പ്രണോയ് റോയിക്കെതിരെ സി.ബി.ഐ കേസെടുത്തു

വിദേശ നിക്ഷേപ (എഫ്.ഡി.ഐ) നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് എന്‍.ഡി.ടിവി പ്രൊമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. എന്‍.ഡി.ടിവിയുടെ മുന്‍ സി.ഇ.ഒ വിക്രമാദിത്യ, പേരു വെളിപ്പെടുത്താത്ത ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പ്രതികളാണ്.ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

2016 ല്‍ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത പ്രാഥമിക അന്വേഷണത്തിന്റെ ഫലമാണ് എഫ്.ഐ.ആര്‍ എന്ന് സി.ബി.ഐ അധികൃതര്‍ അറിയിച്ചു. 2004 മെയ് മുതല്‍ 2010 മെയ് വരെ ഹോളണ്ട്, ബ്രിട്ടണ്‍, ദുബായ്, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളില്‍ എന്‍.ഡി ടിവി സ്ഥാപിച്ച 32 അനുബന്ധ സ്ഥാപനങ്ങളിലൂടെ വിദേശ പണം ഒഴുക്കിയെന്നാണ് ആരോപണം. ഈ കമ്പനികളില്‍ ഭൂരിഭാഗവും ബിസിനസ്സ് ഇടപാട് നടത്തിയിട്ടില്ലെന്നും വിദേശത്ത് നിന്ന് ഫണ്ട് കൊണ്ടുവരുന്നതിനു തുടങ്ങിയതാണെന്നും സി.ബി.ഐ പറയുന്നു.

അതേസമയം, ആരോപണങ്ങള്‍ എന്‍.ഡി ടിവി ശക്തമായി നിഷേധിച്ചു.'എന്‍.ഡി ടിവിക്കും അതിന്റെ സ്ഥാപകര്‍ക്കും ഈ നിര്‍ണായക സമയത്ത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. മാത്രമല്ല കമ്പനിയുടെ മാധ്യമപ്രവര്‍ത്തനം പ്രതിബദ്ധതയോടെ തുടരും. ഞങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ല. മാധ്യമസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനുള്ള വലിയ പോരാട്ടമാണുണ്ടാകേണ്ടത്. ഇന്ത്യ എല്ലായ്‌പ്പോഴും ഇത്തരം പോരാട്ടങ്ങളെ പന്തുണച്ചിട്ടുണ്ട്'-എന്‍.ഡി ടിവി പ്രസ്താവനയില്‍ അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it