ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 11, 2020

ഉല്‍പ്പന്ന നിര്‍മാണമേഖലയ്ക്ക് ഉണര്‍വേകാന്‍ രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യം

പിഎല്‍ഐ ആനുകൂല്യ പദ്ധതിപ്രകാരം രണ്ടു ലക്ഷം കോടി രൂപ ആനുകൂല്യങ്ങളെത്തിക്കാനൊരുങ്ങി സര്‍ക്കാര്‍. അഞ്ചുകൊല്ലംകൊണ്ടാണ് കമ്പനികള്‍ക്ക് ഇത്രയും തുകയുടെ ആനുകൂല്യം നല്‍കുക. ഗുഡ്‌സ് മാനുഫാക്ചറിംഗ്, ഫാര്‍മ, സ്റ്റീല്‍, ടെലികോം, ടെക്‌സറ്റൈല്‍, ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മാണം, സൗരോര്‍ജം, സെല്‍ ബാറ്ററി തുടങ്ങി 10 മേഖലകള്‍ക്കാണ് പുതിയതായി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. വാഹന ഘടകഭാഗം നിര്‍മിക്കുന്ന കമ്പനികള്‍ക്ക് പരമാവധി ലഭിക്കുക 57,000 കോടി രൂപയുടെ ആനുകൂല്യമാണ്. രാജ്യത്ത് കൂടുതല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്.


ഫൈസര്‍ വാക്സിന്‍ എല്ലാവരിലേക്കുമെത്തില്ല, കടമ്പകൾ ഏറെയെന്ന് റിപ്പോര്‍ട്ട്


അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ഉല്‍പ്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ സാമ്പത്തിക ചെലവ് ഏറെ വേണ്ടി വരുന്ന പ്രത്യേക സജീകരണങ്ങള്‍ വേണമെന്ന് എയിംസ്. അത് കൊണ്ട് തന്നെ വാക്സിന്‍ പുറത്തിറക്കിയാലും വലിയ ഒരു വിഭാഗം ജനങ്ങളിലേക്കെത്തുമോ എന്നത് സംശയമാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ അളവില്‍ (70 ഡിഗ്രി സെല്‍ഷ്യസില്‍ ) ശീതീകരണം വേണ്ടതിനാല്‍ തന്നെ മരുന്ന് അതേ താപനിലയില്‍ സംരക്ഷിക്കാനും ഗതാഗത സമയത്ത് ഗുണമേന്മ ചോര്‍ന്നു പോകാതെ സംരക്ഷിക്കാനും പ്രത്യേക സജീകരണങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ തന്നെ വാക്സിന്‍ പുറത്തിറങ്ങിയാലും സന്പന്നര്‍ക്കിടയിലാകും വാക്സിന്‍ എത്തുക എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ ഇതിനാല്‍ തന്നെ മരുന്ന് എത്തിക്കലും വിതരണം ചെയ്യലും പ്രായോഗികമാകില്ലെന്നും എയിംസ് പറയുന്നു.


മുത്തൂറ്റ് ഫിനാന്‍സ് എംഎസ്‌സിഐ ഇന്ത്യ ഡൊമസ്റ്റിക് സൂചികയില്‍


രാജ്യത്തെ ഏറ്റവും വിശ്വസ്ത ധനകാര്യ സേവന ബ്രാന്‍ഡും, ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പയായ എന്‍ബിഎഫ്സിയുമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനെ നവംബര്‍ 30 മുതല്‍ എം എസ് സി ഐ (മോര്‍ഗന്‍ സ്റ്റാന്‍ലി കാപിറ്റല്‍ ഇന്‍ഡെക്‌സ്) ഇന്ത്യ ഡൊമസ്റ്റിക് സൂചികയില്‍ ഉള്‍പ്പെടുത്തും. സൂചികകള്‍ സംബന്ധിച്ച എംഎസ്സിഐയുടെ അര്‍ധവാര്‍ഷിക അവലോകനത്തിലാണ് മുത്തൂറ്റ് ഫിനാന്‍സിനെ സൂചികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ 85 ശതമാനം ഓഹരികളെ ഉള്‍ക്കൊള്ളുന്നതാണ് എം എസ് സി ഐ ഇന്ത്യ ഡൊമസ്റ്റിക് സൂചിക. സമഗ്രമായ വിലയിരുത്തലിനുശേഷമാണ് ഒരു കമ്പനിയുടെ ഓഹരികളെ ഈ സൂചികയില്‍ ഉള്‍പ്പെടുത്തുന്നത്.

എം എസ് സി ഐ ഇന്ത്യ ആഭ്യന്തര സൂചികയില്‍ മുത്തൂറ്റ് ഫിനാന്‍സിനെ ഉള്‍പ്പെടുത്തുന്നതില്‍ അഭിമാനവും സന്തോഷമുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം, ജീവനക്കാരുടെ കഠിനാധ്വാനം, നിക്ഷേപകരുടെയും ബാങ്കര്‍മാരുടെയും ഉറച്ച വിശ്വാസം എന്നിവയിലൂടെ കമ്പനി വര്‍ഷങ്ങളായി കൈവരിച്ച വളര്‍ച്ചയുടെയും പ്രകടനത്തിന്റെയും അംഗീകാരമാണിത്.


ഫ്യൂച്ചർ റീറ്റെയ്ൽ ലിമിറ്റഡിനെക്കുറിച്ച് അന്വേഷിക്കാൻ സെബിയോട് ആമസോൺ

ഫ്യൂച്ചർ റീറ്റെയ്ൽ ലിമിറ്റഡിനെക്കുറിച്ച് അന്വേഷിക്കാൻ ആമസോൺ ഡോട്ട്കോം സെബിയോട് ആവശ്യപ്പെട്ടു. 3.4 ബില്യൺ ഡോളറിന് ഫ്യൂച്ചർ ഗ്രൂപ്പിൽ നിന്ന് കടം ഉൾപ്പെടെ റീറ്റെയിൽ, ലോജിസ്റ്റിക്സ്, മറ്റ് ആസ്തികൾ എന്നിവ വാങ്ങാനുള്ള റിലയൻസിന്റെ കരാർ അവലോകനം ചെയ്യണമെന്ന് സെബിയോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഹരി ഉടമകള്‍ക്കായി രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ അജയ് ത്യാഗിക്കാണ് ആമസോണ്‍ പരാതി നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് കരാറിന് അംഗീകാരം നല്‍കരുതെന്നാണ് ആമസോണിന്റെ ആവശ്യം.


ഐസിഐസിഐ ബാങ്കിന്റെ മോര്‍ട്ട്‌ഗേജ് വായ്പകള്‍ രണ്ടു ലക്ഷം കോടി രൂപ കടന്നു


ഐസിഐസിഐ ബാങ്കിന്റെ മോര്‍ട്ഗേജ് വായ്പകള്‍ രണ്ടു ലക്ഷം കോടി രൂപ കടന്നു. മോര്‍ട്ട്‌ഗേജിന്റെ എല്ലാ പ്രക്രിയകളും ഡിജിറ്റലൈസ് ചെയ്യുകയും തല്‍ക്ഷണ വായ്പാ അനുമതികള്‍ ലഭ്യമാക്കുക വഴി ഈ നേട്ടം കൈവരിക്കാനായെന്ന് ബാങ്ക് പറഞ്ഞു. ഉപഭോക്താക്കള്‍ക്കു കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് ചെറുകിട വായ്പാ മേഖലയില്‍ തങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദമായി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയായിരുന്നു എന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ചി പറഞ്ഞു. നിരവധി വര്‍ഷങ്ങളായുള്ള ശ്രമ ഫലമായി രണ്ടു ട്രില്യണ്‍ (രണ്ടു ലക്ഷം കോടി) രൂപയുടെ ചെറുകിട മോര്‍ട്ട്‌ഗേജ് വായ്പകള്‍ എന്ന നേട്ടം തങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. ഈ നാഴികക്കല്ലു പിന്നിടുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്കാണു തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.


ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ 41% വര്‍ധന

സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായം 41.09 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 92.44 കോടി രൂപയുടെ അറ്റാദായം ഇത്തവണ 130.42 കോടി രൂപയായി വര്‍ധിച്ചു. ഈ കാലയളവില്‍ 35.06 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ബാങ്കിന്റെ ബിസിനസ് 15,582 കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ 35.38 ശതമാനം വര്‍ധിച്ച് 8208 കോടി രൂപയായി.

'ബാങ്ക് മികച്ച പ്രകടനമാണ് ഇത്തവണയും കാഴ്ചവെച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ മാന്ദ്യത്തില്‍ നിന്നും സൂക്ഷ്മ, ചെറുകിട സംരംഭകര്‍ കരകയറിത്തുടങ്ങി എന്നാണ് ഈ വളര്‍ച്ചാ ഫലം കാണിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണപരമായ ഒരു സൂചനയാണ്,' ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു.


ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31

എല്ലാ ബാങ്ക് അക്കൗണ്ടുകളും 2021 മാർച്ച് 31 നകം ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ആവശ്യമുള്ളിടത്ത് പാൻ കാർഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു


ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 50 വർഷമായി ബഹ്റൈന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന അദ്ദേഹത്തിന് 84 വയസായിരുന്നു. അമേരിക്കയിലെ മെയോ ക്ലിനിക്കില്‍ ചികില്‍സയിലായിരുന്ന പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് അന്തരിച്ചതെന്ന് ബഹ്‌റൈന്‍ ഭരണകൂടം അറിയിച്ചു. മൃതദേഹം ഉടന്‍ ബഹ്‌റൈനിലെത്തിക്കും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയ ശേഷം സംസ്‌കരിക്കും.


തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകളില്‍ മുന്നേറ്റം​

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകളില്‍ മുന്നേറ്റം. മെറ്റല്‍, ഫാര്‍മ, ഓട്ടോ ഓഹരികളുടെ നേട്ടത്തിന്റെ ചുവടു പിടിച്ചാണ് സൂചികകള്‍ തുടര്‍ച്ചയായ എട്ട് സെഷനുകളിലും നേ്ട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 316.02 പോയ്ന്റ് ഉയര്‍ന്ന് 43593.67 പോയ്ന്റിലും നിഫ്റ്റി 118.10 പോയ്ന്റ് ഉയര്‍ന്ന് 12749.20 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.


ഇന്ന് ഏകദേശം 1326 ഓഹരികള്‍ നേട്ടമുണ്ടാക്കി. 1196 ഓഹരികളുടെ വിലിയിടിഞ്ഞപ്പോള്‍ 168 ഓഹരികളുടെ വില മാറ്റമില്ലാതെ തുടര്‍ന്നു. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, എയ്ഷര്‍ മോട്ടോഴ്‌സ്, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ ഏറെ നേട്ടമുണ്ടാക്കിയത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റാന്‍ കമ്പനി, ഏഷ്യന്‍ പെയ്ന്റ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാവാതെ പോയ ഓഹരികളില്‍ മുന്നില്‍ നില്‍ക്കുന്നു. സൂചികകളില്‍ നിഫ്റ്റി പിഎസ്‌യു ബാങ്ക് ഓഹരി സൂചികയ്ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്.


കേരള കമ്പനികളുടെ പ്രകടനം


സെന്‍സെക്‌സില്‍ ഉണ്ടായ മുന്നേറ്റം കേരള കമ്പനികളെ സംബന്ധിച്ച് അത്ര നേട്ടമാക്കാനായില്ല. 12 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കാനായത്. 15 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 5.68 ശതമാനം നേട്ടത്തോടെ റബ്ഫില ഇന്റര്‍നാഷണല്‍ ആണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. കെഎസ്ഇ ലിമിറ്റഡ് 4.96 ശതമാനം നേട്ടമുണ്ടാക്കി.








കോവിഡ് അപ്‌ഡേറ്റ്‌സ് (11-11-2020)


കേരളത്തില്‍ ഇന്ന്

രോഗികള്‍: 7007 , ഇന്നലെ : 6010

മരണം : 29 , ഇന്നലെ : 28

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 8,636,011 , ഇന്നലെ : 8,591,730

മരണം : 127,571 , ഇന്നലെ : 127,059

ലോകത്ത് ഇതുവരെ:

രോഗികള്‍: 51,456,775 , ഇന്നലെ : 50,913,976

മരണം : 1,272,094 , ഇന്നലെ : 1,263,094



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it