തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ദേശീയ പുരസ്‌ക്കാരം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികവുറ്റ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് ഒന്നാം സ്ഥാനവും സമയബന്ധിതമായി വേതനം വിതരണം ചെയ്യുന്നതില്‍ മൂന്നാം സ്ഥാനവും കൂടാതെ ബെയര്‍ഫുട്ട് ടെക്‌നീഷ്യന്‍മാരെ വിന്യസിക്കുന്നതില്‍ മൂന്നാം സ്ഥാനവുമാണ് കേരളത്തിന് ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയ രാജ്യത്തെ 12 ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായി ആലപ്പുഴ ജില്ലയിലെ ബുധന്നൂര്‍ പഞ്ചായത്തും തെരെഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ ന്യൂഡെല്‍ഹിയിലെ വിഞ്ജാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്നും കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍.എസ്, പ്രോഗ്രാം ഓഫീസര്‍ പി.ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ലേബര്‍ മാര്‍ക്കറ്റിനെ സ്വാധീനിക്കുന്നില്ല

രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റില്‍ തൊഴിലുറപ്പ് പദ്ധതി ഉണ്ടാക്കിയിട്ടുള്ള സ്വാധീനത്തെക്കുറിച്ച് 2016ല്‍ കേരളം ഉള്‍പ്പെടെയുള്ള 6 സംസ്ഥാനങ്ങളില്‍ ആര്‍.ബി.ഐ ഒരു പഠനം നടത്തിയിരുന്നു. പദ്ധതി മുഖേന നല്‍കപ്പെട്ട തൊഴില്‍ദിനങ്ങള്‍ പരിമിതമായിരുന്നതിനാല്‍ മൊത്തം ലേബര്‍ മാര്‍ക്കറ്റില്‍ വലിയൊരു ചലനം സൃഷ്ടിക്കാന്‍ തൊഴിലുറപ്പ്് പദ്ധതിക്ക് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

പ്രതിവര്‍ഷം കുറഞ്ഞത് 100 ദിവസത്തെ തൊഴില്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും ദേശീയ തലത്തില്‍ ശരാശരി 50 ദിവസത്തില്‍ താഴെയാണ് ഈ പദ്ധതി മുഖേന തൊഴില്‍ നല്‍കാനായിട്ടുള്ളത്. പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ കാഷ്വല്‍ ലേബര്‍ വിഭാഗത്തില്‍ അത് തൊഴിലാളികളുടെ ദൗര്‍ലഭ്യം സൃഷ്ടിക്കുകയും അതിന്റെ ഫലമായി വേതന നിരക്കുകള്‍ ഉയരുകയും ചെയ്യുമായിരുവെന്നാണ് കണ്ടെത്തല്‍.

ഓരോ സംസ്ഥാനവും വ്യത്യസ്ത തരത്തിലാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഗ്രാമീണ ജനത ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയും ബീഹാറും കുറഞ്ഞ തൊഴിലവസരങ്ങള്‍ നല്‍കിയപ്പോള്‍ ഗ്രാമീണര്‍ കുറവായ തമിഴ്‌നാടും വെസ്റ്റ് ബംഗാളും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയുണ്ടായി. 2005ലാണ് തൊഴിലുറപ്പ് പദ്ധതിയെന്ന് അറിയപ്പെടുന്ന മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരന്റി സ്‌ക്കീം(എം.ജി.എന്‍.ആര്‍.ഇ.ജി.എസ്) ആരംഭിച്ചത്.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it