ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 05, 2021

ഭവനവായ്പാ പലിശ കൂട്ടി എസ്ബിഐ

എസ്ബിഐ ഭവനവായ്പ പലിശ വര്‍ധിപ്പിച്ചു. 25 ബേസിസ് പോയന്റ്, അതായത് കാല്‍ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്കുപ്രകാരം 6.95ശതമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. നേരത്തെ ഇത് 6.70ശതമാനമായിരുന്നു. പുതുക്കിയ പ്രൊസസിംഗ് ഫീ ഇനത്തില്‍ ജിഎസ്ടി ഉള്‍പ്പെടെ 0.40ശതമാനം ഇതോടൊപ്പം വരും (മിനിമം 10,999 രൂപയും പരമാവധി 30,000 രൂപയും). അതേസമയം, വനിതകള്‍ക്ക് പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ കുറവ് ആനുകൂല്യം തുടരും.


ബൈജൂസ് ആപ്പ് ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നു

ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ് പിന്തുണയുള്ള ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിനെ ബൈജൂസ് ഏറ്റെടുക്കുന്നു. 950 മില്യണ്‍ ഡോളര്‍ പണ-സ്റ്റോക്ക് ഇടപാടിനാണ് കൈകോര്‍ത്തിരിക്കുന്നത്. ഇതോടെ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പും ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരും ബൈജൂസിന്റെ 13 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ ന്യൂനപക്ഷ ഓഹരികള്‍ക്ക് അര്‍ഹരായിരിക്കുമെന്നും ഒരു ദേശീയ മാധ്യമത്തോട് ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ അറിയിച്ചു.

800 മില്യണ്‍ ഡോളര്‍ സമാഹരിച്ച് അഞ്ച് ബില്യണ്‍ ഡോളര്‍ കമ്പനിയായി സ്വിഗ്ഗി

സ്വിഗ്ഗി 800 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി കമ്പനിയുടെ സഹസ്ഥാപകന്‍ ജീവനക്കാര്‍ക്ക് നല്‍കിയ ഇമെയിലില്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ഫാല്‍ക്കണ്‍ എഡ്ജ്, അമാന്‍സ ക്യാപിറ്റല്‍, തിങ്ക് ഇന്‍വെസ്റ്റ്മെന്റ്‌സ്, കാര്‍മിഗ്‌നാക്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് എന്നിവരടക്കമുള്ള pramukharilനിന്നാണ് ഈ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം നിക്ഷേപത്തുക സമാഹരിച്ചതത്രെ. ഇതോടെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യത്തിലേക്ക് കമ്പനി പ്രവേശിച്ചു.

റിലയന്‍സ് 'ന്യൂ' വിനായി അപേക്ഷിച്ചതായി റിപ്പോര്‍ട്ട്

പേയ്മെന്റ് സേവനങ്ങള്‍ക്കായുള്ള ന്യൂ അംബ്രല്ല എന്റിറ്റി (എന്‍യുഇ)യ്ക്കായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഫി ബീം അവന്യൂ, ഗൂഗിള്‍, ഫെയ്സ്ബുക്ക് എന്നിവയുമായുള്ള ഒരു കണ്‍സോര്‍ഷ്യത്തിലാണ് റിലയന്‍സും ന്യൂവിനായി അപേക്ഷിക്കുന്നതെന്നാണ് ദേശീയ റിപ്പോര്‍ട്ടുകള്‍. ആഗോള തലത്തില്‍ മൊബൈല്‍ പേയ്്മെന്റ് സംവിധാനത്തിലെ മുഖ്യ പങ്കാളിയാകാനുള്ള പദ്ധതികളിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ് യു വി വിഭാഗത്തില്‍ 10 ലക്ഷം വില്‍പ്പന മറികടന്നതായി ഹ്യൂണ്ടായ്

ഇന്ത്യയില്‍ നിര്‍മ്മിച്ച എസ് യു വികളുടെ 10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്. ഈ എസ്യുവികള്‍ ഇന്ത്യയിലും വിവിധ രാജ്യങ്ങളിലെ വിപണികളിലും വിറ്റഴിച്ചതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) പ്രസ്താവനയില്‍ പറഞ്ഞു. 2015 ല്‍ മിഡ് സൈസ് എസ്യുവികളിലവതരിപ്പിച്ച ക്രെറ്റയാണ് വില്‍പ്പനയ്ക്ക് ആക്കം കൂട്ടിയത്. ക്രെറ്റ ആഭ്യന്തര വിപണിയില്‍ 5.9 ലക്ഷം യൂണിറ്റും വിദേശ വിപണിയില്‍ 2.2 ലക്ഷം യൂണിറ്റും വില്‍പ്പന നടത്തിയതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.


കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ രാജ്യം സജ്ജമെന്ന് ധനകാര്യ മന്ത്രാലയം

രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ സജ്ജമെന്ന് ധനകാര്യ മന്ത്രാലയം. കോവിഡ് പ്രതിസന്ധി ആദ്യം നേരിട്ടപ്പോള്‍ കൈകാര്യം ചെയ്തതിലെ അനുഭവവും വാക്‌സിനേഷന്‍ വിതരണം വേഗത്തിൽ ആക്കുന്നതും രണ്ടാം തരംഗത്തെ നേരിടുന്നതില്‍ പ്രതീക്ഷ നൽകുന്നതായി പ്രതിമാസ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ധനകാര്യമന്ത്രി വ്യക്തമാക്കുന്നു. ആത്മ നിര്‍ഭർ ഭാരത് മിഷനോടൊപ്പം ബജറ്റിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മൂലധന ചെലവുകള്‍ക്കും സമ്പദ് വ്യവസ്ഥയുടെ പുനഃ സ്ഥാപനത്തിനും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഉത്തേജനം ലഭിക്കുമെന്നും മാർച്ചിലെ സാമ്പത്തിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിദേശ നിക്ഷേപകര്‍ മാര്‍ച്ചില്‍ നിക്ഷേപിച്ചത് 17304 കോടി രൂപ

രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം മാസവും നിക്ഷേപ വരവില്‍ വർധനവ്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപര്‍ 17304 കോടിയാണ് ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. എഫ്പിഐകളില്‍ 10482 കോടി ഇക്വിറ്റികളിലേക്കും, 6822 കോടി ഡെബ്റ്റ് സെഗ്മെന്റിലേക്കുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് രണ്ടും ചേര്‍ത്താണ് 17000 കോടിക്ക് മുകളിലേക്ക് പോയത്.

മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍; മുംബൈയില്‍ രാത്രികാല കര്‍ഫ്യൂ

രാജ്യത്തിന്റെ വിവിധ സാമ്പത്തിക മേഖലകളില്‍ ആശങ്ക പടര്‍ത്തി കോവിഡ് ബാധ കഴിഞ്ഞ 24-മണിക്കൂറിനിടെ 1 ലക്ഷം കവിഞ്ഞതോടെ കടുത്ത നപടികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. രാജ്യത്തെ കോവിഡ് ബാധയുടെ 50 ശതമാനത്തിലധികം റിപോര്‍ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ വാരാന്ത്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതിനു പുറമെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബെയടക്കമുള്ള നഗരങ്ങളില്‍ രാത്രി 8-മണി മുതല്‍ പിറ്റേ ദിവസം രാവിലെ 7-മണി വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.


53 കോടി ഫേസ്ബുക്ക് യൂസര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു

ഫേസ്ബുക്കില്‍ വീണ്ടും വന്‍തോതില്‍ ഡാറ്റാ ചോര്‍ച്ച നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. 53.30 കോടി ഫേസ്ബുക്ക് യൂസര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് സൈബര്‍ ക്രൈം ഇന്റലിജന്‍സ് സ്ഥാപനമായ ഹഡ്സണ്‍ റോക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ അലോണ്‍ ഗാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 106 രാജ്യങ്ങളിലെ 533 ദശലക്ഷം ഫേസ്ബുക്ക് യൂസര്‍മാരുടെ ഡാറ്റ ചോര്‍ന്നതില്‍ ഏറ്റവുമധികം അമേരിക്കയിലാണ്. യു എസിലെ 3.2 കോടി യൂസര്‍മാരുടെ വ്യക്തിവിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ 61 ലക്ഷം ഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

പിടിവിട്ട് കോവിഡ് വ്യാപനം, ഓഹരി വിപണിയില്‍ ഇടിവ്

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കനക്കുന്നതും ഓഹരി വിപണിയെ ഇന്ന് പിടിച്ചുലച്ചു. ഇതോടൊപ്പം സമ്പദ് വ്യവസ്ഥയിലെ ദൂര്‍ബലമായ ചില സൂചകങ്ങള്‍ കൂടി ചേര്‍ന്നതോടെ സെന്‍സെക്സ് 870 പോയ്ന്റ് അഥവാ 1.74 ശതമാനം ഇടിഞ്ഞ് 49,159ല്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ് ഓഹരികള്‍, ധനകാര്യ ഓഹരികള്‍, റിലയന്‍സ് , ഐടിസി എന്നിവയെല്ലാം തന്നെ സെന്‍സെക്സിന്റെ താഴ്ചയ്ക്ക് ആക്കം കൂട്ടി.

കേരള കമ്പനികളുടെ പ്രകടനം

സിഎസ്ബി ബാങ്ക്, റബ്ഫില, വി ഗാര്‍ഡ് എന്നീ മൂന്ന് കേരള കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് വില താഴോട്ട് പോകാതെ പിടിച്ചുനിന്നത്. വി ഗാര്‍ഡ് ഓഹരി വില 1.13 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. റബ്ഫില ഓഹരി വിലയില്‍ 0.17 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. സിഎസ്ബി ബാങ്ക് ഓഹരി വില 0.93 ശതമാനം ഉയര്‍ന്നു.







Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it