നികുതിദായകരുടെ പ്രതീക്ഷ പാളി; ‘പ്ലാറ്റ്‌ഫോം’ സമര്‍പ്പണ പ്രസംഗത്തിലൊതുങ്ങി മോദി

നികുതി ദായകരെ നേരിട്ടു കാണാതെ ഇനി ഫേയ്‌സ്ലെസ് ഇ-അസസ്മെന്റ്, അപ്പീല്‍ സംവിധാനങ്ങള്‍

PM Modi launches Transparent Taxation platform to benefit honest taxpayers
-Ad-

നികുതിദായകര്‍ക്ക് സഹായകമായ വലിയ പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താന്‍ പോകുന്നുവെന്ന പ്രചാരണം വെറുതെയായി. പ്രത്യക്ഷ നികുതി ബോര്‍ഡിനു കീഴില്‍ ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍ പദ്ധതിയുടെ ഭാഗമായി ‘സുതാര്യമായ നികുതി സമര്‍പ്പണം; സത്യസന്ധര്‍ക്ക് ആദരം’ എന്ന പേരിലുള്ള പുതിയ പ്ലാറ്റ്‌ഫോം രാജ്യത്തിനു സമര്‍പ്പിച്ച ചടങ്ങിലെ എങ്ങും തൊടാതെയുള്ള പ്രസംഗത്തിനപ്പുറം ജനങ്ങള്‍ പ്രതീക്ഷിച്ച തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല.

പ്രത്യക്ഷ നികുതി നിയമം ലളിതമാക്കല്‍, നികുതി നിരക്ക് കുറയ്ക്കല്‍ തുടങ്ങിയവയും പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വ്യാപകമായിരുന്നു.അതേസമയം, നികുതി നടപടികള്‍ ലഘൂകരിക്കാനും നികുതിദായകരെ സഹായിക്കാനുമുള്ള പ്ലാറ്റ്‌ഫോം ആണ് പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിനു സമര്‍പ്പിച്ചത്. രാജ്യത്തിന്റെ പുരോഗതിയില്‍ വലിയ ചുവടുവയ്പാണ് ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു.ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ളതാണ് പുതിയ പ്രവര്‍ത്തന സംവിധാനം.

‘നിയമങ്ങളും നയങ്ങളും ജനകേന്ദ്രീകൃതവും ജനസൗഹാര്‍ദപരവുമാക്കുന്നതിനാണ് ഊന്നല്‍. പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്ന സമയമുണ്ടായിരുന്നു. നിര്‍ബ്ബന്ധങ്ങള്‍ക്കും സമര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് തീരുമാനങ്ങളെടുത്തിരുന്നത്. ഇതിനാല്‍ ആഗ്രഹിച്ച ഫലമുണ്ടാക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഈ ചിന്തയും സമീപനവും മാറി. നമ്മുടെ നികുതി സംവിധാനം തടസ്സമില്ലാത്തതും വേദനിപ്പിക്കാത്തതും മുഖംനോക്കാത്തതുമാക്കാനാണ് ശ്രമം.’- മോദി പറഞ്ഞു.

-Ad-

പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫേയ്‌സ്ലെസ് അസസ്‌മെന്റ്, ഫേയ്‌സ്ലെസ് അപ്പീല്‍, ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍ തുടങ്ങിയവ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുന്നു. ഫേയ്‌സ്ലെസ് അപ്പീല്‍ സേവനം സെപ്റ്റംബര്‍ 25ന് നിലവില്‍ വരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്ന തരത്തില്‍ പരിഷ്‌കരിച്ചിരിക്കുന്നു.

ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണ് ഫേയ്‌സ്ലെസ്  ഇ-അസസ്മെന്റ്.നിലവില്‍ അതാത് ജില്ലകളിലുള്ള ഉദ്യോഗസ്ഥരെയാണ് അസസ്മെന്റ് പ്രക്രിയക്കു നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂര്‍ണമായും കംപ്യൂട്ടര്‍ അല്‍ഗൊരിതം ഉപയോഗിച്ചായിരിക്കും ഇനി പ്രവര്‍ത്തനം. ഫേയ്‌സ്ലെസ്  അപ്പീല്‍ സംവിധാനം സെപ്റ്റംബര്‍ 25-ഓടെ നിലവില്‍വരും. നികുതിദായകരുമായി അനഭിമതമായ ഇപെടലുകള്‍ക്കുള്ള സാഹചര്യം ഇതില്‍നിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടല്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളില്‍ തീര്‍പ്പു കല്‍പ്പിക്കാനും പുതിയ സംവിധാനം കൊണ്ടു കഴിയുമെന്നാണു പ്രതീക്ഷ.

നികുതി വകുപ്പില്‍നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് കംപ്യൂട്ടര്‍ വഴിയുള്ള പ്രത്യേക തിരിച്ചറിയല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി. ആദായനികുതി കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ‘വിവാദ് സെ വിശ്വാസ്’ പദ്ധതി നടപ്പാക്കിയിരുന്നു.മന്ത്രിമാരായ നിര്‍മല സീതാരാമന്‍, അനുരാഗ് ഠാക്കൂര്‍, ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകര്‍ തുടങ്ങിയവര്‍ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here