ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 09, 2020

കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് യു എസ് കമ്പനി

ജർമൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്ന് യു എസ് കമ്പനിയായ ഫൈസർ നിർമിക്കുന്ന കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞർ. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുള്ളതെന്നാണ് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നത്.

കോവിഡ് ബാധിക്കാത്തവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രോഗബാധ തടയുന്നതിൽ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കണ്ടെത്താൻ കഴിഞ്ഞെന്നും കമ്പനിയിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. മീസിൽസ് അടക്കമുള്ളവയ്ക്കെതിരെ കുട്ടികൾക്ക് നൽകുന്ന വാക്സിനുകൾ പോലെതന്നെ ഫലപ്രദമാണ് കോവിഡ് വാക്സിനെന്നും തെളിയിക്കപ്പെട്ടതായി ഫൈസർ വ്യക്തമാക്കുന്നു.

2021 ഓടെ 33.8 ശതമാനം സ്മാർട്ട്‌ ഫോണുകളിലും ആപ്ലിക്കേഷനുകൾ പൂർണമായും പ്രവർത്തിക്കില്ല

2021 ഓടെ ഇന്ത്യയിൽ ഉപയോഗിക്കുന്ന 33.8 ശതമാനം സ്മാർട്ട്‌ ഫോണുകളിലും ആപ്ലിക്കേഷനുകൾ പൂർണമായും പ്രവർത്തിക്കില്ല എന്ന് റിപ്പോർട്ട്‌. എൻക്രിപ്‌ഷൻ ഉള്ള മിക്ക വെബ്സൈറ്റുകളും പ്രവർത്തന രഹിതമാക്കുമെന്നാണ് റിപ്പോർട്ട്‌. ലെറ്റ്സ് എൻക്രിപ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 7.1.1 നോഗട്ട് ആൻഡ്രോയ്ഡുകൾക്കാകും പണി കിട്ടുക. കാലികമായ അപ്ഗ്രഡേഷൻ സാധ്യമായില്ല എന്നത് തന്നെയാണ് ഡിവൈസ് ഫെയ്ലർ വരുത്താൻ കാരണം.


ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങി വിപ്രോ

ഡിസംബർ ഒന്ന് മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ജീവനക്കാർക്ക് ശമ്പളവർധനവും പ്രൊമോഷനും നടപ്പിലാക്കുമെന്ന് വിപ്രോ. ബി 3 മുതൽ താഴേക്കുള്ള ജീവക്കാർക്ക് ആകും ശമ്പള വർധന ഉടൻ നടപ്പാക്കുക എന്ന് ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം പ്രസ്താവനയിലൂടെ അറിയിച്ചു. 1.85 ലക്ഷം വരുന്ന ജീവനക്കാരിൽ ഏറെയും ബി 3ലെവൽ ആണെന്നതിനാൽ ഭൂരിഭാഗം ജീവനക്കാർക്കും നേട്ടമാകും.


യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഭൂമിയിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് ഗോദ!


ഈ വര്‍ഷം അമേരിക്കയില്‍ നടന്നത് ചരിത്രതത്തിലെ ഏറ്റവും ചെലവേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ദി സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിക്‌സ് എന്ന റിസര്‍ച്ച് ഗ്രൂപ്പിന്റെ അനുമാനപ്രകാരം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചെലവായത് 14 ബില്യണ്‍ യുഎസ് ഡോളറാണ്. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളില്‍ ചെലവിട്ട തുകയുടെ ഇരട്ടിയോളം വരുമിത്. ഈ തുകയുടെ അത്ര പോലും വലുപ്പമില്ലാത്ത ജിഡിപിയുള്ള അറുപതോളം രാജ്യങ്ങള്‍ ഇപ്പോള്‍ ലോകത്തുണ്ട്!

ജോ ബൈഡനും ഡൊണാള്‍ഡും ട്രംപ് കനത്ത പോരാട്ടത്തിന് പടക്കോപ്പുകള്‍ ഒരുക്കിയതോടെയാണ് തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ പൂരമായത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമായ ഘടകം പണം തന്നെയാണ്. പല പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും പാതി വഴിയില്‍ പിന്മാറുന്നതും പണത്തിന്റെ ഉറവിടം വരളുമ്പോഴാണ്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി പണം ഒഴുക്കാന്‍ വളരെ ശക്തമായ സാമ്പത്തിക ഉറവിടങ്ങളുണ്ട്. ചരിത്രത്തില്‍ ആദ്യമായി, ഈ വര്‍ഷം ജോ ബൈഡന്‍ ഒരു ബില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്ന സ്ഥാനാര്‍ത്ഥിയുമായി. ട്രംപിനെ ബൈഡന്‍ നിലംപരിശാക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ഇത്രയും പണം ഒഴുകി വരാന്‍ കാരണമായത്.

ഡൊണാള്‍ഡ് ട്രംപ് 596 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സാധാരണക്കാര്‍ അടക്കം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കി സ്ഥാനാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചുവെന്ന് റിസര്‍ച്ച് ഗ്രൂപ്പ് വെളിപ്പെടുത്തുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ശതകോടീശ്വരന്മാരും ഇക്കാര്യത്തില്‍ പിശുക്കുകാട്ടിയില്ല. സ്ത്രീകളും വന്‍തോതില്‍ പണം സംഭാവന ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കമല ഹാരിസിന്റെ സാന്നിധ്യവും ഇതിന് കാരണമാകാം.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും ചെറുകിട ദാതാക്കളില്‍ നിന്ന് ഇത്തവണ ഏറെ ഫണ്ട് സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാരില്‍ നിന്ന് കൂടുതല്‍ ഫണ്ട് സമാഹരിക്കാന്‍ സാധിച്ചത് ഡെമോക്രാറ്റുകള്‍ക്കാണ്.

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൊത്തം ഫണ്ട് ദാതാക്കളില്‍ 22 ശതമാനം ചെറുകിടദാതാക്കളാണ്.

കോവിഡ് മൂലം സ്ഥാനാര്‍ത്ഥികള്‍ പരമാവധി ഫണ്ട് സമാഹരിക്കാന്‍ എല്ലാവിഭാഗം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. വെര്‍ച്വല്‍ ഫണ്ട് റൈസിംഗ് പ്ലാറ്റ്‌ഫോമുകളും വ്യാപകമായി ഉപയോഗിച്ചു. ഇത് ഏല്ലാവിഭാഗം ആള്‍ക്കാരുടെയും പങ്കാളിത്തവും സംഭാവനയും സമാഹരിക്കാന്‍ സഹായിച്ചു.

അമേരിക്കയിലെ രാഷ്ട്രീയ കക്ഷികള്‍ ഇത്തവണ ഫേസ്ബുക്ക്, ഗൂഗ്ള്‍ വഴിയുള്ള പ്രചാരണ പരിപാടികള്‍ക്കായി ഒരു ബില്യണ്‍ യുഎസ് ഡോളറിലേറെ ചെലവഴിച്ചതായി ഓപ്പണ്‍ സീക്രട്ട്‌സ് ഓണ്‍ലൈന്‍ ആഡ്‌സ് ഡാറ്റാബേസ് കണക്കുകള്‍ സൂചിപ്പിക്കുന്നു.


മദ്യം ആര്‍ക്കും വാങ്ങാം, സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നിയമങ്ങളില്‍ ഇളവുമായി യുഎഇ

21 വയസ് പൂര്‍ത്തിയായാല്‍ ആര്‍ക്കും ഭരണകൂടത്തിന്റെ ലൈസന്‍സ് ഇല്ലാതെ തന്നെ മദ്യം വാങ്ങുന്നതടക്കം മുസ്ലിം വ്യക്തിഗത നിയമങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തി യുഎഇ. ഒരു പരിധി വരെ ഇസ്ലാമിക് നിയമങ്ങള്‍ പാലിച്ചിരുന്ന യുഎഇയില്‍ പുതിയ മാറ്റത്തോടെ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളടക്കമുള്ള സന്ദര്‍ശകര്‍ക്ക് ഗുണകരമാകും.

മദ്യ ഉപഭോഗവും വില്‍പ്പനയും അടക്കമുള്ള കാര്യങ്ങളില്‍ 21 വയസിന് മുകളിലുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കുന്നതാണ് പ്രധാന മാറ്റം. നിലവില്‍ ബാറുകളിലും ക്ലബുകളിലും യഥേഷ്ടം ബിയറും മദ്യവും ലഭിക്കുന്നുണ്ടെങ്കിലും പുറത്തു നിന്ന് വാങ്ങണമെങ്കില്‍ ഭരണകൂടം നല്‍കുന്ന ലൈസന്‍സ് ആവശ്യമായിരുന്നു. പുതിയ നിയമ പ്രകാരം മുസ്ലിങ്ങള്‍ക്കും മദ്യത്തിനുള്ള ലൈസന്‍സ് അനുവദിക്കും.

പ്രവാസികളുടെ വില്‍പ്പത്രം, പിന്തുടര്‍ച്ചാവകാശം, സ്ത്രീ സുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്തുന്നത്.

വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ വിദേശികളായ താമസക്കാര്‍ക്ക് ഇനി ശരിയ നിയമപ്രകാരമുള്ള വിചാരണ നേരിടേണ്ടി വരില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ദുരഭിമാനക്കൊല കര്‍ശനമായി നേരിടുമെന്നാണ് പുതിയ നിയമം. വിവിധ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ കുടുംബങ്ങള്‍ക്ക് ദുഷ്‌പേര് ഉണ്ടാക്കുന്ന സ്ത്രീകളെ കൊലപ്പെടുത്തുന്ന രീതി സാര്‍വത്രികമായിരുന്നു.

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ഇനി കുറ്റമായി കണക്കാക്കില്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കും.

പൊതുസ്ഥലങ്ങളില്‍ വഴക്കിടുന്നതും ചുംബിക്കുന്നതും ഇനി തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കില്ല. പകരം പിഴ ഈടാക്കും.

ഇത്തരം നിയമങ്ങളില്‍ ഇളവ് വരുന്നത് മേഖലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും നിക്ഷേപം കൊണ്ടു വരാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


സ്വകാര്യമേഖലയില്‍ നാട്ടുകാര്‍ക്ക് തൊഴില്‍ സംവരണം: ഹരിയാനയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍, വ്യവസായ മേഖലയില്‍ ആശങ്ക

നാട്ടിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സ്വകാര്യ മേഖലയിലെ 75 ശതമാനം തൊഴിലും നാട്ടുകാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ഹരിയാന സര്‍ക്കാര്‍ നീക്കത്തിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും രംഗത്ത്. പ്രതിമാസം 50,000ത്തില്‍ താഴെ വേതനമുള്ള ജോലികളില്‍ 75 ശതമാനം നാട്ടുകാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലാണ് ബി ജെ പി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്.

ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന പോലുള്ള സംസ്ഥാനങ്ങള്‍ ഇതേ ദിശയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നതായാണ് സൂചന.

സ്വന്തം സംസ്ഥാനത്തെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ ഭരണ നേതൃത്വം സ്വകാര്യമേഖലയില്‍ തൊഴില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുമ്പോള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും വ്യവസായ സമൂഹത്തില്‍ നിന്നും വിയോജിപ്പിന്റെ ശബ്ദം ഉയരുന്നുണ്ട്.

നേരത്തെ മഹാരാഷ്ട്രയില്‍ ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന ഉയര്‍ത്തിക്കൊണ്ടുവന്ന മണ്ണിന്റെ മക്കള്‍ വാദത്തിന് തുല്യമാണ് ഇപ്പോഴത്തെ ഈ നീക്കങ്ങള്‍. സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ നാട്ടുകാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ എല്ലാ കമ്പനികളിലും സൊസൈറ്റികളിലും ട്രസ്റ്റുകളിലും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ഉറപ്പാകും. എന്നാല്‍ വ്യവസായ മേഖലകള്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കും ഇത് തിരിച്ചടിയാകും.


ആഗോള വിപണികള്‍ക്കൊപ്പം ചുവടു വച്ച് ഇന്ത്യന്‍ വിപണിയും; നിഫ്റ്റിയും സെന്‍സെക്‌സും റിക്കാര്‍ഡ് മറികടന്നു

ജോ ബൈഡന്റെ വിജയവും ആഗോള വിപണികളിലെ പോസിറ്റീവ് വാര്‍ത്തകളും ഇന്ത്യന്‍ ഓഹരി വിപണിയേയും ഉയര്‍ത്തി. ചരിത്രത്തിലെ ഏറ്റവും വലിയ തിരുത്തല്‍ രേഖപ്പെടുത്തി എട്ട് മാസം പിന്നിടുമ്പോള്‍ വിപണി പുതിയ റിക്കാര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ന്.

സെന്‍സെക്‌സ് 704 പോയ്ന്റ് ഉയര്‍ന്ന് 42,597 ലും നിഫ്റ്റി 197.50 പോയ്ന്റ് ഉയര്‍ന്ന് 12,461 ലുമെത്തി.

എല്ലാ സെക്ടറുകളും തന്നെ ഉയര്‍ച്ചയിലായിരുന്നു. ബാങ്ക് ധനകാര്യ ഓഹരികളിലാണ് മികച്ച ബയിംഗ് ദൃശ്യമായത്.

ബിഎസ്ഇ മിഡ് ക്യാപ് സൂചികകള്‍ ഒരു ശതമാനവും സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനവും ഉയര്‍ന്നു.

ഡിവിസ് ലാബാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച് യു എല്‍, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ ഗ്രിഡ് എന്നീ ഓഹരികളും മികച്ച നേട്ടം രേഖപ്പെടുത്തി.

കോള്‍ ഇന്ത്യ, അദാനി പോര്‍ട്ട്‌സ്, സിപ്ല എന്നീ ഓഹരികള്‍ നഷ്ടമുണ്ടാക്കി.

കേരള ഓഹരികളുടെ പ്രകടനം

കേരള ഓഹരികളില്‍ 11 എണ്ണം നഷ്ടം രേഖപ്പെടുത്തി. ബാങ്ക് ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി മാത്രമാണ് ഗ്രീന്‍ സോണില്‍ നിന്നത്. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, ജിയോജിത്, കിറ്റെക്‌സ്, വെര്‍ട്ടെക്‌സ്, വിക്ടറി പേപ്പര്‍, വണ്ടര്‍ ലാ എന്നീ ഓഹരികളുടെ വിലയും ഉയര്‍ന്നു.

ഏവിറ്റി, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ്, കെഎസ്ഇ, നിറ്റ ജെലാറ്റിന്‍, പാറ്റ്‌സ്പിന്‍, റബ്ഫില, വി-ഗാര്‍ഡ എന്നിവയാണ് വില താഴ്ന്ന ഓഹരികള്‍






കോവിഡ് അപ്‌ഡേറ്റ്‌സ് (09-11-2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍: 3,593

മരണം : 22

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 8,553,657

മരണം : 126,611

ലോകത്ത് ഇതുവരെ:

രോഗികള്‍: 50,395,314

മരണം : 1,256,179



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it