ചക്ക കാപ്പി മുതല്‍ എയര്‍ സാനിറ്റൈസര്‍ വരെ, വൈവിധ്യ ഉല്‍പ്പന്നങ്ങളില്‍ തിളങ്ങി വ്യാപാര്‍ 2022

ചക്ക കൊണ്ടുള്ള കാപ്പി പൊടി ഉള്‍പ്പെടെ 40 ഓളം ഉല്‍പ്പന്നങ്ങള്‍, മരച്ചീനിയില്‍നിന്നുണ്ടാക്കുന്ന രുചിയേറും ഭക്ഷ്യഉല്‍പ്പന്നങ്ങള്‍, കോവിഡ് കാലത്ത് അതിസുരക്ഷ വാഗ്ദാനം ചെയ്യുന്ന എയര്‍ സാനിറ്റൈസര്‍... സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിച്ച പ്രദര്‍ശനമേളയായ വ്യാപാര്‍ 2022 ശ്രദ്ധേയമായത് സ്റ്റാളുകളിലെ ഉല്‍പ്പന്ന വൈവിധ്യങ്ങളിലൂടെയാണ്. സംസ്ഥാനത്തിന്റെ വിവിധി ഭാഗങ്ങളില്‍നിന്നുള്ള സംരഭകരും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകളുമാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പ്രദര്‍ശന മൈതാനിയില്‍ ഏവരെയും അതിശയിപ്പിക്കുന്ന കാഴ്ചകളൊരുക്കിയത്.

ഭക്ഷ്യസംസ്‌കരണം, റബര്‍ അധിഷ്ഠിതം, കൈത്തറി- വസ്ത്രം, കയര്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍, കരകൗശലം എന്നീ മേഖലകളിലായി 330 സ്റ്റാളുകളാണ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന മേളയില്‍ പങ്കെടുത്തത്. ഭക്ഷ്യസംസ്‌കരണവുമായി ബന്ധപ്പെട്ട 150 ഓളം സ്റ്റാളുകളാണുണ്ടായിരുന്നത്. ഏതാണ്ട് അഞ്ച് വര്‍ഷമായി ചക്ക വ്യവസായത്തിന് നല്ലകാലമാണെന്ന് ചക്കക്കൂട്ടം എന്ന കൂട്ടായ്മയിലെ അംഗവും സംരംഭകനുമായ അശോക് പറഞ്ഞു. നവംബര്‍ ഡിസംബര്‍ മാസങ്ങളിലൊഴികെ ചക്ക ലഭിക്കാന്‍ യാതൊരു പ്രയാസവുമില്ല. സാധാരണ വറുവല്‍ പലഹാരമെന്ന നിലയിലും ഔഷധമൂല്യമുള്ള ഭക്ഷ്യോല്‍പ്പന്നമെന്ന നിലയിലും ചക്കയുടെ ഡിമാന്റ് കൂടിവരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശയിനം പഴവര്‍ഗങ്ങളും നാട്ടില്‍ പൊതുവെ ഇല്ലാത്ത പഴ വര്‍ഗങ്ങളുടെയും പാനീയങ്ങളും മേളയില്‍ ഇടം പിടിച്ചിട്ടുണ്ട്. പാഷന്‍ ഫ്രൂട്ട്, ഞാവല്‍, കിവി, മുതലായ പഴവര്‍ഗങ്ങളുടെ പാനീയത്തിന് മികച്ച ഡിമാന്റാണെന്ന് സംരംഭകനായ മനോജ് എം ജോസഫ് പറഞ്ഞു. കറിപ്പൊടികള്‍, തേന്‍, ഔഷധമൂല്യമുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് മറ്റ് സ്റ്റാളുകള്‍.
പ്രളയം-കൊവിഡ് എന്നിവ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കൈത്തറി മേഖല ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയുമായാണ് മേളയിലെത്തിയത്. ഇപ്പോള്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയെന്നാണ് പറവൂരിലെ കൈത്തറി തൊഴിലാളിയായ മോഹനന്‍ പി സി പറയുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈത്തറിക്ക് നല്‍കിയ പ്രചാരം ഏറെ ഫലം കണ്ടിട്ടുണ്ട്. സ്വകാര്യ സംരംഭകരും ധാരാളമായി കൈത്തറിക്ക് ഓര്‍ഡറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത കുറഞ്ഞതും ഈ തൊഴിലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലെ കുറവും മൂലം ആവശ്യത്തിനനുസരിച്ച് വസ്ത്രം നല്‍കാനാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.
എംഎസ്എംഇ വിപണി വികസിപ്പിക്കുന്നതിന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നുള്ള ബോധവല്‍ക്കരണവും വ്യാപാറിന്റെ തിളക്കം കൂട്ടി. ഇ-കൊമേഴ്സില്‍ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് സെല്ലര്‍ സെക്യൂരിറ്റി പ്രാക്ടീസുകള്‍ നഷ്ടപരിഹാരം ഉറപ്പുനല്‍കുന്നതിനാല്‍ ഉല്‍പ്പന്നം, ജിഎസ്ടി രജിസ്ട്രേഷന്‍ രേഖ എന്നിവ മാത്രം കൊണ്ട് ഓണ്‍ലൈന്‍ വിപണനം തുടങ്ങാമെന്ന് 'സംഭരണ നടപടിക്രമങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിച്ച ഫ്ളിപ്കാര്‍ട്ടിന്റെ ദക്ഷിണേന്ത്യയിലെ സംഭരണ വിഭാഗം മാനേജര്‍ ധനഞ്ജയ് ശര്‍മ്മ പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ് എങ്ങനെയാണ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ ഡെപ്യൂട്ടി ചീഫ് (ഡിഎഫ്എഫ്സിഎല്‍) തന്‍വീര്‍ ഖാന്‍ വിശദീകരിച്ചു.
ആദ്യ രണ്ട് ദിവസം ബയര്‍-സെല്ലര്‍ കൂടിക്കാഴ്ചകളാണ് വ്യാപാറില്‍ നടന്നത്. അവസാന ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് കൂടി മേളയില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ടായിരുന്നു. വ്യത്യസ്ത മേഖലകളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകളായതിനാല്‍ അവയെ നേരിട്ട് അറിയാനും സാധ്യതകളും അവസരങ്ങളും മനസിലാക്കാനുള്ള വേദി കൂടിയായിരുന്നു മേള. കേരളത്തിലെ നിരവധി പുതുസംരഭകരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
കൂടാതെ, വ്യവസായ വകുപ്പിന് കീഴിലുള്ള സംരംഭക പ്രോത്സാഹനങ്ങളും പദ്ധതികളും അടുത്തറിയാനുള്ള സ്റ്റാളും മേളയില്‍ ഒരുക്കിയിരുന്നു. എംഎസ്എംഇ കള്‍ക്ക് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതുതലമുറ വിപണനതന്ത്രങ്ങള്‍ പരിചയിക്കാനും ദേശീയ വിപണി കണ്ടെത്താനുമുള്ള അവസരവും വ്യപാറില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it