ഡോക്ടര്‍മാര്‍ക്ക് നല്‍കിയ സമ്മാനത്തിനും നികുതി കിഴിവ് തേടി കമ്പനികള്‍

മരുന്നു വില്‍പ്പന കൂട്ടാന്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന സമ്മാനങ്ങളുടെ ചെലവിനു മേല്‍ നികുതിയിളവ് ആവശ്യപ്പെട്ട് കമ്പനികള്‍.രാജ്യത്തെ 8667 മരുന്നു കമ്പനികള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളതായി ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍

സ്ഥാപനങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതായും

മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്നതായും മറ്റുമുള്ള പരാതികളുമായി മദ്രാസ്

ഹൈക്കോടതിയിലുള്ള കേസിന്മേലാണ് ജസ്റ്റീസുമാരായ എന്‍. കിരുബകരന്‍, പി.

വെല്‍മുരുകന്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ട പ്രകാരം ആദായ നികുതി

വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. മദ്രാസ് ഹൈക്കോടതി ജനുവരിയിലാണ് സ്വമേധയാ

കേസ് രജിസ്റ്റര്‍ ചെയ്തത്.

2015 മുതല്‍

ഇന്ത്യയില്‍ നിലവിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ബന്ധപ്പെട്ട്

വിവരങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രൊമോഷണല്‍ ചെലവുകള്‍ക്ക് കിഴിവ് അവകാശപ്പെടുന്ന

കമ്പനികളുടെ എണ്ണം വെളിപ്പെടുത്താന്‍ ആദായനികുതി വകുപ്പിനോടും

ആവശ്യപ്പെട്ടു.

സമ്മാനങ്ങള്‍, യാത്രാ സൗകര്യങ്ങള്‍, ഹോസ്പിറ്റാലിറ്റി, പണം എന്നിവയിലൂടെ ഡോക്ടര്‍മാരെ സ്വാധീനിച്ച് മരുന്നുകള്‍ പ്രോത്സാഹിപ്പിക്കാന്‍ നിയമപ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കു വിലക്കുണ്ടെങ്കിലും ഇതു ലംഘിക്കപ്പെടുന്നുവെന്ന നിഗമനമാണ് കോടതിക്കു മുന്നിലുള്ളത്.

വില്‍പ്പനയുടെ പ്രമോഷനും മറ്റുമായി ചെലവഴിച്ച തുകയ്ക്ക് ആദായനികുതിയില്‍ നിന്ന് കിഴിവ് കമ്പനി അവകാശപ്പെട്ടത് ഞെട്ടിപ്പിക്കുന്നതും ആശ്ചര്യകരവുമാണ് -കോടതി പറഞ്ഞു. ഗുണമേന്മ മാത്രം അടിസ്ഥാനമാക്കിയാവണം ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കേണ്ടത്. ഈ നിയമം അട്ടിമറിക്കപ്പെടുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്ന നികുതി ഇളവിലൂടെ വ്യക്തമാകുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍

കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കുന്നുവെന്ന് സര്‍ക്കാരിതര

സംഘടനയായ സപ്പോര്‍ട്ട് ഫോര്‍ അഡ്വക്കസി ആന്റ് ട്രെയിനിംഗ് ടു ഹെല്‍ത്ത്

ഇനിഷ്യേറ്റീസിന്റെ (സാത്തി) ഒരു റിപ്പോര്‍ട്ടിലൂടെ ആരോപിച്ചിരുന്നു.

പേനകളും പെന്‍ സ്റ്റാന്‍ഡും മുതല്‍ 80,000 രൂപ വിലയുള്ള ആപ്പിള്‍ ഫോണ്‍,

എക്‌സ്-റേ ഉള്‍പ്പെടെ ക്ലിനിക്കിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാമാണ് സമ്മാന

പട്ടികയിലുള്ളത്.'വന്‍ ബിസിനസ്സ് നല്‍കുന്ന ചില ഡോക്ടര്‍മാര്‍ സ്ത്രീകളെ

വിനോദത്തിനായി ആവശ്യപ്പെടുന്നു' വെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സതിയുടെ

റിപ്പോര്‍ട്ട് വിവാദത്തിനിടയാക്കിയിരുന്നു.ഡോക്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍

നല്‍കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാര്‍മസ്യൂട്ടിക്കല്‍

കമ്പനികളോട് ഒരു യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.പക്ഷേ,

ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് തുടര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it