ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 29, 2021

വിപണിയില്‍ ശക്തമായ അരങ്ങേറ്റം കുറിച്ച് തത്വ ചിന്തന്‍ ഫാര്‍മ
തത്വ ചിന്തന്‍ ഫാര്‍മ കെം വ്യാഴാഴ്ച വിപണിയില്‍ ശക്തമായ അരങ്ങേറ്റം കുറിച്ചു. ബിഎസ്ഇയില്‍ 2,111.80 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 1,083 രൂപയേക്കാള്‍ 95 ശതമാനം ഉയര്‍ന്ന പ്രീമിയമാണ് ഇത്. എന്‍എസ്ഇയില്‍ 95 ശതമാനം ഉയര്‍ന്ന് 2,111.85 രൂപയ്ക്കുമാണ് പട്ടികപ്പെടുത്തിയത്.
പാര്‍ലെ ജനപ്രിയ ബ്രാന്‍ഡെന്ന് പഠനം
പാര്‍ലെ, അമുല്‍, ബ്രിട്ടാനിയ, ക്ലിനിക് പ്ലസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റുകള്‍ എന്നിവ 2020 ലെ ജനപ്രിയ ബ്രാന്‍ഡുകളായി തെരഞ്ഞെടുക്കപ്പെട്ടു. കാന്തര്‍ വേള്‍ഡ്പാനലിന്റെ ബ്രാന്‍ഡ് ഫൂട്ട് പ്രിന്റ്‌സ് നടത്തിയ പഠനത്തലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത അഞ്ച് ബ്രാന്‍ഡുകളായി ഇവ മുന്‍പന്തിയിലെത്തിയത്. അതേസമയം, ശുചിത്വ ബ്രാന്‍ഡുകളായ ഡെറ്റോള്‍, ലൈഫ് ബോയ്, സാവ്ലോണ്‍, ഹാര്‍പിക് എന്നിവ 2020 ല്‍ ഗണ്യമായ നേട്ടമുണ്ടാക്കി. ഡെറ്റോളാണ് ഇഷ്ട ശുചിത്വബ്രാന്‍ഡ്.
ഈ പാദത്തിലെ രണ്ടാമത്തെ വലിയ ഏറ്റെടുക്കല്‍ നടത്തി ബൈജൂസ്
സിംഗപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ് ലേണിംഗിനെ ഏറ്റെടുത്തു. 4,470 കോടി രൂപ(60 കോടി ഡോളര്‍)യുടേതാണ് ഇടപാട്.
സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസമേഖലയില്‍ മാത്രമൊതുങ്ങാതെ ഉന്നത സാങ്കേതിക വിദ്യാഭ്യാസമേഖലയിലും ചുവടുറപ്പിക്കുന്നതിനാണ് ഏറ്റെടുക്കല്‍. ബൈജൂസിനൊപ്പം സ്വതന്ത്രവിഭാഗമായിട്ടായിരിക്കും ഗ്രേറ്റ് ലേണിങിന്റെ പ്രവര്‍ത്തനം.
117.01 ശതമാനം വളര്‍ച്ച നേടി ജെഎം ഫിനാന്‍ഷ്യല്‍
ജൂണ്‍ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 117.01 ശതമാനം വളര്‍ച്ചയുണ്ടാക്കി ജെഎം ഫിനാന്‍ഷ്യല്‍. പാദവാര്‍ഷിക ഫലങ്ങളില്‍ നാളിതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വളര്‍ച്ചയാണിത്. മുംബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
മൊബൈല്‍ ഫോണ്‍ വില്‍പ്പന ആറ് കോടി രേഖപ്പെടുത്തി സാംസംഗ്
ഏപ്രില്‍ ജൂണ്‍ പാദത്തില്‍ ആറു കോടി യൂണിറ്റ് മൊബൈല്‍ ഫോണുകള്‍ വിറ്റഴിച്ച് സാംസംഗ്. മുന്‍ പാദത്തില്‍ 8.1 കോടി യൂണിറ്റ് ഹാന്‍ഡ്‌സെറ്റുകളാണ് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിറ്റിരുന്നത്. അഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റുകളുടെ മുന്നേറ്റമാണ് സാംസംഗിന് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്ത 5 വര്‍ഷത്തില്‍ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാരുമായി കൈ കോര്‍ക്കുമെന്ന് സിഐഐ
കേരളത്തില്‍ നിലവിലുള്ള പതിനഞ്ചോളം വ്യവസായ സംരംഭകര്‍ വിവിധ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുവെന്ന് സര്‍വേ. 1500 കോടി രൂപ മതിയ്ക്കുന്ന സംരഭകരുടെ വികസനപദ്ധതികള്‍ സംബന്ധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) നടത്തിയ സര്‍വേയിലാണ് പുതിയ നിക്ഷേപങ്ങള്‍ക്കുള്ള താല്‍പ്പര്യങ്ങള്‍ കണ്ടെത്തിയതെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയര്‍മാന്‍ സി കെ രംഗനാഥന്‍. വ്യവസായങ്ങള്‍ക്ക് അനുകൂലമായി സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍വേ സംഘടിപ്പിച്ചതെന്നും സൂം വഴി സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഐറ്റി, മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ കരുത്തായി ഓഹരി സൂചികകളില്‍ മുന്നേറ്റം
ഐറ്റി, മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍, മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് വിരമമിട്ട് ഓഹരി വിപണി. സെന്‍സെക്സ് 209.36 പോയ്ന്റ് ഉയര്‍ന്ന് 52653.07 പോയ്ന്റിലും നിഫ്റ്റി 69.10 പോയ്ന്റ് ഉയര്‍ന്ന് 15778.50 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1781 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1170 ഓഹരികളുടെ വില ഇടിഞ്ഞു. 109 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, എസ്ബിഐ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ മാരുതി സുസുകി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ബജാജ് ഓട്ടോ, ഐറ്റിസി, കോള്‍ ഇന്ത്യ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 20 എണ്ണത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് 4.97 ശതമാനം നേട്ടവുമായി പട്ടികയില്‍ മുന്നിലെത്തി. പാറ്റ്സ്പിന്‍ ഇന്ത്യ (4.94 ശതമാനം), നിറ്റ ജലാറ്റിന്‍ (4.81 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.25 ശതമാനം), കെഎസ്ഇ (2.97 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.74 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കിറ്റെക്സ്, അപ്പോളോ ടയേഴ്സ് തുടങ്ങി ഒമ്പത് ഓഹരികള്‍ നേട്ടമുണ്ടാക്കി.
സംസ്ഥാനത്ത് ടിപിആര്‍ ഉയരുന്നു: പുതുതായി 22,064 കോവിഡ് ബാധിതര്‍
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 22,064 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. 13.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനെയാണ് ഇന്ന് പുതുതായി കോവിഡ് കണ്ടെത്തിയവരുടെ എണ്ണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it