സില്‍വര്‍ ലൈന്‍ വേഗപാതയ്‌ക്കെതിരെ മേധാ പട്കറും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്ത്

ഗതാഗത രംഗത്ത് സംസ്ഥാനം വിഭാവനം ചെയ്യുന്ന സ്വപ്‌നപദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കറും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്ത്. പദ്ധതി പുനഃപരിശോധിക്കണമെന്നാവശ്യമാണ് ഇപ്പോള്‍ വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.

കേരളത്തിന്റെ ഗതാഗത വികസനത്തില്‍ ഒട്ടും മുന്‍ഗണനയില്ലാത്തതും നിലവില്‍ കേരളം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുള്ളതുമായ സില്‍വര്‍ലൈന്‍ എന്ന പേരിലുള്ള അതിവേഗ സ്റ്റാര്‍ഡേര്‍ഡ് ഗേജ് റെയ്ല്‍പാത നിര്‍മാണ പദ്ധതി കേരള സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാണ് ശാസത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കേരളത്തിന്റെ പരിസ്ഥിതി, ആവാസ വ്യവസ്ഥ, ജനജീവിതം, സംസ്ഥാനത്തിന്റെ സാമ്പത്തിക നില എന്നിവയെല്ലാം കണക്കിലെടുത്ത് നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയുടെ ചെലവും അതുമൂലമുണ്ടാകിടയുള്ള നേട്ടങ്ങളും പുനഃപരിശോധിക്കണമെന്നാണ് നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് അധ്യക്ഷ മേധാ പട്ക്കറുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ കോവിഡിനെതിരെ സംസ്ഥാനം നടത്തുന്ന പോരാട്ടത്തെ പ്രശംസിക്കുന്ന മേധാ പട്ക്കറും സംഘവും സര്‍ക്കാരിന്റെ ഇപ്പോഴത്തെ വികസന സമീപനത്തിലെ ജനവിരുദ്ധയെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. പശ്ചിമഘട്ട മലനിരകളെ തുറന്നുതീര്‍ക്കുന്ന പ്രളയാനന്തര കേരളത്തിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ദേശീയപാത വികസനം, ആലപ്പാട്ടെ കരിമണല്‍ ഖനനം, അതിരപ്പള്ളി വൈദ്യുതി പദ്ധതിയുടെ പുനരുജ്ജീവനം തുടങ്ങിവയെല്ലാം സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിനും നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്ന് മേധാ പട്കറുടെ നേതൃത്വത്തിലുള്ള സംഘം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് സില്‍വര്‍ലൈനിനെതിരെ ശബ്ദം ഉയരുന്നു?

കേരള റെയ്ല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ ആര്‍ ഡി സി എല്‍) നിര്‍മിക്കാന്‍ ഒരുങ്ങുന്ന നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 67,000 കോടി രൂപയാണ്. പദ്ധതിക്കായി 6395 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 20,000 കുംടുംബങ്ങളെയെങ്കിലും പദ്ധതിക്കായി മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 532 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്കായി 3000 ഏക്കറോളം സ്ഥലം ഏറ്റെടുക്കേണ്ടി വരും. സില്‍വര്‍ലൈനിന്റെ നിര്‍ദിഷ്ട പത്തു സ്റ്റേഷനുകളോട് ചേര്‍ന്ന് സ്മാര്‍ട്ട് സിറ്റികളും മറ്റ് വികസന പ്രവര്‍ത്തനങ്ങളും നടത്താനായി മറ്റൊരു 2500 ഏക്കര്‍ കൂടി ഏറ്റെടുക്കും. പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതിന് മുമ്പേ സ്ഥലമേറ്റെടുക്കല്‍ നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.

''ഇ. ശ്രീധനരന്‍ ചൂണ്ടികാണിക്കുന്നതുപോലെ 20,000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുക എന്നാല്‍ കുറഞ്ഞത് 80,000 വ്യക്തികളെ പുനരധിവസിപ്പിക്കേണ്ടി വരും. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ പദ്ധതിക്കായി 326 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടിയിരുന്നത്. ഒരു ദശാബ്ദം മുമ്പ് നടന്ന കുടിയൊഴിപ്പിക്കലിന് ശേഷം ഇതുവരെ 76 കുടുംബങ്ങളെ മാത്രമാണ് പുനരധിവസിപ്പിക്കാന്‍ സാധിച്ചത്. ഇനിയും 250ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. ആ സാഹചര്യത്തില്‍ നിലവിലെ ഈ പദ്ധതിക്ക് വേണ്ടി 80,000 പേരെ മാറ്റി പാര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം,'' കത്തില്‍ മേധാ പട്ക്കറും സംഘവും ചൂണ്ടിക്കാട്ടുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി 132 കിലോമീറ്ററോളം വയല്‍ നികത്തേണ്ടി വരും. ഇത്രയും വയല്‍ നികത്തുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. തണ്ണീര്‍ത്തടങ്ങളാണ് ഭൂഗര്‍ഭ ജലവിതാനത്തെ കാര്യമായി സ്വാധീനിക്കുന്നതെന്ന നിരവധി പഠനറിപ്പോര്‍ട്ടുകള്‍ മുന്നിലിരിക്കെ വികസനത്തിന് വേണ്ടി ഇവ നികത്തുന്നത് ഭൂമിയെ ഊഷരമാക്കുമെന്ന് മേധാ പട്ക്കറും സംഘവും കത്തില്‍ വിശദീകരിക്കുന്നു.

532 കിലോമീറ്റര്‍ നീളം വരുന്ന ട്രാക്കിന്റെ ഇരുപുറവും ഉയരത്തിലുള്ള അതിര്‍വേലി നിര്‍മിക്കുന്നതിനാല്‍, ഓരോ 500 മീറ്ററിനും പാലങ്ങളോ അടിപ്പാതകളോ നിര്‍മിക്കേണ്ടി വരും. ഇതും കേരളത്തില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കും. പാത കുറുകെ മുറിച്ചുകടക്കാന്‍ ഒരാള്‍ക്ക് കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടതായും വരും.

പാലാരിവട്ടത്ത് ഒരു ഫ്‌ളൈ ഓവര്‍ നിര്‍മിച്ചതിന്റെ ദുരനുഭവം ഇന്നും നേരില്‍ അറിയുന്ന കേരളീയര്‍ക്ക് സില്‍വര്‍ലൈനിനു മുകളിലെ ഫ്‌ളൈ ഓവറുകളുടെ കാര്യത്തില്‍ സംശയം തോന്നുന്നതും സ്വാഭാവികമാണ്.

''വയലുകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് ഇരുവശവും ഉയരത്തില്‍ കെട്ടിയ വേലി കാര്‍ഷിക ജോലികളെ അടക്കം തടസ്സപ്പെടുത്തും. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഈ പാത രണ്ടായി മുറിക്കും. ഇതേ കാരണം ചൂണ്ടിക്കാട്ടി മുന്‍ കാലങ്ങളിലെ സര്‍ക്കാരുകള്‍ കൊണ്ടുവന്ന പദ്ധതിയെ എതിര്‍ത്ത അന്നത്തെ പ്രതിപക്ഷത്തിരുന്നവര്‍ ഇന്ന് ഭരണപക്ഷത്തിരിക്കുമ്പോള്‍ അതേ പാതയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്,'' കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനം കടക്കെണിയിലാകും

പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 67,000 കോടി രൂപയാണ്. ഇതിന്റെ പത്തുശതമാനം വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കും. ബാക്കി 80 ശതമാനം ആഭ്യന്തര, വിദേശ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കേണ്ടി വരും. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്കു മേല്‍ കടുത്ത വായ്പാഭാരം അടിച്ചേല്‍പ്പിക്കുമെന്ന് മേധാ പട്ക്കറും കൂട്ടരും സൂചിപ്പിക്കുന്നു. ചില സ്വതന്ത്ര പഠനങ്ങള്‍ പ്രകാരം പദ്ധതി ചെലവ് ഒരു ലക്ഷം കോടി വരെ ഉയര്‍ന്നേക്കാമെന്ന സൂചനയുമുണ്ട്.

നീക്കങ്ങളിലും സംശയം

മേധ പട്ക്കറും കൂട്ടരും കത്തില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുന്നുണ്ട്. ''റെയ്ല്‍വേ ബോര്‍ഡ് പദ്ധതിയുടെ സര്‍വെയ്ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. പൂര്‍ണമായ ഡിപിആറിനല്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍, 55,000 കോടി രൂപയുടെ വായ്പയ്ക്കായി JICAയുടെ ഡയറക്റ്റര്‍ ബോര്‍ഡിന് ഫീസിബിലിറ്റി റിപ്പോര്‍ട്ടും മറ്റ് ബന്ധപ്പെട്ട പേപ്പറുകളും സമര്‍പ്പിച്ചു. റോളിംഗ് സ്‌റ്റോക്ക് അടക്കം ജപ്പാനില്‍ നിന്ന് ഉപകരണങ്ങള്‍ സില്‍വര്‍ലൈനിനായി ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങളും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതും ഇന്ത്യ ഇവിടെ റോളിംഗ് സ്‌റ്റോക്കുകള്‍ നിര്‍മിച്ച് ദക്ഷിണാഫ്രിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമ്പോള്‍.''

പാതി വഴിയിലെ പദ്ധതികള്‍, വെള്ളത്തില്‍ പോയ കോടികള്‍

കേരളത്തില്‍ വന്‍ മാറ്റമുണ്ടാക്കുമെന്ന പേരില്‍ മുന്‍കാലങ്ങളില്‍ കൊണ്ടുവന്ന്, പാതിവഴിയില്‍ നിലച്ചും നിര്‍ജീവമായും പോയ പദ്ധതികളെ കുറിച്ചും കത്തില്‍ സൂചനയുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ നിര്‍വഹണത്തിന് പ്രതീക്ഷിക്കുന്ന ചെലവില്‍ വെറും മൂന്ന് ശതമാനം മാത്രം വരുന്ന ശബരി റെയ്ല്‍ പദ്ധതി ഏകദേശം 253 കോടി രൂപയോളം ചെലവിട്ട ശേഷമാണ് വേണ്ടെന്ന് വച്ചത്. 2011ല്‍ വിഭാവനം ചെയ്ത 2018ല്‍ വേണ്ടെന്ന് വെച്ച മറ്റൊരു പദ്ധതിക്കായി ചെലവിട്ടത് 30 കോടി രൂപയാണ്. ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി ഒരു പുരോഗതിയുമില്ലാതെ നില്‍ക്കുന്നു. അതിനിടെ സില്‍വര്‍ലൈനിന്റെ ഭാഗമായുള്ള പത്ത് സ്മാര്‍ട്ട് സിറ്റികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മതിയായ അനുമതി പോലുമില്ലാതെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

2035ല്‍ ഈ വേഗം മതിയോ?

2035ലാണ് സില്‍വര്‍ലൈന്‍ പൂര്‍ത്തികരിക്കാന്‍ ലക്ഷ്യമിടുന്നത്. പാതയിലൂടെ മണിക്കൂറില്‍ 180 -200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയ്ന്‍ സഞ്ചരിക്കുമെന്നാണ് വാഗ്ദാനം. നിലവില്‍ ഇന്ത്യയിലെ ഹൈസ്പീഡ് ട്രെയ്ന്‍ 160-200 കിലോമീറ്ററില്‍ സര്‍വീസ് നടത്തുന്നുണ്ട്. പാത ഇരട്ടിപ്പിക്കലും മറ്റ് സാങ്കേതിക നവീകരണവും പൂര്‍ത്തിയായാല്‍ അതിവേഗ ട്രെയ്‌നുകള്‍ കേരളത്തിലൂടെയും ഓടും. അപ്പോള്‍ 2035ല്‍ ഈ വേഗം എന്നുപറയുന്നത് ഗതാഗത രംഗത്തെ എങ്ങനെയാണ് മാറ്റിമറിക്കുക എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

കേരളത്തിലെ റെയ്ല്‍വേ പാത ഇരട്ടിപ്പിക്കല്‍ ജോലികളും നവീകരണങ്ങളും പൂര്‍ത്തിയാല്‍ ഒരു ലക്ഷം കോടി രൂപയോളം ചെലവിട്ട് ഇത്രമാത്രം പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ആവശ്യം തന്നെയില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

മഹാമാരിയുടെ കാലത്ത് വേണോ ഇത്രയും വലിയ പദ്ധതി

കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കേരളവും ലോകവും പുറത്തുകടക്കാന്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കും. കോവിഡ് മൂലം സമ്പദ് വ്യവസ്ഥ തകര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ ഇത്രയും വലിയൊരു പദ്ധതി, ബന്ധപ്പെട്ടവരുമായി മതിയായി ചര്‍ച്ചകള്‍ പോലും നടത്താതെ നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്ന് മേധാ പട്ക്കറും കൂട്ടരും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it