ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 27, 2020

ഓദ്യോഗികമായി ഇന്ത്യ സാങ്കേതിക മാന്ദ്യത്തില്‍; ജിഡിപി 7.5 ഇടിഞ്ഞു

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 7.5 ശതമാനം ഇടിഞ്ഞു. ആദ്യപാദത്തില്‍ 23.9 ശതമാനം ഇടിവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതോടെ രണ്ട് പാദങ്ങളിലെയും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തെ (ടെക്നിക്കല്‍ റിസഷന്‍) അഭിമുഖീകരിക്കുന്നതായി ഔദ്യോഗികമായി കണക്കാക്കുന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ആകെ 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമായാണ് ഇതിനെ കണക്കാക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഇടിവ് തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ രേഖപ്പെടുത്തുന്നതോടെ രാജ്യം ടെക്‌നിക്കല്‍ റിസഷനില്‍ എത്തുന്നതായാണ് കണക്കാക്കുന്നത്.


സ്പുട്‌നിക് 5 വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കും; ഹെറ്റെറോ കമ്പനിയുമായി കരാറായി

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 ഇന്ത്യയില്‍ നിര്‍മിക്കാന്‍ തീരുമാനമായി. വാക്‌സിന്റെ 10 കോടി ഡോസ് പ്രതിവര്‍ഷം ഇന്ത്യയില്‍ നിര്‍മിക്കുമെന്നും ഇത് സംബന്ധിച്ച് ഹെറ്റെറോ ലാബ്‌സ് ലിമിറ്റഡുമായി ധാരണയായി. വാക്‌സിന്‍ വികസിപ്പിക്കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ഡിഐഎഫ്) ഇന്ത്യന്‍ മരുന്നുകമ്പനി ഹെറ്റെറോയും കരാറില്‍ ഒപ്പിട്ടതായും 2021 തുടക്കത്തില്‍ വാക്‌സിന്‍ ഉല്‍പാദനം ഇന്ത്യയില്‍ തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. 'കോവിഡ് പ്രതിരോധത്തിനായി ഏവരും പ്രതീക്ഷയോടെ കാണുന്ന സ്പുട്‌നിക് വാക്‌സീന്റെ നിര്‍മാണ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ വാക്‌സീന്‍ പരീക്ഷണങ്ങളുടെ ഫലം എന്താകുമെന്ന് ഉറ്റുനോക്കുകയാണ്. പ്രാദേശികമായി വാക്‌സീന്‍ നിര്‍മിക്കുകയെന്നത് ഇവിടത്തെ രോഗികള്‍ക്ക് എളുപ്പത്തില്‍ കിട്ടുന്നതിനു നിര്‍ണായകമാകും.' ഹെറ്റെറോ ലാബ്‌സ് ലിമിറ്റഡിന്റെ ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ബി.മുരളി കൃഷ്ണ റെഡ്ഡി പറഞ്ഞു. രണ്ടു ഡോസ് വാക്‌സിന്‍ രാജ്യാന്തര വിപണിയില്‍ 10 ഡോളറില്‍ താഴെ വിലയ്ക്കു ലഭ്യമാകുമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്.

66 ശതമാനം ഇന്ത്യക്കാരും വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ

കോവിഡ് ലോക്ഡൗണ്‍ വന്നത് മുതല്‍ രാജ്യത്തെ ഭൂരിഭാഗം പ്രൊഫഷണലുകളും വര്‍ക്ക് ഫ്രം ഹോം തുടര്‍ന്നിരുന്നു. പലരും ഇപ്പോഴും പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം രീതി തുടരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തൊഴില്‍ സംസ്‌കാരം ഏറെ പേരും ഇഷ്ടപ്പെടുന്നതായി പുതിയ സര്‍വേ. ഓസ്‌ട്രേലിയന്‍ റിസര്‍ച്ച് ഏജന്‍സിയായ പേപ്പര്‍ ജയന്റിന്റെ സര്‍വേ പ്രകാരം രാജ്യത്തെ 83 ശതമാനം പേരും പറയുന്നത് ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നത് സംബന്ധിച്ച ആശങ്കയിലാണ് തങ്ങളെന്നാണ്. ഇതില്‍ 66 ശതമാനം പേരും ഭാവിയിലും വര്‍ക്ക് ഫ്രം ഹോം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു. തങ്ങളുടെ ജോലി പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. വാക്‌സിന്‍ സംബന്ധിച്ച് വ്യക്തതയില്ലെന്നതും ഓഫീസ് ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിലെ ആശങ്കകളുമാണ് ഇത്തരക്കാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നതെന്ന് സര്‍വേ. ജോലിയിലെ സംതൃപ്തി ഇപ്പോള്‍ വളരെ കൂടുതലാണെന്നാണ് 70 ശതമാനം പേരും അഭിപ്രായപ്പെട്ടതെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

വരിക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച നേടി ജിയോയും ബിഎസ്എന്‍എല്ലും

വരിക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച നേടിയത് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്എന്‍എല്‍) മാത്രമാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റിപ്പോര്‍ട്ട്. ട്രായിയുടെ വാര്‍ഷിക പ്രകടന റിപ്പോര്‍ട്ട് 2019 ലെ വരിക്കാരുടെ എണ്ണത്തിലെ വളര്‍ച്ചയാണ് പുറത്തുവിട്ടത്. വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും ഇക്കാര്യത്തില്‍ ഏറെ പിന്നിലായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. മിക്ക കമ്പനികളും വന്‍ പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 365 ദിവസത്തെ കണക്കുകളില്‍ ഏറ്റവും നഷ്ടം നേരിട്ടത് വോഡഫോണ്‍ ഐഡിയക്ക് തന്നെയാണ്. ജിയോ 2019 ല്‍ 9.09 കോടി പുതിയ ഉപഭോക്താക്കളെ ചേര്‍ത്തു. ഡിസംബര്‍ അവസാനത്തോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 37.11 കോടിയായി ഉയര്‍ന്നു. ബിഎസ്എന്‍എല്‍ 1.5 ശതമാനം വളര്‍ച്ച നേടി വരിക്കാരുടെ എണ്ണം 12.77 കോടിയായി. നിലവില്‍, വിപണി ഷെയറില്‍ ഏറ്റവും വലിയ കമ്പനി റിലയന്‍സ് ജിയോ തന്നെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞ പാദത്തില്‍ പുതിയതായി ചേര്‍ക്കപ്പെട്ട ഉപയോക്താക്കളുടെ എണ്ണത്തില്‍ ജിയോയെ കടത്തി വെട്ടി എയര്‍ടെല്‍ മുന്നേറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സമഗ്ര റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം മുന്നില്‍ ജിയോ തന്നെ എന്ന് വ്യക്തം.


ചാഞ്ചാട്ടത്തിനൊടുവില്‍ ഇടിവ് രേഖപ്പെടുത്തി ഓഹരി സൂചികകള്‍

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ, ജൂലൈ - സെപ്തംബര്‍ മാസങ്ങളിലെ, ജിഡിപി കണക്ക് ഇന്ന് വൈകി പുറത്തുവരാനിരിക്കെ വിപണി ചാഞ്ചാട്ടത്തിലായിരുന്നു. ഒടുവില്‍, ഈ ആഴ്ചയിലെ അവസാന വ്യാപാരദിനത്തില്‍ ഇടിവോടെ വിപണി ക്ലോസ് ചെയ്തു.

സെന്‍സെക്സ് 110 പോയ്ന്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 44,150ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 18 പോയ്ന്റ് അഥവാ 0.14 ശതമാനം താഴ്ന്ന് 12,969ലും ക്ലോസ് ചെയ്തു. ഇന്ന് രണ്ടുശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തിയ പവര്‍ ഗ്രിഡ്, എച്ച്സിഎല്‍ ടെക്, ഒഎന്‍ജിസി എന്നീ ഓഹരികളാണ് സെന്‍സെക്സിന്റെ താഴ്ചക്ക് ആക്കം കൂട്ടിയവ. ഈ ആഴ്ചയിലെ പ്രകടനമെടുത്താല്‍ സെന്‍സെക്സ് 0.6 ശതമാനവും നിഫ്റ്റി 0.85 ശതമാനവും നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് ഒന്‍പത് കേരള കമ്പനികളുടെ ഓഹരികള്‍ താഴ്ചയാണ് രേഖപ്പെടുത്തിയത്. സിഎസ്ബി ബാങ്ക് ഓഹരി വില ഒരു ശതമാനത്തോളം താഴ്ന്നു. അപ്പോളോ ടയേഴ്സ് ഓഹരി വില അഞ്ചു ശതമാനത്തിലേറെ ഉയര്‍ന്നു. മണപ്പുറം ഫിനാന്‍സ് ഓഹരി വില നാല് ശതമാനത്തോളം ഉയര്‍ന്നു. റബ്ഫില ഓഹരി വില ഏഴ് ശതമാനത്തോളമാണ് ഇന്ന് ഉയര്‍ന്നത്. വി ഗാര്‍ഡിന്റെ ഓഹരി വിലയും നാല് ശതമാനത്തിലേറെ വര്‍ധിച്ചു. ഫെഡറല്‍ ബാങ്ക് ഓഹരി വിലയും 4.76 ശതമാനം കൂടി.

കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36360 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4545 രൂപയാണ് ഇന്നത്തെ നിരക്ക്. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. 38880 രൂപയാണ് നവംബര്‍ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ഒരു കയറ്റത്തിന് ശേഷം ഇക്കഴിഞ്ഞ ദിവസങ്ങളിലായാണ് സ്വര്‍ണവില ഇത്രയും ഇടിയുന്നത്. ഇന്നലെ വരെ പവന് 36, 480 രൂപയായിരുന്നു സ്വര്‍ണ വില.

ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നു

ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളില്‍ ഭേദഗതി ചെയ്യുന്നു. പുതിയ ഭേദഗതിപ്രകാരം തെരുവോര ഭക്ഷണശാലകളുടെ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയാണ്. തെരുവോര ഭക്ഷണശാലകള്‍ പരിസ്ഥിതിക്കു ദോഷമുണ്ടാക്കരുതെന്നും വൃത്തിയുള്ള സാഹചര്യത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. കൂടാതെ ഭക്ഷണശാലകള്‍, ഭക്ഷ്യസംസ്‌കരണ, കയറ്റുമതി സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാര്‍ഷിക വൈദ്യപരിശോധന ഉള്‍പ്പെടെ നിര്‍ദ്ദേശിക്കുന്ന കരട് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു.





കോവിഡ് അപ്‌ഡേറ്റ്‌സ് (27-11-2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍: 3966

മരണം : 23

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍: 9,309,787

മരണം : 135,715

ലോകത്ത് ഇതുവരെ

രോഗികള്‍: 60,973,636

മരണം : 1,432,047



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it