ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 11, 2022

ടിസിഎസിന് 9926 കോടി രൂപ അറ്റാദായം, പ്രവര്‍ത്തന വരുമാനത്തിലും വര്‍ധനവ്

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) 2022 മാര്‍ച്ച് 31 ന് അവസാനിക്കുന്ന പാദത്തില്‍ (Q4FY22) 9,926 കോടിയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 9,246 കോടിയില്‍ നിന്ന് 7% വര്‍ധന. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം നാലാം പാദത്തില്‍ 16 ശതമാനം ഉയര്‍ന്ന് 50,591 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 43,705 കോടി രൂപയായിരുന്നു.

ആദ്യ പാദത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 10.8 ബില്യണ്‍ ഡോളര്‍ നേടിയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലായി 10 ബില്യണ്‍ ഡോളര്‍ വീതം സമാഹരിച്ചതായി റിപ്പോര്‍ട്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം 2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 10.8 ബില്യണ്‍ ഡോളര്‍ നേടിയതായും PwC ഇന്ത്യയുടെ റിപ്പോര്‍ട്ട് കാണിക്കുന്നു.

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം വര്‍ഷം തോറും 59 ശതമാനം വര്‍ധിച്ച് 2222 സാമ്പത്തിക വര്‍ഷത്തില്‍ 84 ദശലക്ഷമായി ഉയര്‍ന്നതായി ഇക്ര. എന്നിരുന്നാലും ഇത് പാന്‍ഡെമിക്കിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴും 40 ശതമാനം കുറവാണെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്ര പറയുന്നു.

രുചി സോയ പേര് മാറ്റുന്നു

പ്രമുഖ ഭക്ഷ്യ എണ്ണ ഉല്‍പാദകരായ രുചി സോയ പേര് മാറ്റാന്‍ ഒരുങ്ങുന്നു. ഇക്കഴിഞ്ഞ ദിവസമാണ് എഫ് പി ഒ വഴി കമ്പനി ബാങ്കുകളുടെ വായ്പ കൊടുത്തു തീര്‍ത്തത്. ഓഹരിവിപണിയില്‍ നിന്നും കമ്പനി 8 ശതമാനം നേട്ടമുണ്ടാക്കിയതോടെ പെരുമാറ്റാനും റീബ്രാന്‍ഡ് ചെയ്യാനുമുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, കമ്പനിയുടെ പേര് പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് എന്നോ അല്ലെങ്കില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ലഭ്യമാക്കുന്ന മറ്റേതെങ്കിലും പേരിലേക്കോ മാറ്റാന്‍ കമ്പനി ബോര്‍ഡ് അംഗീകരിച്ചു.

രോഗികള്‍ കുറഞ്ഞു, കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി സര്‍ക്കാര്‍

രോഗികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചത് മുതല്‍ ദിവസവും വൈകിട്ട് ആരോഗ്യവകുപ്പ് രോഗബാധിതരുടെ കണക്കുകളും ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണവും സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു.

പ്രവാസികള്‍ക്ക് അതിവേഗം അക്കൗണ്ട് തുറക്കാനുള്ള സംവിധാനവുമായി ഫെഡറല്‍ ബാങ്ക്

പ്രവാസി ഇന്ത്യക്കാര്‍ക്ക് അതിവേഗം അക്കൗണ്ട് തുറക്കാനും മറ്റു ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനും അവസരമൊരുക്കിക്കൊണ്ട് യുഎഇയിലെ ഡിജിറ്റല്‍ ബാങ്കായ മശ്രിഖ് നിയോ ഫെഡറല്‍ ബാങ്കുമായി ധാരണയിലെത്തി. മശ്രിഖ് നിയോയുടെ ഇന്ത്യന്‍ ഇടപാടുകാര്‍ക്ക് നിയോ ആപ്പിലൂടെ ഇനി ഫെഡറല്‍ ബാങ്കില്‍ ഉടനടി പ്രവാസി അക്കൗണ്ട് തുറക്കാന്‍ സാധിക്കും. സുരക്ഷിതവും സൗകര്യപ്രദവുമായ അതിവേഗ ബാങ്കിങ് ആണ് ഈ രണ്ട് പ്രമുഖ ബാങ്കുകളുടെ പങ്കാളിത്തത്തിലൂടെ ഇടപാടുകാര്‍ക്ക് ലഭിക്കുന്നത്. അക്കൗണ്ട് തുറക്കുന്നതിനു മാത്രമല്ല, ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കാനും ഉടനടി നാട്ടിലേക്ക് പണം അയക്കുന്നതിനുമുള്ള സൗകര്യവും മശ്രിഖ് നിയോ ആപ്പിലൂടെ ലഭ്യമാകുമെന്നുമാണ് അറിയിക്കുന്നു.

പച്ച തൊടാതെ വിപണി, സെന്‍സെക്സ് 483 പോയ്ന്റ് ഇടിഞ്ഞു

ഒരുഘട്ടത്തില്‍ പോലും പച്ചയിലേക്ക് നീങ്ങാത്ത വിപണി, ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്സ് 483 പോയ്ന്റ് നഷ്ടത്തോടെ 58,965 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 സൂചിക 101 പോയിന്റ് അഥവാ 0.6 ശതമാനം ഇടിഞ്ഞ് 17,683 ല്‍ ക്ലോസ് ചെയ്തു. രണ്ട് സൂചികകളും യഥാക്രമം 59,356, 17,651 എന്നീ താഴ്ന്ന നിലയിലെത്തി. സെന്‍സെക്സ് 30 ഓഹരികളില്‍ 20 എണ്ണവും നിഫ്റ്റി 50ല്‍ 30 എണ്ണവും നെഗറ്റീവ് സോണിലാണ് വ്യാപാരം അവസാനിച്ചത്. എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, വിപ്രോ, എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ 2.7 ശതമാനം വരെ ഇടിഞ്ഞു. ഗ്രാസിം, അദാനി പോര്‍ട്ട്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യുപിഎല്‍, സിപ്ല, അപ്പോളോ ഹോസ്പിറ്റല്‍സ്, ബിപിസിഎല്‍ എന്നിവ 1 - 3 ശതമാനം വരെ നേട്ടമുണ്ടാക്കി.

വിശാല വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.4 ശതമാനം വീതം മുന്നേറി. മേഖലകളില്‍, നിഫ്റ്റി ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ യഥാക്രമം 1.4 ശതമാനവും 0.5 ശതമാനവും ഇടിഞ്ഞു. മൊത്തത്തില്‍, ബിഎസ്ഇയിലെ 2,000ലധികം ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,500 ഓളം ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടിസിയുടെ ഓഹരികള്‍ 2 ശതമാനം ഉയര്‍ന്ന് രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 273.10 രൂപയിലെത്തി.


കേരള കമ്പനികളുടെ പ്രകടനം


ഓഹരി വിപണി ഇടിവിലേക്ക് വീണപ്പോള്‍ കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കിറ്റെക്സിന്റെ ഓഹരി വില 8.15 ശതമാനം ഉയര്‍ന്ന് 52 ആഴ്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 273 രൂപയിലെത്തി. എവിറ്റി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ജിയോജിത്ത്, നിറ്റ ജലാറ്റിന്‍, പാറ്റ്സ്പിന്‍ ഇന്ത്യ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം, ആസ്റ്റര്‍ ഡി എം, ഹാരിസണ്‍സ് മലയാളം, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. കേരള ആയുര്‍വേദയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

Dhanam News Desk
Dhanam News Desk  
Next Story
Share it