ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 19, 2020

1. കോവിഡ് സ്വാധീനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 2025 വരെ തുടരും


കോവിഡ് സൃഷ്ടിച്ച ആഘാതത്തിന്റെ അലയൊലി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 2025 വരെ ഉണ്ടായേക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്. കോവിഡ് ബാധയ്ക്കു മുമ്പേ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇനിയും രൂക്ഷമാകുമെന്നാണ് സൗത്ത് ഏഷ്യ & സൗത്ത് ഈസ്റ്റ് ഏഷ്യ ഇക്കണോമിക്‌സ് മേധാവി പ്രിയങ്ക കിഷോര്‍ ലേഖനത്തില്‍ പറയുന്നത്. അടുത്ത അഞ്ചുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നാലര ശതമാനമാകുമെന്നാണ് അവരുടെ അനുമാനം. കോവിഡ് ബാധയ്ക്ക് മുമ്പ് ആറര ശതമാനം നിരക്കില്‍ വളരുമെന്നായിരുന്നു അനുമാനം. ആഗോളതലത്തില്‍ തന്നെ ഏറ്റവും ദീര്‍ഘമായ കാലം കോവിഡ് മൂലമുള്ള ആഘാതം പേറുന്ന സമ്പദ് വ്യവസ്ഥയാകും ഇന്ത്യയുടേതെന്ന നിഗമനമാണ് അവര്‍ മുന്നോട്ട് വെയ്ക്കുന്നത്.

2. കോവിഡിന്റെ രണ്ടാംതരംഗം: വിസിറ്റേഴ്‌സ് വിസ വിലക്കി യുഎഇ

പാക്കിസ്ഥാന്‍ ഉള്‍പ്പടെ 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കുള്ള വിസക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി യു എ ഇ. കോവിഡ് 19 ന്റെ രണ്ടാംതരംഗത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. നിലവില്‍ വിസ ലഭിച്ചിരിക്കുന്നവര്‍ക്ക സന്ദര്‍ശനം നടത്താം. തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ വിലക്കിയിരിക്കുന്നത്.

3. ഇന്ത്യയുടെ ജിഡിപി: അനുമാനം മെച്ചപ്പെടുത്തി മൂഡീസ്

ഇന്ത്യയുടെ ജിഡിപി അനുമാനം മെച്ചപ്പെടുത്തി മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ്. നേരത്തെ രാജ്യത്തിന്റെ ജിഡിപി 11.5 ശതമാനം ചുരുങ്ങുമെന്നായിരുന്നു മൂഡീഡിന്റെ പ്രവചനം. പുതിയ ഉത്തേജകപാക്കേജ് മാനുഫാക്ചറിംഗ്, അടിസ്ഥാന സൗകര്യ മേഖലകളുടെ ഉണര്‍വിന് കാരണമാകുന്നതിനാല്‍ സമ്പദ് വ്യവസ്ഥയില്‍ ചലനമുണ്ടാകുമെന്നാണ് മൂഡീസിന്റെ അനുമാനം. ജിഡിപിയിലെ ചുരുങ്ങല്‍ 11.5 ശതമാനത്തില്‍ നിന്ന് 10.6 ശതമാനമാകുമെന്നാണ് പുതിയ നിഗമനം.

4. കോവിഡ് പഴമയില്‍ നിന്ന് പുതുമയിലേക്കുള്ള പ്രയാണത്തിന് കുതിപ്പേകി: ആനന്ദ് മഹീന്ദ്ര

കോവിഡ്, നാം ലോകത്തെ വീക്ഷിക്കുന്ന രീതിയെ തന്നെ മാറ്റിയെന്നും നമ്മുടെ സമൂഹത്തിലെ വീഴ്ചകളെ തുറന്നുകാട്ടിയെന്നും വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര. ബംഗലുരു ടെക് സമിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്‌നോളജി രംഗത്തും സാമൂഹിക രംഗത്തുമുള്ള രൂപാന്തരീകരണത്തിന് വേഗം കൂട്ടാന്‍ കോവിഡ് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹ്ത്തിലെ ഏറ്റവും പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യാ മുന്നേറ്റങ്ങള്‍ ഇന്ത്യ മുന്‍ഗണന നല്‍കണമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

5. ബിസിനസ് കോഴ: രാജ്യാന്തര പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ

ബിസിനസ് ബ്രൈബറി റിസ്‌ക് പട്ടികയില്‍ ഇന്ത്യ 77ാം സ്ഥാനത്ത്. 194 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ആന്റി ബ്രൈബറി സ്റ്റാര്‍ഡേര്‍ഡ് സെറ്റിംഗ് സംഘടനയായ TRACE തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യ 77ാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം 78ാം സ്ഥാനത്തായിരുന്നു. സര്‍ക്കാരുമായുള്ള ബിസിനസ് ആശയവിനിമയങ്ങള്‍, കോഴ തടയാന്‍ സ്വീകരിച്ചിരിക്കുന്ന കാര്യങ്ങള്‍, സര്‍ക്കാരിന്റെയും സിവില്‍ സര്‍വീസിന്റെയും സുതാര്യത, മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എന്നിങ്ങനെ പല കാര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍, ചൈന, നേപ്പാള്‍, ബ്ംഗ്ലാദേശ് എന്നീ രാജ്യങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യയുടേതെങ്കിലും അയല്‍ രാജ്യമായ ഭൂട്ടാന്‍ പട്ടികയില്‍ 48ാം സ്ഥാനത്താണ്.

6. കേരളത്തില്‍ സിനിമ തിയറ്റര്‍ തുറക്കാന്‍ വൈകും

കേരളത്തില്‍ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ വൈകും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാലാണ് തിയറ്റര്‍ തുറക്കേണ്ടെന്ന നിലപാടിലെത്തിയത്.

തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ തിയറ്ററുകള്‍ തുറന്നിരുന്നുവെങ്കിലും നഷ്ടം മൂലം അവ വീണ്ടും പൂട്ടി. കേരളത്തില്‍ അടുത്ത വര്‍ഷം വിഷുവിന് തിയറ്റര്‍ തുറന്നാല്‍ മതിയെന്ന നിലപാടും ചില ഉടമകള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

കോവിഡിനും മുമ്പും ശേഷവുമായി അറുപതിലേറെ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഇവ തിയറ്റര്‍ തുറക്കുന്നതും കാത്തിരിപ്പാണ്. ചില മലയാളം സിനിമകള്‍ ഇതിനിടെ ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തു.

7. ലാഭമെടുപ്പില്‍ ക്ഷീണം ബാധിച്ച് വിപണി

കോവിഡ് വ്യാപനത്തില്‍ കുറവ് വരാത്തതും കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ചുള്ള ആകുലതകളും ആഗോള വിപണിയെ തളര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൂചികളിലും അത് പ്രതിഫലിച്ചു. വാക്‌സിന്‍ കണ്ടുപിടുത്തത്തെ കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ കേട്ടുതുടങ്ങിയെങ്കിലും വിപണിയെ അത് തുണച്ചില്ല. മാത്രമല്ല, അടുത്തിടെ വിപണിയില്‍ ഉണ്ടായ ഉണര്‍വിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും സൂചികയെ ബാധിച്ചു.

ധനകാര്യ ഓഹരികള്‍ക്കാണ് ഇന്ന് കൂടുതല്‍ തിരിച്ചടി നേരിട്ടത്. എഫ്എംസിജി, ഫാര്‍മ ഓഹരികള്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

സെന്‍സ്‌ക്‌സ് 580.09 പോയ്ന്റ് താഴ്ന്ന് 43599.96 പോയ്ന്റിലും നിഫ്റ്റി 166.60 പോയ്ന്റ് താഴ്ന്ന് 12771.70 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 11 എണ്ണം മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 16 എണ്ണത്തിനും നേട്ടമുണ്ടാക്കാനായില്ല. 11.11 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് മുന്നില്‍ നില്‍ക്കുന്നു. 3.70 രൂപ വര്‍ധിച്ച് ഓഹരി വില 37 രൂപയിലെത്തി. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില 4.84 ശതമാനം വര്‍ധിച്ച് (1.55 രൂപ) 33.55 രൂപയിലും നിറ്റ ജലാറ്റിന്റെ വില 4.19 ശതമാനം വര്‍ധിച്ച് (6.80 രൂപ) 169 രൂപയിലുമെത്തി.






കോവിഡ് അപ്‌ഡേറ്റ്‌സ് (19 11 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 5,722

മരണം : 26


ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 8,958,483

മരണം : 131,578

ലോകത്ത് ഇതുവരെ:

രോഗികള്‍: 56,247,982

മരണം : 1,349,380

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it