ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 11

1. 13 തൊഴിൽ നിയമങ്ങൾ ഇനി ഒറ്റ കോഡ്, ബില്ലിന് കേന്ദ്രമന്ത്രിസഭാ അനുമതി

13 തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് ഒറ്റ കോടാക്കുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭാ അനുമതി നൽകി. പത്തോ അതിലധികമോ പേരെ നിയമിച്ചിട്ടുള്ള സ്ഥാപങ്ങൾക്ക് പുതിയ കോഡ് ബാധകമാകും. ഒ.എസ്.എച്ച് കോഡ് ബിൽ എന്നാണിത് അറിയപ്പെടുന്നത്. നാലു നിയമങ്ങൾ ലയിപ്പിച്ചുള്ള പുതിയ വേജ് കോഡ് ബില്ലിനു അനുമതി നൽകിയതിനു തുടർച്ചയായിട്ടാണിത്.

2. ഖത്തറിൽ നിന്ന് 1028.70 കോടി നിക്ഷേപം നേടി ബൈജൂസ് ആപ്പ്

ബൈജൂസ് ലേണിങ് ആപ്പിൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) 15 കോടി ഡോളർ (ഏകദേശം 1028.70 കോടി രൂപ) നിക്ഷേപം നടത്തി. ചാൻ-സക്കർബർഗ് ഇനിഷൃേറ്റീവ് ഉൾപ്പെടെയുള്ള വൻകിട നിക്ഷേപകർക്ക് ബൈജൂസ് ആപ്പിൽ ഓഹരി പങ്കാളിത്തമുണ്ട്. കനേഡിയൻ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ(സിപിപിഐബി) നിക്ഷേപത്തിന് പിന്നാലെയാണ് ക്യുഐഎയുമായുള്ള കരാർ.

3. ഐറ്റി തൊഴിൽ നിയമനങ്ങൾ 26% ഉയർന്നു

ജൂൺ മാസത്തിൽ ഐറ്റി-സോഫ്റ്റ്‌വെയർ മേഖലയിലെ തൊഴിൽ നിയമനങ്ങൾ 26% ഉയർന്നെന്ന് സർവെ. സ്വകാര്യ തൊഴിൽ മേഖലയിലെ മൊത്തം തൊഴിൽ നിയമനങ്ങളെ സൂചിപ്പിക്കുന്ന നൗക്രി ജോബ് ഇൻഡക്സ് 6% വളർച്ചയാണ് രേഖപ്പെടുത്തിയത്. പരസ്യമേഖല, എഫ്എംസിജി എന്നിവയാണ് തൊഴിൽ നിയമനങ്ങളിൽ മുന്നിൽ നിൽക്കുന്ന മറ്റ് മേഖലകൾ.

4. വൈദ്യുതി നിരക്കിനു പിന്നാലെ ഇരുട്ടടിയായി വെള്ളക്കരവും; 6 രൂപ വരെ കൂടാം

സംസ്്ഥാന വ്യാപകമായി വെള്ളക്കരം കൂട്ടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട്. 102 കോടി രൂപയോളം മാസച്ചെലവു കണക്കാക്കുന്ന ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാനാണ് ഇത്തരത്തിലുള്ള നീക്കം. പുതിയ വെള്ളക്കരം അനുസരിച്ച് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ പ്രതിമായം 15 കിലോ ലീറ്റര്‍ വെള്ളത്തില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ കിലോ ലീറ്ററിന് 6 രൂപയാക്കും. വൈദ്യുതി നിരക്കു വര്‍ധിപ്പിച്ചതോടെ പ്രതിമാസം അഞ്ച് കോടിയുടെ അധിക ചെലവാണ് വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടാകുക. ഇതും വെള്ളക്കരം കൂട്ടുന്നതിന്റെ പ്രധാന ധഘടകമാണ്.

5. എന്‍ആര്‍കെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വരുന്നു

പ്രവാസി മലയാളികളില്‍ നിന്നും സമാഹരിച്ച 74% ഓഹരി മൂലധനവും 26% സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്ത് എന്‍ആര്‍കെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വരുന്നു. എന്‍ആര്‍കെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി എന്ന പേരില്‍ വരുന്ന കമ്പനി പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കും. നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ആയിരിക്കും കമ്പനിയുടെ സ്‌പെഷല്‍ ഓഫീസര്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it