ബി.ആര്‍.ഷെട്ടിക്കു മേല്‍ കുരുക്ക് മുറുകി; യുഎഇയിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

ദുബായ് ആസ്ഥാനമായി വന്‍ സാമ്പത്തിക സാമ്രാജ്യം കെട്ടപ്പടുത്ത ശേഷം പ്രതിസന്ധിയിലായ ഇന്ത്യന്‍ ശതകോടീശ്വരന്‍ ബി. ആര്‍ ഷെട്ടിയുടെയും കുടുംബത്തിന്റെയും എല്ലാ ബാങ്ക് അക്കൗണ്ടുകളും തിരയാനും മരവിപ്പിക്കാനും സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഇ) നിര്‍ദ്ദേശിച്ചു.

ഷെട്ടിയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളെയും അവരുടെ സീനിയര്‍ മാനേജ്മെന്റിനെയും അപ്പെക്‌സ് ബാങ്ക് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. അബുദാബിയില്‍ സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടി വന്നിരിക്കുകയാണ് എഴുപത്തേഴുകാരനായ ബി ആര്‍ ഷെട്ടി. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (96.3 കോടി ഡോളര്‍), ദുബായ് ഇസ്ലാമിക് ബാങ്ക് (54.1 കോടി ഡോളര്‍), അബുദാബി ഇസ്ലാമിക് ബാങ്ക് (32.5 കോടി ഡോളര്‍), സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് (25 കോടി ഡോളര്‍), ബാര്‍ക്ലെയ്സ് ബാങ്ക് (14.6 കോടി ഡോളര്‍) എന്നിങ്ങനെയാണ് ബാധ്യതകള്‍. ആകെ എണ്‍പതിലധികം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എന്‍എംസി ഹെല്‍ത്ത് പണം കൊടുക്കാനുണ്ട്.

ഷെട്ടിയുടെ സ്ഥാപനത്തിനെതിരെ ആദ്യമായി മുന്നറിയിപ്പുകള്‍ നല്‍കിയത് 'മഡി വാട്ടേഴ്സ്' എന്നുപേരായ ഒരു അമേരിക്കന്‍ മാര്‍ക്കറ്റ് റിസേര്‍ച്ചിങ് സ്ഥാപനമായിരുന്നു. നാലുമാസങ്ങള്‍ക്കു ശേഷം എന്‍എംസിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചു കൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് മഡി വാട്ടേഴ്‌സ് പുറത്തുവിട്ടു. മൂന്നുമാസത്തിനിടെ സ്റ്റോക്ക് വില മൂന്നിലൊന്നായി ഇടിഞ്ഞു. 2019 -ല്‍ തങ്ങള്‍ക്കുണ്ടായിരുന്ന 450 കോടി ഡോളറിന്റെ കടം കമ്പനി ഒളിച്ചുവെച്ചു എന്ന് ഒരു സ്വകാര്യ അന്വേഷണത്തില്‍ വെളിപ്പെട്ടു. ഡയറക്ടര്‍ ബോര്‍ഡിന്റെ അറിവുകൂടാതെ നടത്തപ്പെട്ട പല ഇടപാടുകളും പിന്നാലെ പുറത്തുവന്നു. അതോടെ ഷെട്ടിയുടെ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന സ്ഥാനങ്ങളിലുള്ള പല എക്‌സിക്യൂട്ടീവുകളും രാജിവെച്ച് ഇറങ്ങിപ്പോകാന്‍ തുടങ്ങി. ഫെബ്രുവരിയില്‍ ഷെട്ടി ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന തന്റെ സ്ഥാനം രാജിവെച്ചു.

അത്ഭുതകരമായി വേരുകള്‍ പടര്‍ത്തി വളര്‍ന്ന എന്‍എംസി ഹെല്‍ത്തിന്റെ സ്ഥാപകനായ ഷെട്ടി തന്നെയാണ് 'യുഎഇ എക്‌സ്‌ചേഞ്ച്' എന്ന ധനകാര്യ സ്ഥാപനത്തിന്റെയും സ്രഷ്ടാവ്. 2018 ലെ ഫോബ്സിന്റെ വിലയിരുത്തല്‍ പ്രകാരം അദ്ദേഹത്തിന്റെ വ്യക്തിപരമായ സമ്പാദ്യം മാത്രം ഏകദേശം 420 കോടി ഡോളര്‍ വരുമായിരുന്നു.'എന്‍എംസി നിയോ ഫാര്‍മ' എന്ന പേരില്‍ യുഎഇ കേന്ദ്രീകരിച്ച് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ സ്ഥാപനം 2003 -ല്‍ ഷെട്ടി തുടങ്ങിയപ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് എപിജെ അബ്ദുല്‍ കലാം ആയിരുന്നു. മെര്‍ക്ക്, ഫൈസര്‍, ബൂട്ട്‌സ് യുകെ, ആസ്ട്ര സെനെക തുടങ്ങിയവരുണ്ടായിരുന്നു ക്ലയന്റ് പട്ടികയില്‍.

ബുര്‍ജ് ഖലീഫയില്‍ നൂറാമത്തെയും നൂറ്റിനാല്പതാമത്തെയും നിലകള്‍ ബി.ആര്‍ ഷെട്ടിയുടേതായിരുന്നു. അതിനുപുറമെ പാം ജുമൈറയിലും, ദുബൈയിലെ വേള്‍ഡ് ട്രേഡ് സെന്ററിലുമുണ്ടായിരുന്നു വസ്തുവകകള്‍ . വാഹനഭ്രമക്കാരനായിരുന്ന ഷെട്ടിക്ക് ഏഴു റോള്‍സ് റോയ്‌സും, ഒരു മെയ്ബാക്കും, ഒരു വിന്റേജ് മോറിസ് മൈനറും സ്വന്തമായിരുന്നു. ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ 'രണ്ടാമൂഴം' സിനിമയാക്കാന്‍ തുനിഞ്ഞപ്പോള്‍ നിര്‍മാതാവാകാന്‍ ബി.ആര്‍ ഷെട്ടി താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും പദ്ധതി പിന്നീട് പാളി.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ലിസ്റ്റിങ്ങിലൂടെ ഷെട്ടി 2012 -ല്‍ സമാഹരിച്ചത് 33 കോടി ഡോളറായിരുന്നു.ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രീമിയം സെഗ്മെന്റില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ ജിസിസി കമ്പനിയും അതു തന്നെ ആയിരുന്നു.അബുദാബിയിലെ ഖലീഫ സിറ്റിക്കടുത്ത് ആശുപത്രി നിര്‍മിച്ചു. ബിആര്‍എസ് വെന്‍ച്വേഴ്സ് എന്ന ബ്രാന്‍ഡില്‍ സ്വന്തം നാടായ ഉഡുപ്പി, അലക്സാന്‍ഡ്രിയ, നേപ്പാള്‍, കെയ്റോ എന്നിവിടങ്ങളിലും ഷെട്ടിക്ക് ആശുപത്രികളുണ്ടായിരുന്നു. 2013 -ല്‍ തിരുവനന്തപുരത്തുള്ള ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയും ബിആര്‍ ഷെട്ടി ഗ്രൂപ്പ് വിലയ്ക്കു വാങ്ങി. എട്ടു രാജ്യങ്ങളിലെ പന്ത്രണ്ടു നഗരങ്ങളിലായി 45 സ്ഥാപനങ്ങള്‍ ഇന്ന് എന്‍എംസിക്ക് ഉണ്ട്. യുഎഇ, സൗദി അറേബ്യ, ഒമാന്‍, സ്പെയിന്‍, ഇറ്റലി, ഡെന്മാര്‍ക്ക്, കൊളംബിയ, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ എന്‍എംസി ഹെല്‍ത്തിന്റെ ആരോഗ്യ സ്ഥാപനങ്ങളുണ്ട്.

എഴുപതുകളുടെ തുടക്കത്തില്‍ പോക്കറ്റില്‍ വെറും അഞ്ഞൂറ് രൂപയുമായി അബുദാബിയിലെ മണലാരണ്യങ്ങള്‍ക്ക് നടുവിലേക്ക് വിമാനമിറങ്ങിയതാണ് ഉഡുപ്പിക്കാരനായ ബാവഗുത്തു രഘുറാം ഷെട്ടി എന്ന ഫാര്‍മസി ബിരുദ ധാരി. പ്രവാസജീവിതത്തിനായി ഇറങ്ങിപ്പുറപ്പെടും മുമ്പ് അച്ഛന്റെ വഴിയേ സ്വന്തം നാടായ ഉഡുപ്പിയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു ഷെട്ടിയും. അച്ഛന്‍ പഴയ കോണ്‍ഗ്രസുകാരനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു എങ്കിലും, ഷെട്ടിക്ക് മത്സരിക്കാന്‍ ടിക്കറ്റുനല്‍കിയത് ജനസംഘമായിരുന്നു. അന്ന് ആ ഇരുപത്താറുകാരന് വേണ്ടി വോട്ടുപിടിക്കാന്‍ അടല്‍ ബിഹാരി വാജ്പേയി അടക്കമുള്ള ദേശീയ നേതാക്കളെത്തി. പതിനഞ്ചില്‍ പന്ത്രണ്ടു സീറ്റും ഷെട്ടിയുടെ പാര്‍ട്ടി നേടി. ഒന്നാം ഊഴം പൂര്‍ത്തിയാക്കി രണ്ടാമതും മത്സരിച്ച ഷെട്ടി പിന്നീട് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി.

അക്കാലത്ത് ഷെട്ടിക്ക്, ഒരു ഫാര്‍മ കമ്പനിയുടെ ഉഡുപ്പി ഡീലര്‍ഷിപ്പ് ഉണ്ടായിരുന്നു. രാഷ്ട്രീയത്തിലെ പോരാട്ടങ്ങള്‍ കടുത്തതോടെ ബിസിനസില്‍ നഷ്ടം വലുതായി. ഒടുവില്‍ മരുഭൂമിയിലേക്ക് ഭാഗ്യം അന്വേഷിച്ച് പുറപ്പെട്ടു. ഗള്‍ഫില്‍ മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആയി കുറച്ചു കാലം പ്രവര്‍ത്തിച്ച ശേഷം ആരംഭിച്ചതാണ് ന്യൂ മെഡിക്കല്‍ കെയര്‍ ഹെല്‍ത്ത് എന്ന ക്ലിനിക്ക്. മികച്ച പരിചരണം ലഭ്യമാകുന്ന, എന്നാല്‍ അതേസമയം ജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കുകള്‍ ഉള്ള ഒരു സ്വകാര്യ ആരോഗ്യസ്ഥാപനം എന്നതായിരുന്നു ഷെട്ടിയുടെ സങ്കല്‍പം. സ്ഥാപനം പെട്ടെന്നു വളര്‍ന്നു.

1980 -ല്‍ സ്ഥാപിച്ച 'യുഎഇ എക്‌സ്‌ചേഞ്ച്' എന്ന ധനകാര്യ സ്ഥാപനം മലയാളികള്‍ക്കിടയില്‍ ഏറെ ജനപ്രിയമായിരുന്നു. ഇന്ത്യയെ ലക്ഷ്യമിട്ട് തുടങ്ങിയ ഈ കമ്പനിയും 2016 ആയപ്പോഴേക്കും 31 രാജ്യങ്ങളിലായി 800 -ലധികം നേരിട്ടുള്ള ഓഫീസുകളോടുകൂടിയ ബൃഹദ് സ്ഥാപനമായി മാറി. 2014 -ല്‍ യുഎഇ എക്‌സ്‌ചേഞ്ച് നടത്തിയത് 5000 കോടി ഡോളര്‍ മതിപ്പുള്ള എക്‌സ്‌ചേഞ്ച് ഇടപാടുകളായിരുന്നു. അക്കൊല്ലം തന്നെ ഷെട്ടി ഇരുപത്തേഴു രാജ്യങ്ങളിലായി 1500 -ലധികം എടിഎമ്മുകളുള്ള 'ട്രാവലെക്‌സ്' എന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനം ഏറ്റെടുത്തു.അതിനു മുമ്പേ ഫിനാബ്‌ളെറിനും തുടക്കമിട്ടിരുന്നു.

മൂത്ത സഹോദരന്റെ ആരോഗ്യം മോശമായതോടെ ഫെബ്രുവരിയില്‍ അദ്ദേഹത്തെ പരിചരിക്കാന്‍ വേണ്ടി ഇന്ത്യയിലേക്ക് വന്നതാണ് ഷെട്ടി. സഹോദരന്‍ അടുത്തിടെ മരണപ്പെട്ടിരുന്നു. എല്ലാം അധികം വൈകാതെ ശരിയാകും എന്ന പ്രതീക്ഷ അദ്ദേഹം മാധ്യമങ്ങളോട് പ്രകടിപ്പിച്ചിരുന്നു. താന്‍ ഒന്നില്‍ നിന്നും ഒളിച്ചോടുന്നവനല്ല എന്നും, ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ആയതുകൊണ്ടുമാത്രമാണ് താനിവിടെ കുടുങ്ങിയിരിക്കുന്നതെന്നും ഷെട്ടി പറഞ്ഞു. നിക്ഷേപം നടത്തി എന്‍എംസിയെ രക്ഷിച്ചെടുക്കുന്നതിനുള്ള സാദ്ധ്യതകള്‍ അബുദാബി കേന്ദ്രമായുള്ള മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പരിശോധിച്ചു വരികയാണ്. ഷെട്ടിയെ ഗള്‍ഫ് ഇനി എങ്ങനെ സ്വീകരിക്കുമെന്ന ചോദ്യം കൊറോണക്കാലത്തും പ്രവാസികള്‍ക്കിടയിലെ ആശങ്കാ ഭരിതമായ ചോദ്യമാണിപ്പോള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it