സാമ്പത്തിക പുരോഗതിക്ക് 'ജിംഗോയിസം' അകറ്റണം: എന്‍.ആര്‍ നാരായണ മൂര്‍ത്തി

രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും വളര്‍ത്തുന്ന സാമ്പത്തിക അന്തരീക്ഷം ഇന്ത്യയില്‍ നിലവിലുണ്ടെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി. പക്ഷേ, വികസനം സാധ്യമാകണമെങ്കില്‍ ജിംഗോയിസത്തെ (അക്രമാസക്ത ദേശീയത) വളരാന്‍ അനുദിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

'300 വര്‍ഷത്തിനിടെ ഇതാദ്യമായാണ്് ഓരോ ഇന്ത്യക്കാരനും മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉളവാക്കുന്ന ഒരു സാമ്പത്തിക അന്തരീക്ഷം നമുക്കു കൈവന്നിരിക്കുന്നത്'-ഗോരഖ്പൂരിലെ മദന്‍ മോഹന്‍ മാളവിയ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ പ്രസംഗിക്കവേ മൂര്‍ത്തി പറഞ്ഞു. നമ്മള്‍ പരിശ്രമിക്കുന്നപക്ഷം, മഹാത്മാഗാന്ധി ആഗ്രഹിച്ചതുപോലെ ദരിദ്രരായ കുട്ടികളുടെ കണ്ണുനീര്‍ തുടയ്ക്കാനാകുമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ സാന്നിധ്യത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ പതാക പാറിപ്പറത്തുന്നതും 'മേരാ ഭാരത് മഹാന്‍', 'ജയ് ഹോ' എന്നൊക്കെ ആക്രോശിക്കുന്നതും വളരെ എളുപ്പമാണ്, എന്നാല്‍ മൂല്യങ്ങള്‍ പരിശീലിക്കുക പ്രയാസവും. എല്ലാ പൗരന്മാരില്‍ നിന്നും മികച്ചത് പുറത്തെടുക്കാനുപകരിക്കണം യഥാര്‍ത്ഥ ദേശസ്‌നേഹം- മൂര്‍ത്തി പറഞ്ഞു. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിലൂടെയാണ് രാജ്യസ്‌നേഹം പ്രകടമാകേണ്ടത്. വ്യക്തി താല്‍പ്പര്യങ്ങളെക്കാള്‍ മുന്‍പന്തിയിലാകണം രാജ്യസ്‌നേഹത്തിന്റെ സ്ഥാനം. സമൂഹത്തിന്റെ നന്മയ്ക്കായി തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കണം രാജ്യസ്‌നേഹികള്‍. അഹംഭാവങ്ങളും പക്ഷപാതങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മേക്കാള്‍ മികച്ച നിലവാരമുള്ള രാജ്യങ്ങളുമായി നിരന്തരം സ്വയം താരതമ്യം ചെയ്യുകയും അവയില്‍ നിന്ന് പഠിക്കുകയും വേണം. 'നമ്മുടെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 6 മുതല്‍ 7 ശതമാനം വരെ വളരും. ഇന്ത്യ ലോകത്തിന്റെ സോഫ്റ്റ്‌വെയര്‍ വികസന കേന്ദ്രമാണിപ്പോള്‍. നമ്മുടെ വിദേശനാണ്യ കരുതല്‍ ശേഖരം 400 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. നിക്ഷേപകരുടെ ആത്മവിശ്വാസം ചരിത്രത്തിലുണ്ടാകാത്തവിധം ഉയര്‍ന്നുനില്‍ക്കുന്നു. വിദേശത്തു നിന്നുള്ള പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളും നേരിട്ടുള്ള വിദേശ നിക്ഷേപവും എന്നത്തേക്കാളും വേഗത്തില്‍ വളരുകയാണ്. നമ്മുടെ സംരംഭകര്‍ക്ക് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളില്‍ നിന്ന് വന്‍തോതില്‍ ധനസഹായം ലഭിക്കുന്നുണ്ട്. രാജ്യത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ഫോര്‍ബ്‌സ് മാഗസിന്‍ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം തന്നെ ദാരിദ്ര്യം, നിരക്ഷരത, അനാരോഗ്യം, പോഷകാഹാരക്കുറവ് എന്നിവയിലാഴ്ന്ന' ഒരു 'സമാന്തര ഇന്ത്യ' യും നിലനില്‍ക്കുന്നതായി മൂര്‍ത്തി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ നിരക്ഷര സമൂഹം ഇന്ത്യയിലുണ്ട്. 350 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് വായിക്കാനോ എഴുതാനോ കഴിയില്ല. 200 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ല.750 ദശലക്ഷം പേര്‍ക്ക് ശുചിത്വ സൗകര്യങ്ങള്‍ ലഭ്യമല്ല. ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സ് താഴ്ന്ന റാങ്കിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നമ്മുടെ രാജ്യവുമുണ്ട്. ഇതു മറികടക്കാന്‍ വികസിത സമൂഹവുമായി സഹകരിച്ച് ഏറ്റവും കാര്യക്ഷമമായ സൗഹൃദ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

'നമ്മുടെ ഗവണ്‍മെന്റുകള്‍ കൂടുതല്‍ പൗര സൗഹാര്‍ദ്ദ സ്വഭാവമാര്‍ജിക്കണം. സംരംഭകര്‍ നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കി ചെറുതും വലുതുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. സാമ്പത്തിക നയങ്ങള്‍ ജനകീയവും വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കണം. ജിംഗോയിസം (അക്രമാസക്ത ദേശീയത) ഒഴിവാക്കണം.' മൂര്‍ത്തി സര്‍ക്കാരിനെ ഉപദേശിച്ചു. ചടങ്ങില്‍ ഐ.ടി വ്യവസായത്തിലെ കുലപതിക്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it