ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; സെപ്റ്റംബര്‍ 24

1. ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയ്‌ക്കെല്ലാം ഒറ്റ കാര്‍ഡ്; നിര്‍ദേശവുമായി അമിത് ഷാ

രാജ്യത്തെ ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക് എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കാവുന്ന വിവിധോദ്ദേശ്യ കാര്‍ഡാണ് നിര്‍ദേശത്തില്‍ പറയുന്നത്.

2. പാരാരിവട്ടം മേല്‍പാലം പുതുക്കിപ്പണിയുന്നതിന്റെ 18 കോടി ചെലവ് ആര്‍ഡിഎസില്‍ നിന്നും ഈടാക്കും

പാലാരിവട്ടം മേല്‍പാലം പുതുക്കിപ്പണിയാന്‍ ചെലവാകുന്ന 18 കോടി രൂപ നിര്‍മാതാക്കളായ ആര്‍ഡിഎസ് പ്രോജക്ടില്‍ നിന്ന് ഈടാക്കും. കമ്പനിക്കു മരാമത്ത് വകുപ്പ് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. നിലവില്‍ ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആലപ്പുഴ ബൈപാസ്, കഴക്കൂട്ടം മേല്‍പ്പാലം എന്നിവ തുടരാനും നിര്‍ദേശം.

3. റബര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ കമ്പനി രൂപീകരിച്ചു; മുഖ്യമന്ത്രി

റബറില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ കൊച്ചി- രാജ്യാന്തര വിമാനത്താവളം (സിയാല്‍) മാതൃകയില്‍ സര്‍ക്കാര്‍ കമ്പനി രൂപീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണാറയില്‍ കൃഷി വകുപ്പ് സ്ഥാപിക്കുന്ന ബനാന-ഹണി അഗ്രോ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടന വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടന്നത്. റബര്‍ മേഖലയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

4. റെയില്‍ നിര്‍മാണ മേഖലയിലേക്ക് വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനായി വിദേശ കമ്പനികളെ രാജ്യത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഇപ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ അതോറിറ്റിക്കും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിനും ഇന്ത്യന്‍ റെയില്‍വേ ആവശ്യപ്പെടുന്ന അളവില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയാത്തതിനാലാണ് സര്‍ക്കാര്‍ പുതിയ രീതി ആലോചിക്കുന്നത്.

5. പെട്രോൾ ഡീസൽ വില കുതിക്കുന്നു; വിലക്കയറ്റത്തിനു കാരണമായേക്കും

ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് രാജ്യത്ത് വര്‍ധിച്ചത്. ദില്ലിയില്‍ പെട്രോള്‍ നിരക്കില്‍ 27 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ഡീസലിനാകട്ടെ 18 പൈസയും കൂടി. ദില്ലിയില്‍ പെട്രോള്‍ വില ഞായറാഴ്ച ലിറ്ററിന് 73.62 രൂപയും ഡീസലിന് 66.74 രൂപയുമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it