ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 04, 2021

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്
കോവിഡ് അധികരിച്ച സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി യോഗം സാമ്പത്തിക വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചു. പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തേണ്ടതിന്റെ സമ്മര്‍ദവും പണപ്പെരുപ്പവും സമതുലിതാവസ്ഥയിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് റിസര്‍വ് ബാങ്ക് ഉള്ളത്. റിപ്പോ നിരക്ക് 4 ശതമാനമയും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. നടപ്പിലുള്ള സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനമായിരിക്കും ജിഡിപിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെളിപ്പെടുത്തി. 10.5 ശതമാനയിരുന്നതില്‍ നിന്നും 1 ശതമാനത്തിന്റെ അഥവാ 100 ബേസിസ് പോയിന്റുകളുടെ കിഴിവാണ് ആര്‍ബിഐ ജിഡിപി പ്രവചനത്തില്‍ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായി കുറഞ്ഞതിനെ തുടര്‍ന്നാണിത്.
കോവിഡ് മരണത്തില്‍ നോമിനിക്ക് അഞ്ച് വര്‍ഷം ശമ്പളം; മക്കള്‍ക്ക് വിദ്യാഭ്യാസച്ചെലവും നല്‍കുമെന്ന് റിലയന്‍സ്
കോവിഡ് മരണം സംഭവിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് തുടര്‍ന്നും ശമ്പളമെത്തിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് രത്തന്‍ ടാറ്റ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സമാനമായ പദ്ധതിയവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരന്റെ നോമിനിക്ക് 5 വര്‍ഷം വരെ തുടര്‍ച്ചയായി ശമ്പളം നല്‍കും. ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്പളമാണ് നോമിനിക്ക് നല്‍കുക. മരിച്ച ജീവനക്കാരന്റെ മക്കള്‍ക്ക് ബിരുദ തലം വരെയുള്ള പഠനം പൂര്‍ണമായും ലഭ്യമാക്കും. ഇക്കാലയളവിലെ ട്യൂഷന്‍ ഫീ, ഹോസ്റ്റല്‍ ഫീ, പുസ്തകങ്ങല്‍ എന്നിവയെല്ലാം കമ്പനി ചെലവിലാകും. മരിച്ച ജീവനക്കാരന്റെ പങ്കാളി, മാതാപിതാക്കള്‍, മക്കള്‍ എന്നിവരുടെ ആശുപത്രി ചികില്‍സയ്ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പ്രീമിയം പൂര്‍ണമായും കമ്പനി അടയ്ക്കും. കുട്ടികളുടെ കാര്യത്തില്‍ ബിരുദ പഠനം കഴിയുന്നത് വരെയാണ് ഇന്‍ഷുറന്‍സ് അടയ്ക്കുക. കൊറോണ ബാധിച്ച ജീവനക്കാരന് രോഗം പൂര്‍ണമായി ഭേദമാകും വരെ ശമ്പളത്തോടെ അവധിയും പ്രഖ്യാപിച്ചു.
ആര്‍ബിഐയുടെ 16,000 കോടി പാക്കേജ്; റസ്റ്റോറന്റ്, ബ്യൂട്ടിപാര്‍ലര്‍, വിനോദ മേഖലകള്‍ക്ക് ഗുണകരമാകും
കോവിഡ് രണ്ടാം തരംഗത്തില്‍ കടുത്ത പ്രതിസന്ധിനേരിട്ട മേഖലകളെ സഹായിക്കാന്‍ ആര്‍ബിഐ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ടൂറിസം, റസ്റ്റോറന്റ് തുടങ്ങിയവയോടൊപ്പം ബ്യൂട്ടിപാര്‍ലറുകള്‍ക്കും പദ്ധതിയില്‍ ആനുകൂല്യം ലഭിക്കും. ഈമേഖലകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ 2022 മാര്‍ച്ച് 31വരെയാണ് വായ്പ അനുവദിക്കുക. ഈ പദ്ധതിയിലൂടെ ഹോട്ടലുകള്‍, ടൂറിസവുമായി ബന്ധപ്പെട്ട ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വ്യോമയാനം തുടങ്ങിയവയ്ക്കും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍, കാര്‍ വര്‍ക് ഷോപ്പുകള്‍, റെന്റ് എ കാര്‍ സേവനദാതാക്കള്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, സ്പാ, ബ്യൂട്ടിപാര്‍ലര്‍, സലൂണ്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള മേഖലകള്‍ക്കുമാകും വായ്പ ലഭിക്കുക. ഇതിനായി ബാങ്കുകള്‍ക്ക് മൂന്നുവര്‍ഷക്കാലയളവില്‍ റിപ്പോ നിരക്കായ നാലുശതമാനത്തില്‍ ആര്‍ബിഐ പണം ലഭ്യമാക്കും.
വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
സംസ്ഥാനത്ത് വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതാകും ഇതെന്ന് ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. നബാര്‍ഡിന്റെ പുനര്‍വായ്പാ സ്‌കീമിന്റെ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്തും. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ചിട്ടുള്ള വായ്പാ പാക്കേജുകളുടെ സാധ്യതയും പരമാവധി ഉപയോഗപ്പെടുത്തും.
ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു
പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്.
തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സ്വര്‍ണത്തിന് വിലയിടിവ്
കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ വര്‍ധനവിനുശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വലിയ ഇടിവ്. പവന്റെ വില 560 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപയിടിഞ്ഞ് 4550 രൂപയുമായി. 36960 രൂപയില്‍ നിന്നാണ് ഇടിഞ്ഞത്.
ലാഭമെടുക്കലും നിക്ഷേപവും: ഓഹരി വിപണി ഇന്ന് ഇങ്ങനെയായിരുന്നു
ലാഭമെടുക്കലിനെ തുടര്‍ന്ന് മുഖ്യ സൂചികകള്‍ താഴേക്ക് പോയപ്പോള്‍ വിശാല വിപണിയില്‍ താല്‍പ്പര്യത്തോടെ ഇടപെട്ട് നിക്ഷേപകര്‍. റിപോ നിരക്കില്‍ മാറ്റം വരുത്താതെ തുടര്‍ച്ചയായി ആറാം വട്ടവും പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കാതെ നിന്നിട്ടും ലാഭമെടുക്കലില്‍ മുഖ്യ സൂചികകള്‍ താഴേക്ക് പോയി. സെന്‍സെക്സ് 132 പോയ്ന്റ് അഥവാ 0.25 ശതമാനം താഴ്ന്ന് 52,100 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 15,670ലും ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
പതിനൊന്ന് കേരള കമ്പനികളാണ് ഇന്ന് നില മെച്ചപ്പെടുത്തിയത്. കല്യാണ്‍ ജൂവല്ലേഴ്സ് ഓഹരി ഇന്ന് 13.63 ശതമാനം കൂടി 80.85 രൂപയിലെത്തി. ജിയോജിത് ഓഹരി വില ഇന്ന് എട്ടുശതമാനത്തിലേറെ ഉയര്‍ന്നു.
Kerala Budget 2021 Analysis : Click Here




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it