മുത്തൂറ്റ്: സിഐടിയു അക്രമം ഹീനമെന്ന് ഹൈക്കോടതി

മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരേ സിഐടിയു നടത്തുന്ന അതിക്രമങ്ങളെ അപലപിച്ച് ഹൈക്കോടതി. സ്ത്രീകള്‍ അടക്കമുള്ളവര്‍ തെരുവില്‍ അക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നു ജസ്റ്റിന് മുഹമ്മദ് മുഷ്താഖ് ചൂണ്ടിക്കാണ്ടി. ജീവനക്കാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ കോടതി മേല്‍നോട്ടത്തില്‍ നടത്തിവന്നിരുന്ന എല്ലാ മധ്യസ്ഥ ചര്‍ച്ചകളും ഹൈക്കോടതി നിര്‍ത്തിവെച്ചു.

കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എല്ലാ പരിധികളും ലംഘിച്ചു നടത്തുന്ന അതിക്രമങ്ങള്‍ കോടതിയെയും പരിഹസിക്കുന്ന തരത്തിലുള്ളതാണ്- ഹൈക്കോടതി നിരീക്ഷിച്ചു. കയ്യൂക്ക് കാണിക്കാനാണു സിഐടിയുവിന്റെ ഭാവമെങ്കില്‍ ജോലി പോയവര്‍ക്ക് അവര്‍ തന്നെ തൊഴില്‍ നല്‍കട്ടെയെന്നു ജഡ്ജി പറഞ്ഞു.

മാനേജ്മെന്റിനെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ തുടരേണ്ടതില്ലെന്നും മുത്തൂറ്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ഇതു സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവെച്ചുകൊണ്ട് കോടതി ഇടക്കാല ഉത്തരവിട്ടത്. അതേസമയം, സമരത്തിനെതിരായ കേസ് രണ്ടാഴ്ചയ്ക്കകം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഇന്നും കോട്ടയത്ത് മൂത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ അതിക്രമം നടന്നു. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സിഐടിയു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.

കോട്ടയം ബേക്കര്‍ ജംഗ്ഷന്‍ ബ്രാഞ്ചിലായിരുന്നു സംഭവം. ബ്രാഞ്ച് തുറക്കാന്‍ എത്തിയ ജീവനക്കാര്‍ക്ക് പൊലീസ് സുരക്ഷയൊരുക്കിയിരുന്നു. ഇതിനിടെയാണ് സിഐടിയു നേതാക്കള്‍ പൊലീസിനു നേരെ തട്ടിക്കയറിയത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. മനോരമ ന്യൂസ് ക്യാമറമാന്‍ സി അഭിലാഷിന് മര്‍ദ്ദനമേറ്റു. ക്യാമറ തല്ലി തകര്‍ക്കാല്‍ ശ്രമിച്ച നേതാക്കള്‍ ഭീഷണി മുഴക്കുകയും ചെയ്തു.

സിഐടിയു നേതാക്കളായ ബോസ്, രാജു എന്നിവരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. പരുക്കേറ്റ അഭിലാഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.

രണ്ടാഴ്ച മുമ്പ് ഇതേ ബ്രാഞ്ചില്‍ ജോലിക്കെത്തിയ വനിത ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയേറ് ഉണ്ടായിരുന്നു. ബ്രാഞ്ചിന്റെ ഷട്ടറില്‍ തിരുകി വെച്ച മദ്യക്കുപ്പികള്‍ നീക്കം ചെയ്ത് ബ്രാഞ്ച് തുറന്നു നല്‍കിയത് പൊലീസ് ആണ്. മെയിന്‍ ബ്രാഞ്ചില്‍ ജോലി കഴിഞ്ഞ് മടങ്ങിയ വനിത ജീവനക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.കൊച്ചിയിലും കട്ടപ്പനയിലും മുത്തൂറ്റ് ജീവനക്കാര്‍ ഇന്നലെ ആക്രമണത്തിനിരയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it