രാജ്യത്തുടനീളം സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേക്കു പദ്ധതി

കൂടുതല്‍ ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു.റെയില്‍ ശൃംഖലയിലുടനീളം 109 സര്‍വീസുകള്‍ 12 ക്ലസ്റ്ററുകളായി തിരിച്ചാണ് സ്വകാര്യവത്കരണ നീക്കം. 16 കോച്ചുകള്‍ വീതമുള്ള 150 ട്രെയിനുകളിലൂടെ സ്വകാര്യമേഖലയില്‍ നിന്നുള്ള 3,000 കോടി രൂപയുടെ മുതല്‍മുടക്ക് ഈ പദ്ധതിക്ക് ലഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം കരുതുന്നു.

ഇതിനായി റെയില്‍വേ സ്വകാര്യ മേഖലയില്‍ നിന്ന് നിര്‍ദ്ദേശം ക്ഷണിച്ചു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ട്രെയിനുകള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഡ്രൈവറെയും ഗാര്‍ഡിനെയും റെയില്‍വേ നല്‍കും. ആധുനികവല്‍ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ വിമാനങ്ങളിലേതിന് സമാനമായ സൌകര്യങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ലഭിക്കുമെന്നാണു നിരീക്ഷണം. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കും.സ്വകാര്യമേഖലയുടെ പങ്കാളിത്തം റെയില്‍വേയ്ക്ക് പുതുജീവന്‍ നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.

അറ്റകുറ്റപ്പണി ചെലവും യാത്രാ സമയവും കുറയ്ക്കല്‍, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, മെച്ചപ്പെട്ട സുരക്ഷ, യാത്രക്കാര്‍ക്ക് ലോകോത്തര യാത്രാ അനുഭവം എന്നിവയ്ക്കായി ആധുനിക റോളിംഗ് സ്റ്റോക്ക് ടെക്‌നോളജി അവതരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.പരമാവധി 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടും. ഓരോ ട്രെയിനും എടുക്കുന്ന സമയം അതാത് റൂട്ടിലെ ഇപ്പോഴത്തെ അതിവേഗ ട്രെയിനിനോട് താരതമ്യപ്പെടുത്താവുന്നതോ വേഗതയുള്ളതോ ആയിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ ദിനംപ്രതി ദശലക്ഷക്കണക്കിന് ആളുകളാണ് കശ്മീരിനും കന്യാകുമാരിക്കും ഇടയിലുള്ള റൂട്ടുകളില്‍ യാത്ര ചെയ്യുന്നത്. ബ്രിട്ടീഷ് രാജിന്റെ പാരമ്പര്യമായ റെയില്‍വേ വര്‍ഷങ്ങളായി അവഗണന, ദുര്‍ബലമായ നിക്ഷേപം, നയപരമായ തളര്‍ച്ച എന്നിവയാലാണ് തളര്‍ച്ചയിലായതെന്ന വിദഗ്ധ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യവല്‍ക്കരണ നീക്കം പുരോഗമിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it