വിവാഹമോചനത്തോടെ ലോകത്തെ ഏറ്റവും വലിയ സമ്പന്നയാകാന്‍ മക്കെന്‍സി ബെസോസ്

ആമസോണിന്റെ 16 ശതമാനം ഓഹരി ഉള്‍പ്പടെയുള്ള സ്വത്ത് വിഭജനം എത്തരത്തിലായിരിക്കുമെന്ന് ബെസോസ് ദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Jeff and MacKenzie Bezos
Image credit: dpa

ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് തന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഇന്നലെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 25 വര്‍ഷത്തെ തന്റെ ദാമ്പത്യം അവസാനിപ്പിക്കുന്നു, താനും ഭാര്യയും വിവാഹമോചിതന്‍ ആകുന്നു എന്ന വാര്‍ത്ത. നിരവധി അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് ബെസോസിന്റെ ഈ തുറന്നുപറച്ചില്‍.  

എന്നാല്‍ വിവാഹമോചനത്തോടെ ലോകത്തെ ഏറ്റവും സമ്പന്നയായ വനിത ആയി മാറും അദ്ദേഹത്തിന്റെ ഭാര്യ മക്കെന്‍സി ബെസോസ്. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ലോറിയന്‍ കോസ്‌മെറ്റിക്‌സ് കമ്പനിയുടെ സ്ഥാപകന്റെ കൊച്ചുമകളായ ഫ്രോങ്കോയ്‌സ് ബെറ്റെണ്‍കോര്‍ട്ട് മേയേഴ്‌സ് ആണ് ലോകത്തെ ഏറ്റവും സമ്പന്നയായ വനിത. 45.6 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇവര്‍ക്കുള്ളത്. 

ആമസോണിന്റെ 16 ശതമാനം ഓഹരി ഉള്‍പ്പടെയുള്ള സ്വത്ത് വിഭജനം എത്തരത്തിലായിരിക്കുമെന്ന് ബെസോസ് ദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുല്യമായി വിഭജിക്കാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 137.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബെസോസിന് ഉള്ളത്. 

ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയായ ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സിലുള്ള 66 സ്ത്രീകളില്‍ ഭൂരിഭാഗത്തിനും സ്വത്ത് മരണശേഷം അവകാശമായി കിട്ടിയതോ വിവാഹമോചനത്തോടെ ലഭിച്ചതോ ആണ്. ആറ് വനിതകള്‍ മാത്രമാണ് സ്വയം സ്വത്ത് സമ്പാദിച്ച് ബില്യണയര്‍ പട്ടികയില്‍ കയറിയത്. എന്നാല്‍ പുരുഷന്മാരില്‍ 313 പേര്‍ സെല്‍ഫ് മെയ്ഡ് ബില്യണയഴേസ് ആണ്.

25 വര്‍ഷമായി ഒന്നിച്ചുജീവിക്കാന്‍ കഴിഞ്ഞത് തങ്ങള്‍ ഭാഗ്യമായി കരുതുന്നു, ബന്ധത്തിന്റെ പേരുകള്‍ മാറിയാലും കുടുംബം തന്നെയായി നിലനില്‍ക്കും, എക്കാലവും സുഹൃത്തുക്കളായിരിക്കും…. എന്നാണ് ബെസോസ് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. ഒരു സൈക്കോളജിക്കല്‍ നോവല്‍ ഉള്‍പ്പടെ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് മക്കെന്‍സി ബെസോസ്.

ആമസോണിന്റെ തുടകത്തിലേയുള്ള ജീവനക്കാരില്‍ ഒരാള്‍ കൂടിയായ ഇവര്‍ ബൈസ്റ്റാന്‍ഡര്‍ റെവല്യൂഷന്‍ എന്ന സാമൂഹ്യസേവന സംഘടന സ്ഥാപിച്ചിരുന്നു. ബെസോസ് ദമ്പതികള്‍ക്ക് നാല് മക്കളാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here