കാര്‍ഷിക വായ്പ: എന്‍.പി.എ മാനദണ്ഡം ഇളവ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരിച്ചടവു മുടങ്ങിയ കാര്‍ഷിക വായ്പകളുടെ നിഷ്്ക്രിയ ആസ്തി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു.തിരിച്ചടവു മുടങ്ങിയതിന്റെ പേരിലുള്ള അനന്തര നടപടികള്‍ മരവിപ്പിക്കലും കാര്‍ഷിക മേഖലയ്ക്കുള്ള പലിശ ഇളവനുവദിക്കുന്ന പദ്ധതിയുടെ വിപുലീകരണവുമാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്്.

ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള ഹ്രസ്വകാല കാര്‍ഷിക വിള വായ്പകളുമായി ബന്ധപ്പെട്ട് ആസ്തി വര്‍ഗ്ഗീകരണ മാനദണ്ഡങ്ങളില്‍ 2020 ജൂണ്‍ 30 വരെ ഉചിതമായ ഇളവ് വരുത്തുന്നത് പരിഗണിക്കാനാണ് മന്ത്രാലയം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് അയച്ച കത്തില്‍ പറയുന്നത്.കോവിഡ് -19 പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം രാജ്യത്ത് നിലനില്‍ക്കുന്ന അഭൂതപൂര്‍വമായ സാഹചര്യം കണക്കിലെടുത്തുള്ള നിര്‍ദ്ദേശമാണിതെന്നും കത്തിലുണ്ട്.

കാര്‍ഷിക മേഖലയ്ക്കുള്ള പലിശ ഇളവനുവദിക്കുന്നതിന് എന്‍പിഎ മാനദണ്ഡങ്ങളില്‍ ഭേദഗതി ആവശ്യമാണ്. റിസര്‍വ് ബാങ്കിന്റെ അസറ്റ് ക്ലാസിഫിക്കേഷന്‍ മാനദണ്ഡമനുസരിച്ച്, 90 ദിവസത്തില്‍ കൂടുതല്‍ തിരിച്ചടവ് നടക്കാത്ത വായ്പയെ ബാങ്കുകള്‍ നിഷ്‌ക്രിയമായി കണക്കാക്കുന്നു.

2020 ജൂണ്‍ 30 നകം വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള പ്രോല്‍സാഹന നടപടിയുടെ ഭാഗമായാണ് എന്‍ പി എ മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കുന്നത്.ഇതിനു പുറമേ സാമ്പത്തിക ആശ്രിത പാക്കേജിന് അന്തിമരൂപം നല്‍കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ടാസ്‌ക് ഫോഴ്സും കാര്‍ഷിക മേഖലയ്ക്കായുള്ള ശിപാര്‍ശകള്‍ പരിഗണിച്ചുവരുന്നതായാണ് സൂചന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it