ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 03, 2021

പുതുക്കിയ ഐടിആര്‍ ഫോമുകള്‍ പുറത്തിറക്കി

2020-21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച ഐടിആര്‍ ഫോമുകള്‍ പുറത്തിറക്കി. ഐടിആര്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള ഫോമുകളാണ് ഏപ്രില്‍ ഒന്നിന് പുറത്തിറക്കി വിജ്ഞാപനം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് ഫോമുകളില്‍ കാര്യമായി മാറ്റമൊന്നും വരുത്തിയിട്ടില്ല. 1961ലെ ആദായനികുതി നിയമങ്ങളിലെ ഭേദഗതികള്‍ക്കനുസരിച്ചുള്ള മാറ്റം മാത്രമാണ് ഫോമുകളിലുള്ളത്. നേരത്തെ ലഭിച്ച അറിയിപ്പ് പോലെ തന്നെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ഭാഗം പുതിയതായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ വന്‍ നിക്ഷേപമെത്തി
മാര്‍ച്ചില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ പിന്‍വലിച്ചതിനേക്കാള്‍ തുക നിക്ഷേപമായെത്തി. ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്. മാര്‍ച്ചിലെ കണക്കുപ്രകാരം ഈ വിഭാഗത്തിലെ ഫണ്ടുകളില്‍ 2,500 കോടി രൂപയുടെ നിക്ഷേപമാണ് അധികമായെത്തിയത്. കഴിഞ്ഞ ജൂലായ് മുതല്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്ന് 47,000 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. ലാര്‍ജ് ക്യാപ് വിഭാത്തിലൊഴികെയുള്ള ഫണ്ടുകളിലെ ആസ്തികളില്‍ വന്‍വര്‍ധനവുണ്ടായി.
പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം ഏപ്രില്‍ ഏഴിന്

പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധനനയം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് ഏപ്രില്‍ ഏഴിന് പ്രഖ്യാപിക്കും. സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22 ല്‍ സര്‍ക്കാരിന്റെ വന്‍ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്ക് കുറഞ്ഞ നിലവാരത്തില്‍ മാറ്റിമല്ലാതെ നിലനിര്‍ത്താനും റിസര്‍വ് ബാങ്ക് പരമാവധി ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് അംഗ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി തന്നെ നിലനിര്‍ത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ധന നയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയില്‍ തുടര്‍ന്നേക്കുമെന്നും പ്രതീക്ഷിക്കുന്നു. 2021 ഏപ്രില്‍ അഞ്ച് മുതല്‍ ഏഴ് വരെയാണ് ധനനയ സമിതി യോഗം ചേരുന്നത്.
1,001 കോടി രൂപയ്ക്ക് ആഡംബര വസതി വാങ്ങി രാധാകിഷന്‍ ദമാനി
രാജ്യത്തെ എക്കാലത്തെയും വലിയ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഇടപാടില്‍, ശതകോടീശ്വരന്‍ നിക്ഷേപകനും ഡി മാര്‍ട്ടിന്റെ സ്ഥാപകനുമായ രാധാകിഷന്‍ ദമാനി ആഡംബര വസതി സ്വന്തമാക്കി. ദക്ഷിണ മുംബൈയിലെ മലബാര്‍ ഹില്‍ പ്രദേശത്ത് 1,001 കോടി രൂപയ്ക്ക് ആണ് ദമാനി ബംഗ്ലാവ് വാങ്ങിയത്. ഇളയ സഹോദരന്‍ ഗോപികിഷന്‍ ദമാനിക്കൊപ്പം ചേര്‍ന്നാണ് പ്രോപ്പര്‍ട്ടി വാങ്ങിയിട്ടുള്ളത്. ദാബോല്‍ക്കര്‍ മാര്‍ഗിലെ ഗ്രൗണ്ട് പ്ലസ് ടു സ്റ്റോര്‍-ബംഗ്ലാവ് 'മധുകുഞ്ച്' 1.5 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു. മൊത്തം 60,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്.
വ്യക്തിഗത വായ്‌പാ ബിസിനസ് രംഗത്ത് പുരോഗതി തുടരുന്നതായി എച്ച്ഡിഎഫ്‌സി ലിമിറ്റഡ്
2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ കമ്പനിയുടെ വ്യക്തിഗത വായ്പാ ബിസിനസ് പുരോഗതി തുടരുകയാണെന്നും 7,503 കോടി രൂപയുടെ വായ്പകള്‍ ബാങ്കിംഗ് അനുബന്ധ സ്ഥാപനത്തിന് നല്‍കിയിട്ടുണ്ടെന്നും മോര്‍ട്ട്‌ഗേജ് വായ്പക്കാരായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വ്യക്തിഗത വായ്പ ബിസിനസ് ശക്തമായ പുരോഗതി കൈവരിച്ചു. കോര്‍പ്പറേഷനും എച്ച്ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള ഭവനവായ്പ ക്രമീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തിരിച്ചുവാങ്ങല്‍ ഓപ്ഷന് അനുസൃതമായി, കോര്‍പ്പറേഷന്‍ 7,503 കോടി രൂപ ബാങ്കിന് വായ്പ നല്‍കിയതായും എച്ച്ഡിഎഫ്‌സി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ഇന്ത്യയിലെ പ്രവര്‍ത്തനം തുടരുമെന്ന് ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍
ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് വിവാദ മ്യൂച്വല്‍ ഫണ്ട് കമ്പനി ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ നിക്ഷേപകര്‍ക്ക് അയച്ച കത്തിലാണ് രാജ്യത്തെ പ്രവര്‍ത്തനം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഫ്രങ്ക്ളിന്‍ മ്യൂച്വല്‍ ഫണ്ട് ഇന്ത്യുടെ പ്രസിഡന്റ് സഞ്ജയ് സാപ്രെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്. പ്രവര്‍ത്തനം മരവിപ്പിച്ച ആറുഫണ്ടുകളിലായി 15,776 കോടിരൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായതായി അദ്ദേഹം വിശദീകരിച്ചു.
വിദേശനാണ്യ കരുതല്‍ ധനത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ വിദേശനാണ്യ കരുതല്‍ധനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 26 -ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശ കരുതല്‍ധനം 2.986 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 579.285 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി. മാര്‍ച്ച് 19 -ന് അവസാനിച്ച ആഴ്ചയില്‍ വിദേശ കരുതല്‍ധനം 233 മില്യണ്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. റിസര്‍വ് ബാങ്കാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ, ജനുവരി 29 -ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ധനം 590.185 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് തൊട്ടിരുന്നു.

കോവിഡ് ബാധ നിര്‍ബാധം തുടരുന്നു; മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ക്ഡൗണ്‍ മുന്നറിയിപ്പ്

കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ വീണ്ടും സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്ത പക്ഷം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പറഞ്ഞു. അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണ്ണം ഇറക്കുമതി മാര്‍ച്ച് മാസത്തില്‍ 471 ശതമാനം ഉയര്‍ന്നു

ഇന്ത്യയൂടെ സ്വര്‍ണ്ണം ഇറക്കുമതി മാര്‍ച്ച് മാസത്തില്‍ കഴിഞ്ഞ വര്‍ഷം അതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 471 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചതും, മഞ്ഞ ലോഹത്തിന്റെ വിലയിടിവും ആഭ്യന്തര വിപണിയില്‍ ആഭരണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തിയതാണ് ഇറക്കുമതി ഉയരാനുള്ള കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മാര്‍ച്ചിലെ സ്വര്‍ണ്ണത്തിന്റെ മൊത്തം ഇറക്കുമതി മൂല്യം 8.4 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ അത് 1.23 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it