Top

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 21, 2020

1. നികുതി വെട്ടിപ്പിലൂടെ രാജ്യത്ത് പ്രതിവര്‍ഷം നഷ്ടമാകുന്നത് 75000 കോടി രൂപ

ആഗോള തലത്തിലെ നികുതി വെട്ടിപ്പിലൂടെ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 75000 കോടി രൂപയുടെ (10.3 ലക്ഷം കോടി ഡോളര്‍) നഷ്ടമുണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ഓഫ് ടാക്‌സ് ജസ്റ്റിസ് വെളിവാക്കുന്ന കണക്കനുസരിച്ച് വ്യക്തിഗത നികുതി, അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നികുതി എന്നിവ വെട്ടിക്കുന്നത് മൂലമാണ് രാജ്യത്തിന് ഇത്രയധികം തുക വര്‍ഷാവര്‍ഷം നഷ്ടപ്പെടുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനികളും വ്യക്തികളും നികുതി വെട്ടിപ്പ് നടത്തുന്നത് കൊണ്ട് മാത്രം 42700 കോടി ഡോളറിലധികം നഷ്ടമാണ് രാജ്യത്തിന് ഉണ്ടാകുന്നത്. ഇത്തരത്തില്‍ നഷ്ടപ്പെടുന്ന നികുതി തുകയുടെ ആഘാതം പരിശോധിച്ചാല്‍ ഇത് ആരോഗ്യ ബജറ്റിന്റെ 44.70 ശതമാനവും

വിദ്യാഭ്യാസ ബജറ്റിന്റെ 10.68 ശതമാനവും വരുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2. കേരള സംസ്ഥാന ഭാഗ്യക്കുറി റെക്കോര്‍ഡ് വില്‍പ്പന നേടി; അച്ചടിച്ച 1.20 കോടി ടിക്കറ്റും വിറ്റു

കോവിഡ് പ്രതിസന്ധിക്കിടയിലും കേരള ഭാഗ്യക്കുറി വില്‍പന മുന്നേറുന്നു. തിങ്കളാഴ്ച നറുക്കെടുക്കുന്ന വിന്‍വിന്‍ W 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച 1,00,20,000 ടിക്കറ്റുകളും ശനിയാഴ്ച വിറ്റഴിഞ്ഞു. രാജ്യത്തു തന്നെ ഏതെങ്കിലും സംസ്ഥാന ഭാഗ്യക്കുറി ഈ നേട്ടം തുടരെ കൈവരിച്ചിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കേരള ഭാഗ്യക്കുറി പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് വിന്‍വിന്‍ ടിക്കറ്റ് വില്‍പന ഇത്രയധികം എത്തുന്നത്. നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകള്‍ ഒരു കോടി എട്ടു ലക്ഷം വരെ വിറ്റു പോയിട്ടുള്ളതാണ് റെക്കോര്‍ഡ്. ലോക്ഡൗണിന് തൊട്ടുമുമ്പ് 2020 ജനുവരി - ഫെബ്രുവരി കാലഘട്ടത്തിലായിരുന്നു അത്. 40 രൂപ വിലയുള്ള ഒരു കോടി ഇരുപതിനായിരം ടിക്കറ്റുകള്‍ വില്‍ക്കുന്നതിലൂടെ സമ്മാനമായി ഏകദേശം 23.5 കോടി രൂപ വിതരണം ചെയ്യും. പുറമെ 28% ജിഎസ്ടി നികുതി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഖജനാവുകളിലേക്കും എത്തും. ബാക്കി ഏജന്റ് കമ്മിഷന്‍, ലാഭം തുടങ്ങിയവയാണ്. മാര്‍ച്ച് 23 മുതല്‍ രണ്ടു മാസത്തോളം ടിക്കറ്റുകള്‍ റദ്ദാക്കുകയും ഏതാനും നറുക്കെടുപ്പുകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ജൂലൈയില്‍ പുനഃരാരംഭിച്ച ഭാഗ്യക്കുറി ഇപ്പോള്‍ ആഴ്ചയില്‍ 3 നറുക്കെടുപ്പാണ് നടത്തുന്നത്.

3. കോവിഡ് വാക്‌സിന്‍ വിതരണത്തിന് 'കോവിന്‍ ആപ്പ്' വികസിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് വാക്‌സിന്‍ വിതരണത്തിനായി കേന്ദ്രം വികസിപ്പിച്ച കോവിന്‍ ആപ്ലിക്കേഷന്‍ വാക്‌സിന്‍ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയ്ക്ക് ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വാക്‌സിന്‍ ഷെഡ്യൂള്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനും ആപ്പ് ഉപയോഗിക്കും. ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ ഏജന്‍സികള്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമുള്ള ഡേറ്റ സമന്വയിപ്പിക്കുന്നതിന് ആപ് സഹായിക്കും. വാക്‌സിന്റെ ഷെഡ്യൂള്‍, വാക്്‌സിനേറ്ററിന്റെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുന്നതിന് ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കഴിയും.

ആര്‍ക്കൊക്കെ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നതാണ് പ്രാഥമികമായി അറിയാന്‍ കഴിയുക. രണ്ട് ഘട്ടമായിട്ടാണ് വാക്‌സിനേഷന്‍ നടക്കുക എന്നതിനാല്‍ ഇത് നിര്‍ണായകായിരിക്കും. 28,000 സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്റ്റോക്കുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും സംഭരണ താപനില നിരീക്ഷിക്കുന്നതിനും കോള്‍ഡ് ചെയിന്‍ മാനേജര്‍മാരെ വിന്യസിക്കുന്നതിനുമെല്ലാം ആപ് സഹായിക്കും. ലോഡ് ഷെഡിംഗ്, വോള്‍ട്ടേജ് ഏറ്റക്കുറച്ചിലുകള്‍ എന്നിവ പോലുള്ള സംഭരണ സ്ഥലങ്ങളിലെ താപനില വ്യതിയാനങ്ങള്‍ മൊബൈലിലൂടെ അധികൃതര്‍ക്ക് അറിയാന്‍ കഴിയും.

4. നവംബര്‍ 26ന് ദേശീയ പണിമുടക്ക്

നവംബര്‍ 26 ന് ഐഎന്‍ടിയുസി, സിഐടിയു അടക്കമുള്ള പത്തോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക്. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പെതുഗതാഗതം ഉണ്ടാകില്ലെന്നുമാണ് സംയുക്ത സമരസമിതി അറിയിപ്പ്. പാല്‍, പത്രം, ഉള്‍പ്പടെയുള്ള ആവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തില്ല. കേരളത്തില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് േ്രട്രഡ് യൂണിയന്‍ അവകാശപ്പെടുന്നത്. നവംബര്‍ 25 രാത്രി 12 ന് ആരംഭിക്കുന്ന പണിമുടക്ക് 26ന് രാത്രി 12 മണിവരയായിരിക്കും. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ടിയു, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ, എഐസിസിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

5.ഫ്യൂച്ചര്‍ റീറ്റെയ്ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാറിന് സിസിഐ അംഗീകാരം

ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ലിമിറ്റഡിന്റെ ആസ്തികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് വിറ്റ നടപടിക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്‍കി. വില്‍പ്പന വിശ്വാസവഞ്ചനയാണെന്ന് കാട്ടി നിയമനടപടികളിലേക്ക് തിരിഞ്ഞ ഇ കൊമേഴ്സ് വമ്പനായ ആമസോണിന് വലിയ തിരിച്ചടിയാണ് ഏറ്റെടുക്കലിന് ലഭിച്ച അംഗീകാരം. ഫ്യൂച്ചറും ആമസോണും തമ്മിലുണ്ടാക്കിയ കരാറിന് വിരുദ്ധമാണ് ഫ്യൂച്ചര്‍ റീറ്റെയ്ല്‍ വില്‍പ്പനയെന്നു കാട്ടി ആമസോണ്‍ സിസിഐയെയും സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യെയും സമീപിച്ചിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍, ഹോള്‍സെയ്ല്‍, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് ബിസിനസുകള്‍ റിലയന്‍സില്‍ ലയിപ്പിച്ച നടപടിയെ അംഗീകരിക്കുന്നതായി സിസിഐ ട്വീറ്റും ചെയ്തിട്ടുണ്ട്.

6. തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലവര്‍ധന

തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് 81.81 രൂപയും(ഡല്‍ഹി) ഡീസലിന് 75. 06 രൂപയുമായി.

7. കേരളത്തില്‍ ശനിയാഴ്ച സ്വര്‍ണവില കൂടി

കേരളത്തില്‍ ശനിയാഴ്ച്ച സ്വര്‍ണവില കൂടി. പവന് 37,680 രൂപ ഗ്രാമിന് 4710 രൂപയുമായി. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഉയര്‍ന്നിട്ടുള്ളത്. വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയ 37,520 രൂപയായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വില. ഇതില്‍ നിന്നാണ് ഒറ്റയടിക്ക് 160 രൂപ വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുന്നതാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന് വിലകൂടാന്‍ കാരണം. ഇന്നലെ എംസിഎക്‌സ് വിപണിയില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 0.11 ശതമാനം വര്‍ധനവോടെ 50,029 രൂപ കുറിച്ചു. വെള്ളി കിലോയ്ക്ക് 0.3 ശതമാനം വര്‍ധനവോടെ 61,690 രൂപയിലും എത്തി. കഴിഞ്ഞ സെഷനില്‍ 10 ഗ്രാമിന് 350 രൂപയുടെ വിലയിടിവാണ് സ്വര്‍ണം കണ്ടത്; വെള്ളി കിലോയ്ക്ക് 1,000 രൂപയും കുറയുകയുണ്ടായി. കഴിഞ്ഞ നാലു സെഷനിലും തുടര്‍ച്ചയായി സ്വര്‍ണം, വെള്ളി നിരക്കുകള്‍ താഴോട്ടു വീണിരുന്നു. വെള്ളിയാഴ്ച്ച ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ സ്‌പോട്ട് വില 0.2 ശതമാനം ഇടിഞ്ഞ് 1,863.21 ഡോളറില്‍ (ഔണ്‍സിന്) എത്തി. വെള്ളി 0.1 ശതമാനം ഇടിഞ്ഞ് 24.06 ഡോളറിലും. മറ്റൊരു വിലപ്പെട്ട ലോഹമായ പ്ലാറ്റിനത്തിനും 0.2 ശതമാനം ഇടിവ് സംഭവിച്ചു. നിലവില്‍ 949.88 ഡോളറാണ് പ്ലാറ്റിനം ഔണ്‍സിന് വില.

കോവിഡ് അപ്‌ഡേറ്റ്‌സ് (21 11 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 5772

മരണം : 25

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 9,050,597

മരണം :132,726

ലോകത്ത് ഇതുവരെ:

രോഗികള്‍: 57,564,083

മരണം : 1,372,182Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it