ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 25, 2020

മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ; ലോക്ഡൗണ്‍ എടുത്ത് കളഞ്ഞ് പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രം

കോവിഡ് വ്യാപനം തടയാനുള്ള പുതിയ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ ഒന്നുമുതല്‍ വിവിധ സംസ്ഥാനങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക, രോഗവ്യാപനം തടയുന്ന തരത്തിലുള്ള പെരുമാറ്റരീതികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയവും നില്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെടുന്നുവെന്ന് പോലീസും മുനിസിപ്പല്‍ അധികാരികളും ഉറപ്പാക്കണം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ജില്ലാ അധികാരികള്‍ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ കൃത്യമായി വേര്‍തിരിക്കുന്നുവെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പാക്കണം. കണ്‍ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. പട്ടിക കേന്ദ്ര - ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കൈമാറുകയും വേണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സേവനങ്ങള്‍ മാത്രമെ അനുവദിക്കാവൂ. പ്രോട്ടോകോള്‍ പ്രകാരമുള്ള കോവിഡ് പരിശോധനകള്‍ ഉറപ്പാക്കണം. മാസ്‌ക് ധരിക്കലും കൈ കഴുകലും സാമൂഹ്യ അകലം പാലിക്കലും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപടി സ്വീകരിക്കണം. മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് പിഴ ഈടാക്കണം. ചന്തകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണ തുടങ്ങിയവ അടങ്ങിയതാണ് പുതിയ നിര്‍ദേശങ്ങള്‍. കര്‍ഫ്യൂ തുടരുമെന്നും പൂര്‍ണ ലോക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഗൂഗിള്‍ പേ വഴി പണമയയ്ക്കുന്നതിന് ചാര്‍ജ് ഈടാക്കുന്നത് അമേരിക്കയില്‍ മാത്രം

രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മണി ലെന്‍ഡിംഗ് ആപ്പുകളിലൊന്നാണ് ഗൂഗിള്‍ പേ. ഗൂഗിള്‍ പേ ഉപയോഗത്തിന് ചാര്‍ജുകള്‍ ഈടാക്കുമെന്ന റിപ്പോര്‍ട്ട് വന്ന് മണി ക്കൂറുകള്‍ക്ക് ശേഷം ഇന്ത്യക്കാരെ ബാധിക്കില്ല എന്ന വിവരം അധികൃതര്‍ പുറത്തുവിട്ടു. നേരത്തെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണ കൈമാറ്റത്തിന് ഗൂഗിള്‍ പേ നിരക്കൊന്നും ഈടാക്കിയിരുന്നില്ല. ഇനിമുതല്‍ ഗൂഗിള്‍ പേ വഴിയുള്ള പണ കൈമാറ്റത്തിന് അമേരിക്കയില്‍ ഉള്ളവര്‍ക്ക് നിശ്ചിത ഫീസ് നല്‍കേണ്ടിവരും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണ കൈമാറ്റത്തിന് 1.5 ശതമാനം ഫീസ് ആയിരിക്കും നല്‍കേണ്ടി വരിക. അത് പോലെ ഗൂഗിള്‍ പേയുടെ വെബ്‌സൈറ്റ് ആയ pay.google.com 2021 മുതല്‍ പ്രവര്‍ത്തിക്കില്ല എന്നും ഗൂഗിള്‍ പേ ആപ്പ് മാത്രം ഉപയോഗിക്കാനും കമ്പനി ഉപയോക്താക്കളോട് പറയുന്നു. അതോടൊപ്പം 2021 ജനുവരി മുതല്‍ അപ്‌ഡേറ്റഡ് ഗൂഗിള്‍ പേയിലൂടെ മാത്രമേ പണമയക്കാന്‍ കഴിയൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ലാന്‍ഡ് ലൈനില്‍നിന്ന് മൊബൈലിലേക്ക് വിളിക്കാന്‍ ഇനി പൂജ്യം ചേര്‍ക്കണം

രാജ്യത്തെ ലാന്‍ഡ് ലൈനുകളില്‍നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കാന്‍ 10 അക്ക നമ്പറിനു മുന്നില്‍ പൂജ്യം കൂടി ചേര്‍ക്കുന്ന രീതി പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പ്. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. ജനുവരി ഒന്നു മുതല്‍ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാന്‍ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഫോണ്‍ ഉപയോഗം കൂടിയ സാഹചര്യത്തില്‍ ലാന്‍ഡ് ലൈനുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും കൂടുതല്‍ നമ്പറുകള്‍ നല്‍കാനുള്ള സൗകര്യത്തിനാണ് നടപടി.

ലക്ഷ്മി വിലാസ് ബാങ്ക്- ഡിബിഎസ് ലയനത്തിന് കേന്ദ്ര അനുമതി

ലക്ഷ്മി വിലാസ് ബാങ്ക്-ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിനുള്ള ആര്‍ബിഐ നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ബാങ്കിന്റെ ഇന്ത്യന്‍ വിഭാഗത്തിലാകും ലക്ഷ്മി വിലാസ് ബാങ്ക് ലയിക്കുക. ഇതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ചത് പോലെ 2,500 കോടി രൂപ ഡിബിഎസ് ലക്ഷ്മി വിലാസ് ബാങ്കില്‍ നിക്ഷേപം നടത്തും. പ്രതിസന്ധിയിലായ ലക്ഷ്മി വിലാസ് ബാങ്കിന് നവംബര്‍ 17നാണ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം നിക്ഷേപകന് പരമാവധി പിന്‍വലിക്കാവുന്ന തകു 25,000 രൂപയായി പരിമിതപ്പെടുത്തുകയുംചെയ്തു. ലയനം പൂര്‍ണമായാല്‍ പണം പിന്‍വലിക്കാന്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയന്ത്രണം നീക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.


മുത്തൂറ്റ് ഫിനാന്‍സിന്റെ ഏറ്റെടുക്കല്‍ നീക്കത്തിന് തടയിട്ട് ആര്‍ബിഐ


ഐഡിബിഐ അസറ്റ് മാനേജ്മെന്റ് കമ്പനിയെ ഏറ്റെടുക്കാനുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ നീക്കം പാളി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുത്തൂറ്റ് ഫിനാന്‍സിന് ഇക്കാര്യത്തില്‍ നിരാക്ഷേപപത്രം നിരസിച്ചതിനെ തുടര്‍ന്നാണിത്. ഐഡിബിഐ എഎംസിയെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നിരാക്ഷേപപത്രത്തിനായി റിസര്‍വ് ബാങ്കിനെ മുത്തൂറ്റ് ഫിനാന്‍സ് സമീപിച്ചിരുന്നു. മ്യൂച്വല്‍ ഫണ്ടുകളുടെ പ്രായോജകരാകുക, എഎംസിയുടെ ഉടമസ്ഥത സ്വന്തമാക്കുക എന്നതെല്ലാം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രംഗവുമായി ബന്ധപ്പെട്ടതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് അനുമതി നിരസരിച്ചിരിക്കുന്നത്. അതിനെ തുടര്‍ന്ന് ഇത്തരമൊരു നീക്കവുമായി മുന്നോട്ട് പോകാനില്ലെന്ന് സെബിയെ മുത്തൂറ്റ് ഫിനാന്‍സ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പേടിഎം വഴി ലോണ്‍ എടുക്കാനുള്ള സൗകര്യമൊരുങ്ങുന്നു

ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിന്നും വായ്പയെടുക്കാനുള്ള സൗകര്യമൊരുക്കി ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം മണി. 2017 സെപ്റ്റംബറിലാണ് പേടിഎം മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 5,000 കോടി രൂപയുടെ നിക്ഷേപമാണ് പ്ലാറ്റ്‌ഫോം വഴി ലഭിച്ചതെന്നും ഇത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുന്നതായും പ്രസ്താവനയില്‍ അറിയിച്ചു. നേരിട്ടുള്ള സ്റ്റോക്ക് ട്രേഡിംഗും സെപ്റ്റംബറില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ എന്ന നിലയില്‍ ഹ്രസ്വകാല വായ്പകള്‍ ഉപഭോക്തൃവിശ്വാസം കൂട്ടുമെന്നത് കണക്കിലെടുത്താണ് രാജ്യത്തെ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ സ്റ്റാര്‍ട്ടപ്പായ പേടിഎമ്മിന്റെ പുതിയ നീക്കം.

രാജ്യത്ത് ഡീസല്‍ കാറുകളുടെ ഡിമാന്‍ഡ് കുറയുന്നതായി റിപ്പോര്‍ട്ട്

2015- 16 ഇന്ത്യയില്‍ ആകെ വിറ്റഴിയുന്ന കാറുകളില്‍ 60 ശതമാനം വില്‍പ്പനയും ഡീസല്‍ വാഹനങ്ങളുടേതായിരുന്നു. എന്നാല്‍ ഇപ്പോള്‍ വില്‍പ്പന കുറഞ്ഞ് 30 ശതമാനത്തില്‍ നിന്ന് 17 ശതമാനം വരെ ആയി എത്തി നില്‍ക്കുകയാണെന്ന് കണക്കുകള്‍. പെട്രോള്‍, സീസല്‍ വിലകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞു കൊണ്ടിരിയ്ക്കുന്നതും മലിനീകരണം സംബന്ധിച്ച കാഴ്ചപ്പാടുകളും ഒക്കെ ഇതിന് കാരണമായി. ബിഎസ് 6 വാഹനങ്ങളോടുള്ള ആഭിമുഖ്യവും പെട്രോള്‍ വാഹനങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ത്തി. ഏറ്റവും അധികം വില്‍പ്പന നടക്കുന്ന ഹാച്ച്ബാക്കുകള്‍ പരിഗണിച്ചാല്‍ തന്നെ 03 ശതമാനം ഡീസല്‍ വേരിയന്റുകള്‍ മാത്രമാണ് ഇപ്പോള്‍ വിറ്റഴിയുന്നത്.

ഗുണനിലവാരമില്ല; കേരളത്തിലെത്തിയ നാലരക്കോടി രൂപയുടെ കോവിഡ് കിറ്റുകള്‍ തിരിച്ചയച്ചു

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനാല്‍ പുനെയില്‍ നിന്നുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു. 32122 കിറ്റുകള്‍ ആണ് തിരിച്ചയച്ചത്. 4,59,00,000 (4 കോടി 59 ലക്ഷം) വിലവരുന്നതാണ് കിറ്റുകള്‍. അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയച്ചത്. പുനെ ആസ്ഥാനമായ മൈലാബ് ഡിസ്‌കവറി സൊല്യൂഷനില്‍നിന്നാണ് ഒരു ലക്ഷം ആന്റിജന്‍ കിറ്റുകള്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വാങ്ങിയത്. ഇതില്‍ 62858 കിറ്റുകള്‍ ഉപയോഗിച്ചു. 5020 കിറ്റുകളിലെ പരിശോധനാ ഫലം വ്യക്തമായില്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചത്.

കേരളത്തില്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും ഡാന്‍സ് ക്ലാസുകള്‍ക്കും അനുമതി

സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ടെക്‌നിക്കല്‍ പഠന കേന്ദ്രങ്ങളും ഒഴികെ ട്യൂഷന്‍ സെന്ററുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, ഡാന്‍സ് ക്ലാസുകള്‍, തൊഴിലധിഷ്ഠിത കോച്ചിംഗ് സെന്ററുകള്‍ എന്നിവ തുറക്കാന്‍ തീരുമാനമായി. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഒരേസമയം ഹാളിന്റെ 50 ശതമാനം മാത്രമാകണമെന്നും 100 വ്യക്തികളായി പരിമിതപ്പെടുത്തണമെന്നുമാണ് ഉത്തരവ്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനം എടുക്കൂവെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ഒന്നര ശതമാനത്തോളം താഴ്ന്നു

അത്യുത്സാഹത്തോടെയാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ വ്യാപാരം തുടങ്ങിയത്. എന്നാല്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് തുനിഞ്ഞതോടെ സെന്‍സെക്സും നിഫ്റ്റിയും ഒന്നര ശതമാനത്തോളം താഴ്ന്നു. സെന്‍സെക്സ് 695 പോയ്ന്റ് അഥവാ 1.56 ശതമാനം താഴ്ന്ന് 43,828ലും നിഫ്റ്റി 197 പോയ്ന്റ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 12,858ലും ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 44,825.37 എന്ന തലത്തിലും നിഫ്റ്റി 13,146 പോയ്ന്റിലും എത്തിയിരുന്നു.

ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തിരക്ക് കൂട്ടിയതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യത്തിലും ഇടിവുണ്ടായി. ചൊവ്വാഴ്ച ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 174.8 ട്രില്യണ്‍ രൂപയായിരുന്നുവെങ്കില്‍ ഇന്ന് വിപണി ക്ലോസ് ചെയ്തപ്പോള്‍ അത് 172.5 ട്രില്യണ്‍ രൂപയായി. നിക്ഷേപകര്‍ക്ക് ഒരു ദിവസം കൊണ്ട് നഷ്ടം 2.2 ട്രില്യണ്‍ രൂപ!






കോവിഡ് അപ്‌ഡേറ്റ്‌സ് (25-11-2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍: 6491

മരണം : 26


ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 9,222,216

മരണം : 134,699

ലോകത്ത് ഇതുവരെ:

രോഗികള്‍: 59,759,494

മരണം :1,409,252



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it