നോര്‍ക്ക സൗജന്യ ആംബുലന്‍സ് സേവനം 6 വിമാനത്താവളങ്ങളില്‍

നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.ഇതുവരെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലാണ് ഈ സേവനം ലഭിച്ചിരുന്നത്.

അസുഖ ബാധിതരായി നാട്ടിലേക്കു മടങ്ങുന്ന വിദേശ മലയാളികളെ അല്ലെങ്കില്‍ വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരം വിമാനത്താവളങ്ങളില്‍ നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ്. നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നത്. ഇതുവരെ വിദേശത്തുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പിലാക്കിയ എമര്‍ജന്‍സി ആംബുലന്‍സ് സേവനം ഇന്ത്യക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികള്‍ക്കും ഇനി മുതല്‍ ലഭിക്കും.

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സേവനം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ബഹറിന്‍, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈറ്റ്, ലണ്ടന്‍, സൗദി അറേബ്യ, മസ്‌ക്കറ്റ്, സ്വിറ്റ്സര്‍ലന്റ്, ഒമാന്‍, ഖത്തര്‍, ഷാര്‍ജ, സൗത്ത് ആഫ്രിക്ക, സൂഡാന്‍, ഇന്ത്യോനേഷ്യ, ന്യൂസിലന്റ്, ടൊറോഡോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികളായ പ്രവാസികള്‍/ഭൗതികശരീരം ഇങ്ങനെ നാട്ടിലെത്തിച്ചിട്ടുണ്ട്.ഇതുവരെ 294 സേവനമാണ് ലഭ്യമാക്കിയത്.

ആംബുലന്‍സ് സേവനം അവശ്യമുള്ളവര്‍ നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പാസ്പോര്‍ട്ടിന്റെയും വിമാന ടിക്കറ്റിന്റേയും പകര്‍പ്പ് അയക്കുകയും വേണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it