Top

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 20, 2020

1. ലോകത്ത് തന്നെ ഏറ്റവും വലിയ ആഖാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടേതെന്ന് പഠനം

ലോകത്തെ വിവിധ സമ്പദ്വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ ഇന്ത്യയെയായിരിക്കും കോവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ പഠനം. ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് 4.5 ശതമാനം മാത്രമാണ് വളര്‍ച്ച കൈവരിക്കാനാകുന്നത്, ഇത് കോവിഡിന് മുമ്പുള്ള 6.5 ശതമാനത്തെക്കാള്‍ കുറവാണെന്നതിനാലാണ് ഇത്തരമൊരു നിഗമനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് കെട്ടിപ്പടുത്തിരുന്ന ബാലന്‍സ് ഷീറ്റ് സ്‌ട്രെസ് കൂടുതല്‍ വഷളാകുമെന്ന് വ്യാഴാഴ്ച ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടും പറയുന്നു. ആഗോളതലത്തില്‍ കര്‍ക്കശമായ ലോക്ക്ഡൗണുകളിലൊന്ന് ഉണ്ടായിരുന്നിട്ടും, കോവിഡ് -19 നുള്ള ഇന്ത്യയുടെ നേരിട്ടുള്ള സാമ്പത്തിക പ്രതികരണം ജിഡിപിയുടെ വെറും 2.5% മാത്രമാണെന്നും 230 ബില്യണ്‍ ഡോളര്‍ ധന പാക്കേജിന്റെ സിംഹഭാഗം ദ്രവ്യതയ്ക്കും ധനസഹായ പദ്ധതികള്‍ക്കുമായി നീക്കിവച്ചിട്ടുണ്ടെന്നും ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് വിശദമാക്കുന്നു.

ഏണസ്റ്റ് ആന്‍ഡ് യംഗ് നടത്തിയ സര്‍വേ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താറുമാറായ ഇന്ത്യന്‍ ബിസിനസ് മേഖലയുടെ തിരിച്ചു വരവ് 2022 അവസാനം വരെ പ്രതീക്ഷിക്കുകയേ വേണ്ടെന്ന് സര്‍വേ ഫലം. ഏണസ്റ്റ് ആന്‍ഡ് യംഗ് നടത്തിയ സര്‍വേയിലാണ ഇത് വ്യക്തമാകുന്നത്. സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനം പേരും അവരെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നും ചുരുങ്ങിയത് 2022 അവസാനം വരെയും പ്രതിസന്ധി തുടരുമെന്നുമാണ്.

കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണിലായത് രാജ്യത്തെ വിവിധ മേഖലകളെയും വ്യവസായങ്ങളെയും വന്‍തോതില്‍ ബാധിച്ചു. വ്യോമയാന മേഖല പൂര്‍ണമായും സ്തംഭിച്ചപ്പോള്‍ ത്രൈമാസ കാലയളവില്‍ ഒരൊറ്റ വിമാനം പോലും പറന്നില്ല- ഏണസ്റ്റ് & യംഗ് റിപ്പോര്‍ട്ട് പറയുന്നു.2. രണ്ട് എംബിപിഎസ് വേഗമില്ലാത്ത ബ്രോഡ്ബാന്‍ഡിനെതിരെ ട്രായ്

രണ്ട് എംബിപിഎസ് പോലും സ്പീഡ് നല്‍കാത്ത ബ്രോഡ്ബാന്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ട്രായിയോട് ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം (ബിഐഎഫ്) ആവശ്യപ്പെട്ടു. ബ്രോഡ്ബാന്‍ഡിന് മിനിമം സ്പീഡ് ചട്ടങ്ങള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 512 കെബിപിഎസ് വേഗതയുള്ള കണക്ഷന് പോലും ബ്രോഡ്ബാന്‍ഡ് വിശേഷണം ലഭിക്കുമെന്നത് മാറ്റി കുറഞ്ഞവേഗം 2എംബിപിഎസ് എങ്കിലും ആക്കണമെന്ന് ബിഐഎഎഫ് പറയുന്നു.

വിവര സാങ്കേതികവിദ്യാ രംഗത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലുണ്ടായ വലിയ മാറ്റങ്ങളാണ് ഇത്തരമൊരു നിര്‍ദേശത്തിന് തങ്ങളെ പ്രേരിപ്പിക്കുന്നതെന്നും ബിഐഎഫ് വ്യക്തമാക്കുന്നു. മാറി വരുന്ന സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗം ആവശ്യമാണെന്നതുകൂടി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

'നിലവിലെ വിവര സാങ്കേതികവിദ്യയിലുണ്ടായ പുരോഗതിയോ ഉപഭോക്താക്കളുടെ ആവശ്യമോ ഈയൊരു ബ്രോഡ്ബാന്‍ഡ് വേഗംകൊണ്ട് അര്‍ഥമാക്കുന്നില്ല. അതിവേഗ ബ്രോഡ്ബാന്‍ഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സേവനങ്ങളുടെ നിര്‍വ്വചനം കാലാനുസൃതമായി മാറ്റേണ്ടതുണ്ട്' ട്രായിക്ക് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ബിഐഎഫ് പറയുന്നു.

3. രണ്ടുമാസത്തിനു ശേഷം ആദ്യമായി ഇന്ധനവിലയില്‍ വര്‍ധന

ഏകദേശം രണ്ടു മാസത്തിനു ശേഷം രാജ്യത്ത് ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. രാജ്യത്തെ നാല് മെട്രോ നഗരങ്ങളിലാണ് ചെറിയ തോതിലുള്ള വര്‍ധന വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഓയ്ല്‍ കോര്‍പറേഷനില്‍ നിന്നുള്ള വിവരമനുസരിച്ച് പെട്രോളിന്റെ വില, ഡല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ ലിറ്ററിന് 17-20 പൈസയാണ് വര്‍ധിച്ചത്.

ഡീസലിന്റെ വിലയില്‍ 22-25 പൈസയുടെ വര്‍ധനവും ഉണ്ടായി. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 81.06 രൂപയില്‍ നിന്ന് 81.23 ആയി വര്‍ധിച്ചു. ഡീസലിനാവട്ടെ 70.46 ല്‍ നിന്ന് 70.68 രൂപയായി. ചെന്നൈയിലെ വില പെട്രോളിന് 84.31 രൂപയും ഡീസലിന് 76.17 രൂപയുമാണ്.


4. നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം

കേരളത്തില്‍ വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 37,520 രൂപയായി. നവംബര്‍ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ഒരു ഗ്രാമിന് 4,690 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയായിരുന്നു വില. ഗ്രാമിന് 4,700 രൂപയും. നാലു ദിവസം കൊണ്ട് പവന് 560 രൂപ കുറഞ്ഞു.

രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 1,865.08 ഡോളറില്‍ ആണ് സ്വര്‍ണ വില. നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ 37,680 രൂപയ്ക്കായിരുന്നു സ്വര്‍ണ വ്യാപാരം. രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയുടെ വര്‍ധന ഉണ്ടായിരുന്നു. നവംബര്‍ 9ന് സ്വര്‍ണ വില പവന് 3,880 രൂപയില്‍ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

5. ഇന്ത്യയില്‍ നിന്നുള്ള തൊഴിലന്വേഷകരില്‍ അധികം പേരും അമേരിക്കയില്‍

വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയം അമേരിക്കയെന്ന് റിപ്പോര്‍ട്ട്. 43 ശതമാനം പേരാണ് അവസരം തേടി യുഎസില്‍ എത്തിയിട്ടുള്ളതെന്നാണ് ഒക്ടോബര്‍ 2020 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ കുറച്ചു കൂടി സുതാര്യമായ കാനഡയാണ് രണ്ടാം സ്ഥാനത്ത്. 18 ശതമാനമാണ് ഇവിടെ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ നിരക്ക് ബ്രിട്ടന്‍ 17 ശതമാനവും യുഎഇ യിലേക്കെത്തിയത് 10 ശതമാനവും ഓസ്‌ട്രേലിയ മൂന്നു ശതമാനം പേരുമാണെന്ന് ഇന്‍ഡീഡ് ഡേറ്റ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

6. ഇപിഎഫ്ഓ നല്‍കിയത് 55,000 കോടി രൂപ

ഒക്ടോബര്‍ 31, 2020 വരെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നല്‍കിയത് 55,900.88 കോടി രൂപയെന്ന് ഇപിഎഫ്ഓ പുറത്തുവിട്ട കണക്കുകള്‍. 149.3 ലക്ഷം അപേക്ഷകള്‍ ആണ് ഇതിനോടകം പണം പിന്‍വലിക്കുന്നതിനും അക്കൗണ്ട് ക്ലോസിംഗിനുമായി ഇപിഎഫ്ഓ യിലേക്ക് എത്തിയിരിക്കുന്നതെന്നും ഇതില്‍ 47.58 ലക്ഷം പേരും നല്‍കിയത് കോവിഡ് അഡ്വാന്‍സ് ക്ലെയിമുകളാണെന്നും വ്യക്തമായിട്ടുണ്ട്. ഇത് മാത്രം 12220.26 കോടി രൂപയോളം വരും. ഇപിഎഫ്ഓ ദാതാക്കളില്‍ കുറവു വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

7. സ്റ്റാര്‍ ഇന്ത്യയില്‍ ഐപിഎല്‍ കണ്ടത് 31. 57 ദശലക്ഷം പേര്‍

പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ 'സ്റ്റാര്‍ ഇന്ത്യ'യില്‍ ഐപിഎല്‍ ക്രിക്കറ്റ് കണ്ടത് 31.57 ദശലക്ഷം പേരെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍(ബാര്‍ക്). ടിവി വ്യൂവര്‍ഷിപ്പില്‍ 23 ശതമാനം ഉയര്‍ച്ചയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകളില്‍ ടി20 സംപ്രേഷണം ചെയ്തതാണ് ഈ വര്‍ധനയ്ക്ക് കാരണമായി കണക്കാക്കുന്നത്. ചാനലുകള്‍ പരസ്യക്കൊയ്ത്ത് നടത്താന്‍ മത്സരിക്കുമ്പോഴാണ് സ്റ്റാര്‍ ഇന്ത്യ ഈ വന്‍ വിജയം കരസ്ഥമാക്കിയിട്ടുളളത്. ഓഡിയന്‍സില്‍ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


8. കോവിഷീല്‍ഡ് കോവിഡ് വാക്സിന്‍ എത്തുക താങ്ങാവുന്ന വിലയില്‍!

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന്‍ പുറത്തിറക്കാനുള്ള സജീകരണങ്ങള്‍ പൂര്‍ത്തിയായതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'കോവിഷീല്‍ഡ്' എന്നു പേരുള്ള വാക്‌സിന്‍ ഡിസംബറില്‍ അടിയന്തര അനുമതിക്കായി നല്‍കാനിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകരിലും പ്രായമായവരിലും മിതമായ നിരക്കില്‍ വാക്‌സിന്‍ പ്രയോഗിക്കാനുള്ള അനുമതിയാണ് പ്രാരംഭത്തില്‍ ഇന്‍സ്റ്റിറ്റയൂട്ട് തേടുക. വാര്‍ത്താസമ്മേളനത്തിലാണ് സിറം ഇക്കാര്യം വ്യക്തമാക്കിയത്. 2021 മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ വാക്‌സിന്‍ പൊതു വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.


9. ബാങ്കിംഗ് മേഖലയുടെ കരുത്തില്‍ വിപണി നേട്ടമുണ്ടാക്കി

ആദ്യപകുതിയിലെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ബാങ്കിംഗ് മേഖലയുടെ കരുത്തില്‍ നേട്ടത്തിലവസാനിച്ച് ഓഹരി വിപണി. നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് ബാങ്ക് സൂചികകള്‍ കയറിയെന്നതാണ് ഇന്നത്തെ നേട്ടം. കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിജയത്തിലാണ് വിപണിയുടെ പ്രതീക്ഷ.

സെന്‍സെക്‌സ് 282.29 പോയ്ന്റ് ഉയര്‍ന്ന് 43882.25 പോയ്ന്റിലും നിഫ്റ്റി 87.30 പോയ്ന്റ് ഉയര്‍ന്ന് 12859 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി സൂചിക 332.95 പോയ്ന്റ് ഉയര്‍ന്ന് 29236 പോയ്ന്റില്‍ ക്ലോസ് ചെയ്തു. ബാങ്കിംഗ് മേഖലയ്ക്ക് പുറമേ എഫ്എംസിജി, ഐറ്റി ഓഹരികളും നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടേത് ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. 15 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 12 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

ഇന്‍ഡിട്രേഡ് (ജെആര്‍ജി) (12.55 ശതമാനം), നിറ്റ ജലാറ്റിന്‍ (5.68 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.92 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.48 ശതമാനം), സിഎസ്ബി ബാങ്ക് (4.44 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.22 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.71 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.23 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.15 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.04 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.51 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.16 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.07 ശതമാനം)

കിറ്റെക്‌സ് (0.05 ശതമാനം), കെഎസ്ഇ (0.04 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.

ഹാരിസണ്‍സ് മലയാളം (3.77 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (3.45 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.49 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.44 ശതമാനം), എവിറ്റി (2.15 ശതമാനം), ആസ്റ്റര്‍ ഡി എം (2.14 ശതമാനം), എഫ്എസിടി (0.91 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.65 ശതമാനം), കേരള ആയുര്‍വേദ (0.52 ശതമാനം), ഫെഡറല്‍ ബാങ്ക് (0.26 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.25 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.08 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയ കേരള ഓഹരികള്‍.


കോവിഡ് അപ്ഡേറ്റ്സ് (20- 11 -2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 6028

മരണം : 28


ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 9,004,365

മരണം : 132,162

ലോകത്ത് ഇതുവരെ:

രോഗികള്‍: 56,898,415

മരണം : 1,360,381


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it