നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 27 

1. വ്യാപാര തർക്കം: ഇന്ത്യ-യുഎസ് ചർച്ച ഫലം കണ്ടില്ല

അഭിപ്രായ ഭിന്നതകളും വ്യാപാര തർക്കങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഇന്ത്യയും യുഎസും അറിയിച്ചു. ഇന്ത്യ സന്ദർശിക്കുന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും തമ്മിൽ നടന്ന ചർച്ചകൾ സമവായത്തിലെത്താതെ അവസാനിച്ചു. ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിന്നു. അതേസമയം ഡേറ്റ ലോക്കലൈസേഷൻ നയത്തിൽ നിന്ന് പിന്മാറില്ലെന്ന് ആർബിഐയും അറിയിച്ചു.

2. മൈൻഡ്ട്രീ സിഇഒ രാജിവെച്ചേക്കും

മൈൻഡ്ട്രീ സിഇഒ റോസ്‌തോ രാവണൻ അടുത്ത ദിവസങ്ങളിൽ രാജിവെച്ചേക്കുമെന്ന് സൂചന. ബെംഗളൂരു ആസ്ഥാനമായ കമ്പനിയെ എൽ & ടി ഏറ്റെടുത്ത സാഹചര്യത്തിലാണ് രാജി. മാർച്ചിലാണ് മൈൻഡ്ട്രീയെ ഏറ്റെടുക്കാനുള്ള നടപടികൾ എൽ & ടി ആരംഭിച്ചത്. ഓപ്പൺ ഓഫറിലൂടെ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കുകയായിരുന്നു.

3. നോട്ടുനിരോധനം: ഉപയോഗത്തിലുള്ള കറൻസിയുടെ അളവ് കുറഞ്ഞു

നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് ഉപയോഗത്തിലിരിക്കുന്ന കറൻസികളുടെ അളവ് കുറഞ്ഞെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു. 3.40 ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടായത്. ൨൦൧൬ നവംബറിൽ 17,74,187 കോടി രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 2019 മേയ് 31 ആയപ്പോഴേക്കും 21,71,385 കോടി രൂപയുടെ കറൻസി മാത്രമേ ഉപയോഗത്തിലുള്ളൂ.

4. 5G ട്രയൽ: വാവേ ഉൾപ്പെടെ 6 അപേക്ഷകർ

കേന്ദ്ര സർക്കാരിന് ഇതുവരെ 5G ട്രയലിനായി 6 പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി രവി ശങ്കർ പ്രസാദ്. ചൈനയുടെ വാവേ, ZTE തുടങ്ങിയ കമ്പനികൾ ഇതിൽ ഉൾപ്പെടും. 5G ടെക്നോളജിയെ സംബന്ധിച്ച സുരക്ഷ പരിശോധിക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ചേ നടപടികൾ എടുക്കുകയുള്ളൂവെന്ന് മന്ത്രി ലോക്‌സഭയെ അറിയിച്ചു.

5. 7000 കോടിയുടെ സീ-ലിങ്ക് പ്രൊജക്റ്റ് റിലയൻസ് ഇൻഫ്രയ്ക്ക്

മുംബൈയിലെ വെർസോവാ-ബാന്ദ്ര സീ ലിങ്ക് പ്രോജക്ടിന്റെ കരാർ അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചറിന്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവെലപ്മെന്റ് കോർപറേഷന്റെ പക്കൽ നിന്നാണ് 7000 കോടി രൂപയുടെ പ്രൊജക്റ്റ് കമ്പനി സ്വന്തമാക്കിയത്. വിവിധ റേറ്റിംഗ് ഏജൻസികൾ ഈയിടെ ഏറ്റവും കുറഞ്ഞ 'D' റേറ്റിംഗിലേക്ക് കമ്പനിയെ തരം താഴ്ത്തിയിരുന്നു. എന്നാൽ പ്രൊജക്റ്റ് നേടിയതിന് പിന്നാലെ ഓഹരി വില ഉയർന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it