെടുത്തത്.

5. കെഎഫ്സി ബോണ്ടുകളുടെ റേറ്റിംഗ് ഉയർത്തി

കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (KFC) ബോണ്ടുകൾക്കും ബാങ്ക് വായ്പകൾക്കും റേറ്റിംഗ് ഉയർത്തി. ബ്രിക് വർക്ക് റേറ്റിംഗ്‌സ് ആണ് റേറ്റിംഗ് ഉയർത്തിയത്. മികച്ച സർക്കാർ പിന്തുണ, മിതമായ എൻപിഎ, ആരോഗ്യകരമായ മൂലധന നിലവാരം എന്നിവ ചൂണ്ടിക്കാട്ടിയാണ് റേറ്റിംഗ് ഉയർത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it