ചൈനയില്‍ നിന്നെത്തുന്ന 'അജ്ഞാത വിത്തുകള്‍' വിലക്കി യുഎസ്, കാനഡ

ആവശ്യപ്പെടാതെ ഒട്ടേറെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചൈനയില്‍ നിന്ന് അയച്ചുകിട്ടുന്ന 'അജ്ഞാത വിത്തു'കളെച്ചൊല്ലി അമേരിക്കയിലും കാനഡയിലും യൂറോപ്യന്‍ യൂണിയനിലും അഭ്യൂഹം പരക്കുന്നു. ഇത്തരം പാക്കേജുകള്‍ തുറക്കരുതെന്ന് യുഎസ് കാര്‍ഷിക വകുപ്പ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

'ആഭരണങ്ങ'ളാണ് ഉള്ളിലുള്ളതെന്നു ഷിപ്പിംഗ് ലേബലില്‍ രേഖപ്പെടുത്തിയ നേര്‍ത്ത ഇളം ചാരനിറത്തിലുള്ള പാക്കേജിംഗ് ചൈനയിലെ ഷാങ്ഹായ്ക്ക് പടിഞ്ഞാറ് നഗരമായ സുഷോവില്‍ നിന്ന് വരുന്നതായാണ് സൂചന. ചിലതിനുള്ളില്‍ ഇമിറ്റേഷന്‍ മോതിരം അല്ലെങ്കില്‍ കമ്മലുകള്‍ പോലുള്ള ആഭരണങ്ങളും ഉണ്ട്. ഇതിനൊപ്പം പ്രത്യകമായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അജ്ഞാത വിത്തുകളും. വിത്തുകളെന്നു രേഖപ്പെടുത്തിയാല്‍ കര്‍ശന പരിശോധന ആവശ്യമായി വരും.അപൂര്‍വം പേരാണ് ഈ വിത്തുകള്‍ കുഴിച്ചിട്ടത്. അവയൊന്നും തന്നെ മുളച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ നിന്നാണെന്ന് മുദ്രകുത്തിയ വിത്തുകളുടെ പാക്കറ്റുകള്‍ തുറക്കരുതെന്നും ഇവ കാര്‍ഷികാവശ്യങ്ങള്‍ക്കായി നടരുതെന്നും രാജ്യത്തൊട്ടാകെയുള്ള 15 സംസ്ഥാനങ്ങളിലെങ്കിലും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വന്‍തോതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പോസ്റ്റ്് ഓഫീസുകളില്‍ എത്തിയ വിത്തു പാക്കറ്റുകളെക്കുറിച്ച് അമേരിക്കന്‍ ഐക്യനാടുകളിലെ കൃഷി വകുപ്പ്, ആഭ്യന്തര സുരക്ഷാ വകുപ്പ്, മറ്റ് സംസ്ഥാന, ഫെഡറല്‍ ഏജന്‍സികള്‍ എന്നിവ അന്വേഷണം ആരംഭിച്ചു.കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സിയും ഇത്തരം പാക്കേജുകള്‍ തുറക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അതേസമയം വിത്തുകളില്‍ പതിച്ചിരിക്കുന്ന ചൈനീസ് ലേബലുകള്‍ വ്യാജമാണെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം പറയുന്നത്. ലേബലുകള്‍ വ്യാജമാണെന്നും യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ മെയിലിലൂടെ വിത്ത് അയയ്ക്കുന്നതും സ്വീകരിക്കുന്നതും കര്‍ശനമായി വിലക്കുന്നുവെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.അതേസമയം, കൊറോണക്കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം പാഴ്‌സലുകള്‍ അയക്കുന്നതിനു പിന്നിലെ ദുരൂഹത ഏറുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it