പതഞ്ജലി ‘കൊറോണില്‍’ തട്ടിപ്പ്; മദ്രാസ് ഹൈക്കോടതി 10 ലക്ഷം രൂപ പിഴ വിധിച്ചു

ജനങ്ങളുടെ ഭീതി മുതലാക്കി അന്യായ ലാഭത്തിനു ശ്രമിച്ചു

Patanjali chased profits by exploiting public fear: Madras HC imposes Rs 10 lakh fine on firm
-Ad-

ജനങ്ങളുടെ കൊറോണ ഭീതി മുതലാക്കി അന്യായ ലാഭം നേടാന്‍ ‘കൊറോണില്‍’ എന്ന പേരില്‍ ഉത്പന്നം പുറത്തിറക്കിയതിന്റെ പേരില്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് മദ്രാസ് ഹൈക്കോടതി 10 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു.കോവിഡ്19 നെതിരായ ബൂസ്റ്റര്‍ ടാബ്ലറ്റ് എന്ന വിശേഷണവുമായി ‘കൊറോണില്‍’ ഇറക്കുന്നതില്‍ നിന്ന് പതഞ്ജലിയെ വിലക്കി നേരത്തെ പുറപ്പെടുവിച്ച ഇന്‍ജംക്ഷന്‍ ഉത്തരവ് അസ്ഥിരപ്പെടുത്താന്‍ കോടതി തയ്യാറായില്ല.

ബിസിനസ് മേഖലയിലും പടര്‍ന്നുകയറിയ  യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദത്തിന് കനത്ത തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധിയുണ്ടായത് ചെന്നൈ ആസ്ഥാനമായുള്ള അരുദ്ര എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിന്മേലാണ്.
വ്യാപാരമുദ്ര നിയമപ്രകാരം അരുദ്ര എഞ്ചിനീയറിംഗ് ‘കൊറോണിന്‍ -92 ബി’  എന്ന പേരില്‍ ഒരു ആസിഡ് ഇന്‍ഹിബിറ്റര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു 1993 ജൂണില്‍ ഇത് രജിസ്റ്റര്‍ ചെയ്തിട്ടും, കോവിഡ് -19 മഹാമാരി പശ്ചാത്തലത്തില്‍ പതഞ്ജലി അതിന്റെ ഇമ്മ്യൂണിറ്റി ബൂസ്റ്ററിന് ഈ പേര് സ്വീകരിച്ചതായി കമ്പനി വ്യക്തമാക്കി. 2027 വരെ വ്യാപാരമുദ്രയില്‍ അരുദ്രയ്ക്ക് നിയമപ്രകാരം അവകാശമുണ്ട്.

കേന്ദ്രം ഇടപെടുന്നതുവരെ കൊവിഡിനെതിരെയുള്ള മരുന്ന് എന്ന വാദമാണ് കമ്പനി മുന്നോട്ടുവച്ചതെന്നു കോടതി വിമര്‍ശിച്ചു. കൊറോണ വൈറസിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്കിടയിലെ ഭയവും പരിഭ്രാന്തിയും മുതലെടുത്ത് അവര്‍ കൂടുതല്‍ ലാഭം നേടാനാണ് ശ്രമിച്ചതെന്നു കോടതി നിരീക്ഷിച്ചു. കൊറോണില്‍ ടാബ്ലെറ്റ് യഥാര്‍ത്ഥത്തില്‍ ചുമ, ജലദോഷം, പനി  പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നാണെന്നു ജസ്റ്റിസ് കാര്‍ത്തികേയന്‍ പറഞ്ഞു.

-Ad-

‘കൊറോണില്‍’  ടാബ്ലെറ്റ് വിതരണം ചെയ്തതിന് പതഞ്ജലിക്കും മേല്‍നോട്ടം വഹിച്ചതിന് ദിവ്യ മന്ദിര്‍ യോഗയ്ക്കും കോടതി പിഴ വിധിച്ചു. വ്യാപാരമുദ്രകളുടെ രജിസ്ട്രി ഉപയോഗിച്ച് നടത്താവുന്ന ലളിതമായ പരിശോധനയില്‍ ‘കൊറോണില്‍’ ഒരു രജിസ്റ്റര്‍ ചെയ്ത വ്യാപാരമുദ്രയാണെന്ന് വെളിപ്പെടുമായിരുന്നു. എന്നിട്ടും ആ പേര് കമ്പനി ഉപയോഗിച്ചു. ഇത് ദയാപൂര്‍വമായ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നു ജസ്റ്റിസ് കാര്‍ത്തികേയന്‍ പറഞ്ഞു.10 ലക്ഷം രൂപ പിഴയില്‍ ആഗസ്റ്റ് 21നകം കമ്പനി അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 5 ലക്ഷം രൂപയും സര്‍ക്കാര്‍ യോഗ, പ്രകൃതിചികിത്സാ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 5 ലക്ഷം രൂപയും നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here