'കൊറോണ വ്യാപനം യു.എസില്‍ നീളില്ല': ശാസ്ത്രീയ മോഡലിന്റെ പിന്തുണയോടെ പ്രൊഫ.ലെവിറ്റ്

ചൈനയില്‍ കൊറോണ വൈറസ് രോഗ ബാധ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അതുണ്ടാക്കാന്‍ പോകുന്ന അപകടങ്ങളുടെ സ്വഭാവവും ഏകദേശ മരണ സംഖ്യയും ശാസ്ത്രീയ മോഡലുകളിലൂടെ മുന്‍ കൂട്ടി പ്രവചിച്ച് ശദ്ധേയനായ നൊബേല്‍ സമ്മാന ജേതാവും സ്റ്റാന്‍ഫോര്‍ഡ് ബയോഫിസിസിസ്റ്റുമായ പ്രൊഫസര്‍ മൈക്കല്‍ ലെവിറ്റിന്റെ പുതിയ പ്രവചനം അമേരിക്കയ്ക്ക് ആശ്വാസം പകരുന്നു.

ആരോഗ്യ വിദഗ്ധര്‍ ഭയപ്പെടുന്നതിലും വേഗത്തില്‍ അമേരിക്ക കോവിഡ് 19 ആക്രമണത്തില്‍ നിന്ന് മുക്തമാകുമെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസിനോട് ലെവിറ്റ് പറഞ്ഞു. അമേരിക്കയില്‍ കൊറോണ വൈറസ് മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുകയും ദശലക്ഷക്കണക്കിന് മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന പ്രവചനങ്ങളെ തന്റെ മോഡലുകള്‍ പിന്തുണയ്ക്കുന്നില്ലെന്ന് രസതന്ത്രത്തിനുള്ള 2013 ലെ നൊബേല്‍ സമ്മാനം നേടിയിട്ടുള്ള അദ്ദേഹം പറഞ്ഞു. അത്രയ്ക്കു രൂക്ഷമാകാനിടയുള്ള സാഹചര്യത്തെ ഡാറ്റ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, യുഎസിലെ രോഗ വ്യാപനത്തില്‍ ഒരു വഴിത്തിരിവ് എന്നുണ്ടാകുമെന്ന കൃത്യമായ തീയതി ലെവിറ്റ് നല്‍കുന്നില്ല. എന്നാല്‍ 'യഥാര്‍ത്ഥ സാഹചര്യം അവര്‍ കരുതുന്നത്ര ഭയാനകമല്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ ഇറ്റലിക്കും ചൈനയ്ക്കും പിന്നില്‍ യുഎസ് മൂന്നാമതാണിപ്പോള്‍.

'പരിഭ്രാന്തി നിയന്ത്രിക്കുക എന്നതാണ് പ്രധാന കാര്യം' ലെവിറ്റ് ലോസ് ഏഞ്ചല്‍സ് ടൈംസിനോട് പറഞ്ഞു. കോവിഡ് 19 പ്രതിസന്ധിയുടെ ഏറ്റവും വലിയ ആഘാതം ചൈന എപ്പോള്‍ നേരിടുമെന്ന് ലെവിറ്റ് ഏകദേശം കൃത്യമായി പ്രവചിച്ചിരുന്നു. 80,000 കേസുകളും 3,250 മരണങ്ങളും ചൈനയിലെത്തുമെന്നായിരുന്നു അദ്ദേഹം കണക്കാക്കിയത്.അതേസമയം, 81,000 കേസുകളാണ് സ്ഥിരീകരിച്ചത്. 3,200 ല്‍ അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗ പ്രതിരോധത്തില്‍ ചൈന, ഇറ്റലി, ഇറാന്‍ എന്നിവിടങ്ങളില്‍ സംഭവിച്ചതിനേക്കാള്‍ മികച്ച ഫലം യുഎസില്‍ കാണാന്‍ കഴിയുമെന്ന് ലെവിറ്റ് കരുതുന്നു, പ്രത്യേകിച്ചും സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍. കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ സാമൂഹിക അകലം പാലിക്കല്‍ തന്നെയാണ് ഏറ്റവും നിര്‍ണായകമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഓരോ രാജ്യത്തും 'വീണ്ടെടുക്കലിന്റെ അടയാളങ്ങള്‍' കാണുന്നുണ്ടെന്ന് ലെവിറ്റ് പറഞ്ഞു. സംഖ്യകള്‍ ഇപ്പോഴും ഗൗരവമുള്ളതാണ്, പക്ഷേ വ്യാപന വേഗത കുറഞ്ഞതിന്റെ സൂചനകള്‍ ഉണ്ട് - അദ്ദേഹം നിരീക്ഷിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it