ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 21, 2021

യുഎസ് എഡ്‌ടെക് കമ്പനിയായ 'എപ്പിക്കി'നെ ഏറ്റെടുത്ത് ബൈജൂസ്
500 മില്യണ്‍ ഡോളറിന്റെ ഇടപാടില്‍ യുഎസ് എഡ്യൂടെക് കമ്പനിയായ എപ്പിക്കിനെ ഏറ്റെടുത്ത് ബൈജൂസ്. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ശേഷം ബൈജൂസ് ഈ വര്‍ഷം നടത്തിയ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഇത്. ക്യാഷ്- സ്റ്റോക്ക് ഡീലിലൂടെയായിരുന്നു ഏറ്റെടുക്കല്‍ നടന്നത്.
റിലയന്‍സ് റീറ്റെയ്ല്‍, ഡിമാര്‍ട്ട് തുടങ്ങിയവരുടെ ഓണ്‍ലൈന്‍ വില്‍പ്പന 2-9 മടങ്ങ് വര്‍ധിച്ചു
ഇന്ത്യയിലെ പ്രധാന റീറ്റൈയ്‌ലര്‍മാരായ റിലയന്‍സ് റീറ്റെയ്ല്‍, ഡിമാര്‍ട്ട്, ക്രോമ, ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍, സ്പെന്‍സേഴ്സ് തുടങ്ങിയവരുടെ ഓണ്‍ലൈന്‍ സെയ്ല്‍സ് രണ്ട് മുതല്‍ ഒമ്പത് ശതമാനം മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. 2020-21 ലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അവരുടെ സ്റ്റോറുകള്‍ പലതും അടച്ചിടല്‍ നേരിട്ടെങ്കിലും ഈ സ്‌റ്റോറുകളെ ആശ്രയിച്ചിരുന്നവര്‍ ഓണ്‍ലൈനിലൂടെ ഷോപ്പിംഗ് നടത്തിയതാണ് കമ്പനികളെ തുണച്ചത്.
ഐപിഓയിലൂടെ 6,500 കോടി രൂപ സമാഹരിക്കാനൊരുങ്ങി പോളിസിബസാര്‍
സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് ദാതാക്കളായ പോളിസിബസാറിന്റെ മാതൃസ്ഥാപനമായ പിബി ഫിന്‍ടെക് ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി 6,500 കോടി രൂപ (870 മില്യണ്‍ ഡോളര്‍ )സമാഹരിക്കാനൊരുങ്ങുന്നു. രജിസ്റ്റര്‍ ചെയ്യാനുള്ള പ്രമേയത്തിന് കമ്പനി അംഗീകാരം നല്‍കി. ഐപിഒ നടത്തുന്ന ഈ വര്‍ഷത്തെ അഞ്ചാമത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാകും ഇവര്‍.
പതഞ്ജലി ഐപിഓ തീരുമാനം വര്‍ഷാവസാനമുണ്ടാകുമെന്ന് ബാബ രാംദേവ്
പതഞ്ജലി ഐപിഒ ഈ വര്‍ഷാവസാനം പ്രഖ്യാപിക്കുമെന്ന് ബാബ രാംദേവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 30,000 കോടി രൂപയുടെ വിറ്റുവരവാണ് പതഞ്ജലി നേടിയത്. കഴിഞ്ഞ മാസമാണ് രുചി സോയ പതഞ്ജലിയുടെ ബിസ്‌കറ്റ് വിഭാഗത്തെ 60 കോടി മുടക്കി ഏറ്റെടുത്തത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള വായ്പാ പദ്ധതിയുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പുതിയ വായ്പാ പദ്ധതിയായ റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍ അവതരിപ്പിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ആറു മാസ കാലാവധിയില്‍ പരമാവധി 10,000 രൂപ വരെ നല്‍കുന്ന വായ്പകളില്‍ ആദ്യത്തെ 90 ദിവസത്തേയ്ക്ക് പലിശ ഈടാക്കുകയില്ല. ഈ പദ്ധതിയില്‍ പ്രോസസിംഗ് ചാര്‍ജും ഇല്ല. രാജ്യമൊട്ടാകെയായി മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 3600-ലേറ ശാഖകളില്‍ ആദ്യം അപേക്ഷിക്കുന്ന ഒരു ലക്ഷം പേര്‍ക്കാണ് ഈ പദ്ധതിയില്‍ പലിശരഹിതമായി വായ്പ നല്‍കുക.
കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. ഇന്നലെ പവന് 200 രൂപ വര്‍ധിച്ച് 36,200 രൂപയായിരുന്നു വില. ഇതോടെ ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണം ഇടിഞ്ഞത്.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it