അന്താരാഷ്ട്ര വിപണിയില്‍ തിരിച്ചുകയറി എണ്ണ വില

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കൊടുവില്‍ പ്രതിദിനം 9.7 ദശലക്ഷം ബാരല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തിന്റെ ഫലമായി രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയിലിനു വില ബാരലിന് 32.84 ഡോളറിലെത്തി. 3.2 ശതമാനമാണ് വര്‍ധന.

നാല് ദിവസത്തെ മാരത്തണ്‍ വീഡിയോ കോണ്‍ഫറന്‍സുകള്‍ക്ക് ശേഷം, സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ 24 എണ്ണ രാജ്യങ്ങളാണ് ചരിത്രതിലെ ഏറ്റവും വലിയ ഉല്‍പാദന വെട്ടിക്കുറവിനു തീരുമാനമെടുത്തത്. ഉല്‍പാദനം കുറയ്ക്കാന്‍ സൗദിയും റഷ്യയും തമ്മില്‍ ധാരണയായതോടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന വിലയുദ്ധത്തിനും വിരാമമായി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അസംസ്‌കൃത എണ്ണ ഉപഭോഗത്തിലുണ്ടായ കുറവും വിലയിടിവും ആണ് പൂതിയ തീരുമാനത്തിലേക്കു വഴി തെളിച്ചത്. അമേരിക്കയിലെ ഷെയ്ല്‍ എണ്ണ കമ്പനികള്‍ വന്‍ പ്രതിസന്ധിയിലായതിന്റെ തലവേദന മാറ്റാന്‍ ചതുരുപായങ്ങളും പയറ്റിവരികയായിരുന്നു ട്രംപ്.

ഇപ്പോഴത്തെ ധാരണയുടെ വെളിച്ചത്തില്‍ എണ്ണ വില 30 - 40 ഡോളര്‍ നിലവാരത്തിലാകുമെന്ന് റഷ്യന്‍ ഭീമന്‍ കമ്പനിയായ ലുക്കോയിലിന്റെ വൈസ് പ്രസിഡന്റ് ലിയോണിഡ് ഫെഡൂണ്‍ പറഞ്ഞു.എങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ലോകമെമ്പാടും ഉണ്ടായ വന്‍ ഡിമാന്‍ഡ് നാശത്തെ നേരിടാന്‍ ഏറ്റവും ഇപ്പോഴത്തെ വെട്ടിക്കുറയ്ക്കല്‍ മതിയാകാതെ വന്നേക്കാമെന്ന സംശയവും അദ്ദേഹത്തിനുണ്ട്. 'ലോകത്തിന്റെ വളര്‍ച്ചാ എഞ്ചിനായ ഇന്ത്യ'യുള്‍പ്പെടെ മിക്ക രാജ്യങ്ങളും പൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഡിമാന്‍ഡ് ഇടിവിന്റെ കണക്കുകള്‍ ഇനിയും മാറുമെന്നും ഫെഡൂണ്‍ പറഞ്ഞു.

സൗദിയും റഷ്യയും സമവായ പാതയിലെത്തിയതിനു പിന്നില്‍ ട്രംപിന്റെ ബിസിനസ് തന്ത്രങ്ങളുമുണ്ടായിരുന്നുവെന്ന് നിരീക്ഷകര്‍ കരുതുന്നു.
എണ്ണ ഉല്‍പ്പാദനത്തിനും വിതരണത്തിനും മുന്നില്‍ നില്‍ക്കുന്ന ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പോരാണ് എണ്ണ വില ആഗോള തലത്തില്‍ ഇടിയാന്‍ പ്രധാന കാരണായിരുന്നത്. അതിനിടെയാണ് ലോക്ക് ഡൗണ്‍ എണ്ണ മേഖലയ്ക്ക് പുതിയ തിരിച്ചടിയായത്.അമേരിക്കയിലെ എണ്ണ കമ്പനികളില്‍ ചിലത് തകരാനും തുടങ്ങി. ഇതോടെയാണ് കടുത്ത നടപടികളുമായി ട്രംപ് രംഗത്തുവന്നത്.

തങ്ങള്‍ പിന്‍മാറിയാല്‍ എതിര്‍ ചേരി വിപണികള്‍ കൈയ്യടക്കുമോ എന്ന ആശങ്കയാണ് സൗദിയെയും റഷ്യയെയും നയിച്ചത്. സൗദിയും റഷ്യയും രണ്ട് സംഘങ്ങളുടെ നേതൃനിരയിലുള്ളവരാണ്. ഇവരുടെ പോര് കാരണം തകര്‍ന്നത് അമേരിക്കന്‍ എണ്ണ കമ്പനികളാണ്. കമ്പനികളുടെ മേധാവികള്‍ തങ്ങളുടെ തകര്‍ച്ച വിവരിച്ച് ട്രംപ് ഭരണകൂടത്തിന് രേഖാമൂലം പരാതി നല്‍കി. ഇനിയും എണ്ണവില കുറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം സൗദിയെയും റഷ്യയെയും സമവായത്തിന്റെ പാതയിലെത്തിക്കാന്‍ ശ്രമിച്ചത്. പക്ഷേ, രണ്ടു രാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. മാര്‍ച്ചിലെ ഒപെക് പ്ലസ് ചര്‍ച്ച പൊളിഞ്ഞു. ഏപ്രില്‍ ആദ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും മാറ്റിവച്ചു. തുടര്‍ന്നായിരുന്നു രണ്ടുവഴികളിലൂടെയുള്ള ട്രംപിന്റെ സമ്മര്‍ദ്ദം. സൗദിയില്‍ നിന്ന് എത്തുന്ന എണ്ണയ്ക്ക് അമേരിക്കയില്‍ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ഒരു ഭീഷണി. സൗദി അറേബ്യയിലെ അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ മറുഭാഗത്ത് ആരംഭിക്കുകയും ചെയ്തു. സൗദിയുടെ എണ്ണ ഇറക്കുന്നത് അമേരിക്ക കുറച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു.

ഇറാഖിന്റെ എണ്ണ ബിസിനസും അമേരിക്കയ്ക്ക് ഭീഷണിയായിരുന്നു. ഒപെക് രാജ്യങ്ങളില്‍ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. ആഭ്യന്തര യുദ്ധം ഒഴിഞ്ഞതോടെ ഇറാഖില്‍ നിന്ന് എണ്ണ കൂടുതലായി അന്താരാഷ്ട്ര വിപണിയിലേക്ക് വരുന്നുണ്ട്. എണ്ണ വില കുറഞ്ഞതോടെ അമേരിക്കയിലെ ഷെല്‍ ഓയില്‍ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയിരുന്നു. ചരിത്രത്തിലാദ്യമായി എണ്ണ ബാരലിന് 20 ഡോളര്‍ വരെ എത്തിയതാണ് അമേരിക്കന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായത്.

കോടികളുടെ വായ്പ എടുത്ത കമ്പനികള്‍ തകര്‍ന്നാല്‍ ഇപ്പോള്‍ തന്നെ ഗതികേടിലായ അമേരിക്കന്‍ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമാകുമായിരുന്നു.ഈ സാഹചര്യത്തിലാണ് സൗദിയിലുള്ള അമേരിക്കന്‍ സൈനികരെ പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നത്. അമേരിക്കയുടെ സാമ്പത്തിക നയങ്ങളെ തകര്‍ക്കുന്ന രാജ്യത്തിന് സുരക്ഷ ഒരുക്കേണ്ട എന്ന വികാരവുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബില്‍ കാസിഡി സൗദിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കുകയും ചെയ്തു.

അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദം കടുത്തതോടെ സൗദി ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. റഷ്യയുമായി ചര്‍ച്ച നടത്തി. എല്ലാവരും ഉല്‍പ്പാദനം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് സൗദി ഉപാധി വച്ചു. മിക്ക രാജ്യങ്ങളും അംഗീകരിച്ചു.മെക്സിക്കോ മാത്രമാണ് അയവിനു തയ്യാറാകാതിരുന്നത്.ഊര്‍ജമേഖലയിലെ ആയിരക്കണക്കിനാളുകളുടെ തൊഴില്‍ സംരക്ഷിക്കുന്നതാണ് തീരുമാനമെന്നും റഷ്യന്‍ പ്രസിഡന്റിനോടും സൗദിയിലെ സല്‍മാന്‍ രാജാവിനോടും നന്ദി പറയുന്നെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it