കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റിന്റെ ആദ്യ വനിത സാരഥിയായി ഡോ. എം ബീന

ചരിത്രത്തിലാദ്യമായി കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റിന് ഒരു വനിതാ മേധാവി. ഡോ. എം ബീനയാണ് പുതിയ ചെയർപേഴ്‌സൺ. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് പോർട്ട് ട്രസ്റ്റിൽ ഒരു മുഴുവൻ സമയ ചെയർപേഴ്‌സണെ നിയമിക്കുന്നത്.

നിലവിൽ കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറാണ്. 1999 ബാച്ച്‌ ഐഎഎസ് ഓഫീസറായ ഡോ. ബീന മുൻ എറണാകുളം ജില്ലാ കളക്ടർ ആയിരുന്നു.

പോർട്ട് ട്രസ്റ്റിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്നതായിരിക്കും പുതിയ ചെയർപേഴ്‌സണിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. വല്ലാർപാടം ടെർമിനലിന്റെ വർധിച്ച ഡ്രെഡ്ജിങ് ചെലവുകൾ പോർട്ട് ട്രസ്റ്റിന്റെ പ്രോഫിറ്റബിലിറ്റിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കെഎസ്ഐഡിസിയുടെ മാനേജിങ് ഡയറക്ടർ ആയിരിക്കെ സ്റ്റാര്‍ട്ടപ് രംഗത്ത് ചെറുപ്പക്കാര്‍ക്കുള്ള താല്‍പര്യം കണക്കിലെടുത്ത് യുവസംരംഭകത്വ വികസനത്തിന് പ്രത്യേക ഊന്നൽ നൽകുന്നതിൽ ബീന പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മാത്രമല്ല, യുവസംരംഭകത്വ വികസനമെന്നത് സംസ്ഥാനത്തിന്റെ ഒരു ഫോക്കസ് ഏരിയയാക്കി മാറ്റാൻ അവർക്ക് സാധിച്ചു.

പുതിയ ബിസിനസ് സൗഹൃദാന്തരീക്ഷവും സുഗമമായ എന്‍ട്രി & എക്‌സിറ്റ് നടപടികളും സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പ്രവർത്തിച്ചത് ഡോ. ബീനയാണ്.

കോട്ടയം അസിസ്റ്റന്റ് കളക്ടറായി 2001 ലാണ് ഡോ. ബീന തന്റെ കരിയർ തുടങ്ങിയത്. പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായും പട്ടിക ജാതി/ പട്ടിക വർഗ്ഗ ക്ഷേമം, ഫിഷറീസ്, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ ഡയറക്ടർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൈറ്റില മൊബിലിറ്റി ഹബ്, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ, കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ്, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവയുടെ മാനേജിങ് ഡയറക്ടർ പദവിയും വഹിച്ചിട്ടുണ്ട്.

ഐജി പി വിജയനാണ് ബീനയുടെ ഭര്‍ത്താവ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it