ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 15, 2021

ഐപിഒ നടത്താനൊരുങ്ങി ട്രൂകോളര്‍
പ്രമുഖ കോള്‍ ഐഡന്റിഫൈയിംഗ് ആന്‍ഡ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ ട്രൂകോള്‍ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് നടത്തുന്നതായി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ക്ലാസ്-ബി ഓഹരികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓഹരി വില്‍പ്പന സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടത്. വിപണി സാഹചര്യങ്ങളെ ആശ്രയിച്ച്, ഈ വര്‍ഷം നാലാം പാദത്തില്‍ ലിസ്റ്റിംഗ് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
എയര്‍ഇന്ത്യയ്ക്കായി ബിഡ് സമര്‍പ്പിച്ച് അജയ് സിംഗ്
കടത്തിലായ എയര്‍ ഇന്ത്യ (എഐ)യെ ഏറ്റെടുക്കാനുള്ള ബിഡ്ഡുകള്‍ സമര്‍പ്പിച്ച് ടാറ്റ സണ്‍സ് ആന്‍ഡ് സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ്. ബിഡ്ഡുകള്‍ ഏവിയേഷന്‍ മന്ത്രാലയം പരിഗണിച്ചാല്‍ കൈമാറ്റ തീരുമാനം ഉടന്‍ ഉണ്ടായേക്കാമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.
കേരളത്തില്‍ 80.17 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സീകരിച്ചു
സംസ്ഥാനത്ത് 80.17 ശതമാനം പേര്‍ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 32.17 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ 814 കോടിയുടെ ഫുഡ്പ്ലാന്റ് ആരംഭിച്ച് പെപ്‌സികോ
ഉത്തര്‍പ്രദേശിലെ മതുരയില്‍ 814 കോടി മുതല്‍ മുടക്കില്‍ പുതിയ ഭക്ഷണ നിര്‍മാണ പ്ലാന്റ് ആരംഭിച്ച് പെപ്‌സികോ. 29 ഏക്കറിലുടനീളം നിര്‍മ്മിച്ച യൂണിറ്റില്‍ കുറഞ്ഞത് 30% സ്ത്രീകളെ നിയമിക്കാനും കമ്പനി പദ്ധതിയിടുന്നു.
ഓട്ടോ മേഖലയ്ക്ക് 26,058 കോടി; പിഎല്‍ഐ സ്‌കീമിന് അംഗീകാരം
ഓട്ടോ, ഓട്ടോ കംപോണന്റ്‌സ്, ഡ്രോണ്‍ മേഖലയ്ക്കുള്ള PLI സ്‌കീം സര്‍ക്കാര്‍ അംഗീകരിച്ചു. 26,058 കോടി രൂപയുടെ ഇന്‍സെന്റീവ് വാഗ്ദാനം ചെയ്യുന്നതായി ക്യാബിനറ്റ്.
വിഎഫ്എസ് ഗ്ലോബലിനെ സ്വന്തമാക്കാനൊരുങ്ങി ബ്ലാക്ക്‌സ്‌റ്റോണ്‍
ലോകത്തിലെ ഏറ്റവും വലിയ വിസ ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ വിഎഫ്എസ് ഗ്ലോബലിനെ സ്വന്തമാക്കാനൊരുങ്ങി ബ്ലാക്ക്‌സ്‌റ്റോണ്‍. 1-1.2 ബില്യണ്‍ ഡോളറിന്റെ ഇടപാടിനായുള്ള അവസാനഘട്ട ചര്‍ച്ചകളിലാണ് ബ്ലാക്ക്‌സ്റ്റോണ്‍ എന്ന് റിപ്പോര്‍ട്ടുകള്‍.
ഗാര്‍ഹിക കടം ഇരട്ടിയായതായി റിപ്പോര്‍ട്ടുകള്‍
കഴിഞ്ഞ ഒരു ദശകത്തിലെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ഗാര്‍ഹിക കടം ഇരട്ടിയായതായി എസ്ബിഐ സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ട്. എന്നാല്‍ വട്ടിപ്പലിശയും ബ്ലേഡും പോലുള്ള കടബാധ്യതകള്‍ കുറഞ്ഞതായും റിപ്പോര്‍ട്ട്.
നാല് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന
നാല് ദിവസത്തിന് ശേഷം സ്വര്‍ണവില വര്‍ധിച്ചു. പവന് 240 രൂപ കൂടി 35,440 രൂപയ്ക്കാണ് വിനിമയം നടന്നത്. ഒരു ഗ്രാമിന് 4,430 രൂപയായി. തുടര്‍ച്ചയായ നാലു ദിവസം ഒരേ നിരക്കില്‍ സ്വര്‍ണ വില തുടര്‍ന്നതിന് ശേഷമാണ് വില ഉയര്‍ന്നത്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. പവന് 35,200 രൂപയായിരുന്നു വില.
ഇന്ധന വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ തുടരുന്നു
ഇന്ധന വില മാസത്തെ താഴ്ന്ന ഏറ്റവും നിലയില്‍ തുടരുകയാണ്. ഈ മാസം അഞ്ചിനാണ് ഇന്ധനവില അവസാനമായി മാറിയത്. അന്ന് പെട്രോള്‍- ഡീസല്‍ വിലയില്‍ 15 പൈസയോളം കുറവ് രേഖപ്പെടുത്തിയിരുന്നു. സൗദി ആരാംകോ കഴിഞ്ഞയാഴ്ച ഏഷ്യന്‍ വിപണികള്‍ക്കുള്ള എണ്ണവില കുറച്ചത് നേട്ടമാണെങ്കിലും ഇതിന്റെ ഗുണം ഇതുവരെ ഉപയോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. ഏഷ്യന്‍ വിപണികള്‍ക്കുള്ള എണ്ണവിലയില്‍ ഒരു ശതമാനത്തിന്റെ കുറവാണ് വന്നത്.
ഓഹരി വിപണിയില്‍ പുതിയ റെക്കോര്‍ഡ് പിറന്നു
ഇന്ത്യന്‍ ഓഹരി വിപണിയുടെ ദിശ ഇന്ന് വശങ്ങളിലേക്കായിരുന്നില്ല. മറിച്ച് നേരെ മുന്നോട്ടായിരുന്നു. ചരിത്രത്തില്‍ ആദ്യമായി നിഫ്റ്റി 17,500 എന്ന തലം കടന്ന് 17,519ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 476 പോയ്ന്റ് ഉയര്‍ന്ന് 58,723ലും ക്ലോസ് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഓട്ടോ, ടെലികോം മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളും ഫെഡ് പലിശ കൂട്ടലും മറ്റും സാവധാനമേ വരൂവെന്ന ശക്തമായ സൂചനയും വിപണിയില്‍ ഇന്ന് നിക്ഷേപകരെ ഉത്തേജിപ്പിച്ചു.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപക താല്‍പ്പര്യം പ്രകടമായിരുന്നു. വിശാല വിപണിയും ഇന്ന് റെക്കോര്‍ഡ് പ്രകടനമാണ് പുറത്തെടുത്തത്. ബിഎസ്ഇ മിഡ് കാപും സ്മോള്‍കാപും സര്‍വകാല റെക്കോര്‍ഡ് കുറിച്ചു. മിഡ്കാപ് സൂചിക 0.65 ശതമാനം ഉയര്‍ന്നപ്പോള്‍ സ്മോള്‍കാപ് സൂചിക 0.86 ശതമാനം മുന്നേറി.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് 20 കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഉയര്‍ന്നു. എട്ട് ശതമാനത്തിലേറെ ഓഹരി വില ഉയര്‍ന്ന കല്യാണ്‍ ജൂവല്ലേഴ്സാണ് ഇന്ന് മിന്നിതിളങ്ങിയത്. ഹാരിസണ്‍ മലയാളത്തിന്റെയും എവിറ്റി നാച്വറല്‍സിന്റെയും ഓഹരി വിലകള്‍ ആറ് ശതമാനത്തിലേറെ ഉയര്‍ന്നു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it