നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: നവംബര്‍ 15

1.ജിഎസ്ടി റിട്ടേണ്‍: തീയതി നീട്ടി, ഫോമുകള്‍ പൂരിപ്പിക്കുന്നത് കൂടുതല്‍ ലളിതമാക്കി

2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫോം ജിഎസ്ടിആര്‍ -9 , ഫോം ജിഎസ്ടിആര്‍ -9 സി എന്നിവ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. 2018-19 സാമ്പത്തിക വര്‍ഷത്തിന്റേത് മാര്‍ച്ച് 31 നു മുമ്പു സമര്‍പ്പിക്കണം. ഈ ഫോമുകള്‍ പൂരിപ്പിക്കുന്നത് കൂടുതല്‍ ലളിതമാക്കിയതായും പ്രഖ്യാപനത്തില്‍ പറയുന്നു .

2.വൊഡാഫോണ്‍-ഐഡിയയുടെ ത്രൈമാസ നഷ്ടം 50,921 കോടി രൂപ

ടെലികോം കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആര്‍) കണക്കാക്കി അധിക സ്പെക്ട്രം ഉപയോഗ ഫീസ് നല്‍കണമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വൊഡാഫോണ്‍-ഐഡിയയും ഭാരതി എയര്‍ടെല്ലും കഴിഞ്ഞപാദത്തില്‍ കുറിച്ചത് റെക്കാഡ് നഷ്ടം. 50,921 കോടി രൂപയാണ് വൊഡാഫോണ്‍-ഐഡിയയുടെ നഷ്ടം. ഒരിന്ത്യന്‍ കമ്പനി കുറിക്കുന്ന ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണിത്. 23,044.9 കോടി രൂപയാണ് ഭാരതി എയര്‍ടെല്ലിന്റെ നഷ്ടം.

3.യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സെപ്റ്റംബര്‍ പാദ നഷ്ടം 1,194 കോടി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണത്തെ സെപ്റ്റംബര്‍ പാദത്തില്‍ 1,194 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 139 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 10,556.57 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 9,438.26 കോടി രൂപയായിരുന്നു.

4.ഇന്ത്യ വീണ്ടും മലേഷ്യന്‍ പാം ഓയില്‍ വാങ്ങിത്തുടങ്ങി

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മലേഷ്യന്‍ പാം ഓയില്‍ വാങ്ങുന്നത് ഇന്ത്യ പുനരാരംഭിച്ചു. ഡിസംബറില്‍ 70,000 ടണ്‍ ഇറക്കുമതിക്കുള്ള കരാര്‍ ആയിട്ടുണ്ട്. ഈ രംഗത്ത് മലേഷ്യയുടെ എതിരാളികളായ ഇന്തോനേഷ്യയിലേതിനേക്കാള്‍ ക്വാലാലംപൂര്‍ ടണ്ണിന് 5 യുഎസ് ഡോളര്‍ കിഴിവ് വാഗ്ദാനം ചെയ്തതായി വ്യാപാരികള്‍ ് പറഞ്ഞു.

5.യുഎസ്-ചൈന വ്യാപാര സംഘര്‍ഷം 20 വര്‍ഷം തുടരാന്‍ സാധ്യതയെന്ന് ജാക്ക് മാ

യുഎസ്-ചൈന വ്യാപാര ബന്ധം 20 വര്‍ഷത്തേക്ക് പ്രക്ഷുബ്ധമായിരിക്കുമെന്ന് അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ സഹസ്ഥാപകനും മുന്‍ ചെയര്‍മാനുമായ ജാക്ക് മാ പറഞ്ഞു. വ്യാപാരം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന കാര്യത്തില്‍ രണ്ട് മഹാശക്തികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it